Top Spec

The Top-Spec Automotive Web Portal in Malayalam

എക്സ്ചേഞ്ച് സൗകര്യവുമായി ഭാരത് ബെൻസ്

പുതിയ സൗകര്യം ഏർപ്പെടുത്തിയതായി ഡൈമ്ലർ ഇന്ത്യ കമേഴ്‌സ്യൽ വെഹിക്കിൾസ്

ഉപയോഗിച്ച വാണിജ്യ വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും ‘ഭാരത് ബെൻസ് എക്സ്ചേഞ്ച്’ സൗകര്യം ആരംഭിച്ചതായി ഡൈമ്ലർ ഇന്ത്യ കമേഴ്‌സ്യൽ വെഹിക്കിൾസ് (ഡിഐസിവി) പ്രഖ്യാപിച്ചു.

മറ്റ് കമ്പനികളുടെ പഴയ വാണിജ്യ വാഹനങ്ങൾ  നൽകി പകരം ഭാരത് ബെൻസിന്റെ ഉപയോഗിച്ചതോ പുതിയതോ ആയ ട്രക്കുകൾ സ്വന്തമാക്കാവുന്നതാണ്. ഭാരത് ബെൻസ് ഉടമകൾക്കാണെങ്കിൽ അവരുടെ പഴയ ട്രക്ക് നൽകി ഉപയോഗിച്ച  വേറെ മോഡൽ ഭാരത് ബെൻസ് ട്രക്കോ പുതിയതോ കൊണ്ടുപോകാവുന്നതാണ്.

അറ്റകുറ്റപ്പണികളെല്ലാം തീർത്ത്  ഗുണനിലവാരം പൂർണമായും ഉറപ്പ് വരുത്തിയവയാവും ഭാരത് ബെൻസിന്റെ ഉപയോഗിച്ച ട്രക്കുകളെന്ന് ഡിഐസിവി മാനേജിങ് ഡയറക്റ്റർ സത്യകം ആര്യ പറഞ്ഞു. ഭാരത് ബെൻസ് ഉടമകളുടെ എണ്ണം വർധിച്ചുവരുന്നത് ഉപയോഗിച്ച വാഹനങ്ങളുടെ വിപണിയിലേക്ക് കടക്കാൻ സാഹചര്യമൊരുക്കിയതായി അദ്ദേഹം വ്യക്തമാക്കി.

പഴയ വാഹനങ്ങളുടെ ബിസിനസ് ഡിജിറ്റലൈസ് ചെയ്യാൻ ഡിഐസിവി നടപടി സ്വീകരിച്ചുവരികയാണ്. ഭാരത്ബെൻസ്.കോം വെബ്സൈറ്റ് സന്ദർശിച്ചാൽ ഏതൊക്കെ പഴയ വാഹനങ്ങൾ ലഭ്യമാണ് തുടങ്ങിയ വിശദവിവരങ്ങൾ  അറിയാൻ കഴിയും. പഴയ വാഹനങ്ങളുടെ വിപണന രംഗത്തുള്ള വെബ്സൈറ്റുകളുമായി ധാരണയിലെത്താനും ശ്രമിച്ചുവരുന്നു.