Top Spec

The Top-Spec Automotive Web Portal in Malayalam

എംജിയുടെ പുതിയ ഇവി ‘വിന്‍ഡ്സര്‍’; വൈകാതെ അനാവരണം ചെയ്യും

  • പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചു
  • അന്താരാഷ്ട്ര വിപണികളില്‍ വൂലിംഗ് ക്ലൗഡ് ഇവി എന്ന പേരിലാണ് വില്‍പ്പന
  • രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകള്‍ നല്‍കിയേക്കാം
  • ഉത്സവ സീസണിന് മുന്നോടിയായി സെപ്റ്റംബറില്‍ ലോഞ്ച് നടക്കും

ഗുരുഗ്രാം: ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ വിപണിയിലെത്തിക്കുന്ന പുതിയ ഇവിയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചു. വിന്‍ഡ്സര്‍ ഇവി എന്ന പേരിലായിരിക്കും സിയുവി പുറത്തിറക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് ഔദ്യോഗിക ടീസര്‍ പുറത്തുവിട്ടിരുന്നു. ഇന്ത്യാ സ്‌പെക് വേര്‍ഷന്‍ വൈകാതെ അനാവരണം ചെയ്യും. ഉത്സവ സീസണിന് മുന്നോടിയായി സെപ്റ്റംബറില്‍ ലോഞ്ച് നടക്കും. ആഗോള വിപണികളില്‍ വൂലിംഗ് ക്ലൗഡ് ഇവി എന്ന പേരിലാണ് വില്‍പ്പന.

വിദേശ മണ്ണില്‍ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ് മോഡല്‍ ലഭിക്കുന്നത്. സിംഗിള്‍ ഫുള്‍ ചാര്‍ജില്‍ 460 കിമീ റേഞ്ച് തരുന്ന 50.6 കിലോവാട്ട് ഔര്‍ ബാറ്ററി പാക്കും 360 കിമീ റേഞ്ച് വാഗ്ദാനം ചെയ്യുന്ന 37.9 കിലോവാട്ട് ഔര്‍ ബാറ്ററി പാക്കുമാണ് ഓപ്ഷനുകള്‍.

രൂപകല്‍പ്പനയുടെ കാര്യത്തില്‍, വിന്‍ഡ്സര്‍ ഇവിയുടെ മുന്നിലും പിന്നിലും എല്‍ഇഡി ലൈറ്റ് ബാറുകള്‍, സ്പ്ലിറ്റ് ഹെഡ്‌ലാംപ് ഡിസൈന്‍, തടിച്ച അലോയ് വീലുകള്‍, ഡോറില്‍ ഘടിപ്പിച്ച ഒആര്‍വിഎമ്മുകള്‍, ഇന്റഗ്രേറ്റഡ് സ്പോയ്‌ലര്‍, ചതുരാകൃതിയില്‍ എല്‍ഇഡി ടെയില്‍ലൈറ്റുകള്‍, ഫ്‌ളഷ് ഫിറ്റിംഗ് ഡോര്‍ ഹാന്‍ഡിലുകള്‍ എന്നിവ പ്രതീക്ഷിക്കുന്നു.

അകത്ത്, ഡാഷ്ബോര്‍ഡില്‍ ഡുവല്‍ സ്‌ക്രീന്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, അഡാസ് സ്യൂട്ട്, 360 ഡിഗ്രി ക്യാമറ, കണക്റ്റഡ് കാര്‍ ടെക്നോളജി, പവേര്‍ഡ് സീറ്റുകള്‍ എന്നിവയുമായി എംപിവി വരാനാണ് സാധ്യത. പനോരമിക് സണ്‍റൂഫ്, 2 സ്‌പോക്ക് സ്റ്റിയറിംഗ് വളയം തുടങ്ങിയ ചില ഫീച്ചറുകള്‍ ഇതിനകം സ്ഥിരീകരിച്ചു.