Top Spec

The Top-Spec Automotive Web Portal in Malayalam

ടാറ്റ കര്‍വ് എസ്‌യുവി കൂപ്പെ ഓഗസ്റ്റ് ഏഴിന് വിപണിയില്‍!

  • ആദ്യം ഇലക്ട്രിക് വാഹനമായി പുറത്തിറക്കും. ഐസിഇ വേര്‍ഷന്‍ പിന്നീട്
  • ഇന്ത്യയിലെ ആദ്യ മാസ് മാര്‍ക്കറ്റ് എസ്‌യുവി കൂപ്പെ ആയിരിക്കും ടാറ്റ കര്‍വ്
  • ടാറ്റ നെക്സോണിനെ അടിസ്ഥാനമാക്കിയാണ് കര്‍വ് വിപണിയിലെത്തിക്കുന്നത്
  • നെക്സോണിനേക്കാള്‍ 313 എംഎം നീളവും 62 എംഎം വീല്‍ബേസും കൂടുതലായിരിക്കും

മുംബൈ: ടാറ്റ കര്‍വ് എസ്‌യുവി കൂപ്പെ ഓഗസ്റ്റ് 7 ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഇന്ത്യയിലെ ആദ്യ മാസ് മാര്‍ക്കറ്റ് എസ്‌യുവി കൂപ്പെ ആയിരിക്കും കര്‍വ്.

ടാറ്റ നെക്സോണിനെ അടിസ്ഥാനമാക്കിയാണ് കര്‍വ് വിപണിയിലെത്തിക്കുന്നത്. സമാനമായ ഡിസൈന്‍ ലാംഗ്വേജ് നല്‍കിയിരിക്കുന്നു. ടാറ്റയുടെ തനത് സ്പ്ലിറ്റ് എല്‍ഇഡി ഹെഡ്‌ലാംപ് സെറ്റപ്പ്, വശങ്ങളില്‍ ധാരാളം ഗ്ലോസ് ബ്ലാക്ക് ക്ലാഡിംഗ്, സ്പ്ലിറ്റ് ടെയില്‍ ലാംപ് സെറ്റപ്പ്, കൂപ്പെകളില്‍ കാണുന്നതു പോലുള്ള റൂഫ്‌ലൈന്‍ എന്നിവയുണ്ടാകും. വ്യത്യസ്ത ബംപറുകളും എല്‍ഇഡി ലൈറ്റുകളും നല്‍കി ഇവി, ഐസിഇ വേര്‍ഷനുകള്‍ വേറിട്ടതാക്കാന്‍ സാധ്യതയുണ്ട്. അളവുകളുടെ കാര്യത്തില്‍, ടാറ്റ നെക്സോണിനേക്കാള്‍ 313 എംഎം നീളവും 62 എംഎം വീല്‍ബേസും കൂടുതലായിരിക്കും.

ഹാരിയര്‍, സഫാരി മോഡലുകള്‍ ഉപയോഗിക്കുന്നതു പോലെ 4 സ്പോക്ക് ഇല്യുമിനേറ്റഡ് സ്റ്റിയറിംഗ് വളയം നല്‍കും. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനായി 10.25 ഇഞ്ച് സ്‌ക്രീനും ഡിജിറ്റല്‍ ഡയലുകളും ഇവരില്‍ നിന്ന് കടം വാങ്ങും. അതേസമയം, ചില സവിശേഷമായ സ്വിച്ച്ഗിയറും അധിക ഫീച്ചറുകളും നല്‍കി ഇവി വേര്‍ഷനെ വ്യത്യസ്തമാക്കും. വയര്‍ലെസ് ചാര്‍ജര്‍, 360 ഡിഗ്രി ക്യാമറ, വെന്റിലേറ്റഡ് സീറ്റുകള്‍, കണക്റ്റഡ് കാര്‍ ഫീച്ചറുകള്‍, പനോരമിക് സണ്‍റൂഫ് എന്നിവ മറ്റ് ശ്രദ്ധേയ ഫീച്ചറുകളായിരിക്കും.

ടാറ്റ കര്‍വ് പെട്രോള്‍ പതിപ്പിന് പുതിയ 125 എച്ച്പി പുറപ്പെടുവിക്കുന്ന, 1.2 ലിറ്റര്‍, 3 സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ കരുത്തേകും. മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സുകള്‍ ചേര്‍ത്തുവെയ്ക്കും. അതേസമയം, നെക്സോണിന്റെ 1.5 ലിറ്റര്‍, 4 സിലിണ്ടര്‍ എന്‍ജിനായിരിക്കും ഡീസല്‍ വേര്‍ഷന്‍ ഉപയോഗിക്കുന്നത്. ഇലക്ട്രിക് പതിപ്പിന് ടാറ്റയുടെ രണ്ടാം തലമുറ acti.ev ആര്‍ക്കിടെക്ചര്‍ നല്‍കും. പൂര്‍ണ ചാര്‍ജില്‍ 450-500 കിലോമീറ്റര്‍ റേഞ്ച് ലഭിച്ചേക്കും.

ആദ്യം ടാറ്റ കര്‍വ് ഇവി വിപണിയിലെത്തും. ഏകദേശം 20 ലക്ഷം രൂപ മുതല്‍ വില ആരംഭിക്കും. നെക്സോണ്‍ ഇവിയുടെ മുകളിലും വരാനിരിക്കുന്ന ഹാരിയര്‍ ഇവിയുടെ താഴെയുമായിരിക്കും സ്ഥാനം. ഐസിഇ വേര്‍ഷന്‍ പിന്നീട് പുറത്തിറക്കും. ഏകദേശം 10-11 ലക്ഷം രൂപയായിരിക്കും വില. വരാനിരിക്കുന്ന ഹ്യുണ്ടായ് ക്രെറ്റ ഇവി, മാരുതി ഇവിഎക്‌സ്, എംജി സെഡ്എസ് ഇവി എന്നിവയായിരിക്കും ടാറ്റ കര്‍വ് ഇവിയുടെ എതിരാളികള്‍. അതേസമയം, മിഡ്‌സൈസ് എസ്‌യുവികളായ കിയ സെല്‍റ്റോസ്, മാരുതി ഗ്രാന്‍ഡ് വിറ്റാര, ഹ്യുണ്ടായ് ക്രെറ്റ എന്നിവയുമായി ഐസിഇ വേര്‍ഷന്‍ മത്സരിക്കും.