Top Spec

The Top-Spec Automotive Web Portal in Malayalam

ഇവികളുമായി മാരുതിക്കാലം സൃഷ്ടിക്കുമെന്ന് ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ

  • എംജി മോട്ടോറും ജെഎസ്ഡബ്ല്യു ഗ്രൂപ്പും ചേര്‍ന്നുള്ള പുതിയ സംയുക്ത സംരംഭം ഔദ്യോഗികമായി പ്രഖ്യാപിച്ചു
  • 2030 ഓടെ ഇന്ത്യയില്‍ ഒരു മില്യണ്‍ ന്യൂ എനര്‍ജി വാഹനങ്ങള്‍ വില്‍ക്കുകയാണ് ലക്ഷ്യം
  • എല്ലാ മൂന്ന് മുതല്‍ ആറ് വരെ മാസം കൂടുമ്പോഴും ഓരോ പുതിയ കാര്‍ പുറത്തിറക്കും

എംജി മോട്ടോറും ജെഎസ്ഡബ്ല്യു ഗ്രൂപ്പും ചേര്‍ന്നുള്ള പുതിയ സംയുക്ത സംരംഭം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് സംയുക്ത സംരംഭത്തിന്റെ പേര്.

ഇലക്ട്രിക് വാഹനങ്ങളുമായി ഇന്ത്യയില്‍ മാരുതിക്കാലം സൃഷ്ടിക്കുമെന്ന് ജെഎസ്ഡബ്ല്യു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സജ്ജന്‍ ജിന്‍ഡാല്‍ മുംബൈയില്‍ നടന്ന ചടങ്ങില്‍ പറഞ്ഞു. ഓട്ടോമോട്ടീവ് ബിസിനസില്‍ ജെഎസ്ഡബ്ല്യു ഗ്രൂപ്പിന് വലിയ അഭിലാഷങ്ങളുണ്ടെന്നും 2030 ഓടെ ഇന്ത്യയില്‍ 10 ലക്ഷം ന്യൂ എനര്‍ജി വാഹനങ്ങള്‍ (എന്‍ഇവി) വില്‍ക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുവഴി രാജ്യത്തെ എന്‍ഇവി വിപണിയുടെ മൂന്നിലൊന്ന് പിടിച്ചെടുക്കുകയാണ് പദ്ധതി. ഇലക്ട്രിക് വാഹനങ്ങളും ഹൈബ്രിഡ് വാഹനങ്ങളുമാണ് എന്‍ഇവി എന്നതിലൂടെ എംജി മോട്ടോര്‍ ഉദ്ദേശിക്കുന്നത്. എല്ലാ മൂന്ന് മുതല്‍ ആറ് വരെ മാസം കൂടുമ്പോഴും ഓരോ പുതിയ കാര്‍ പുറത്തിറക്കുമെന്ന് ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ സ്റ്റിയറിംഗ് കമ്മിറ്റി അംഗം പാര്‍ത്ഥ് ജിന്‍ഡാല്‍ അറിയിച്ചു.

ഇന്ത്യയില്‍ എംജി ബ്രാന്‍ഡിന്റെ വളര്‍ച്ച തുടരാന്‍ അനുയോജ്യമായ പ്രാദേശിക പങ്കാളിയെ ജെഎസ്ഡബ്ല്യു ഗ്രൂപ്പില്‍ കണ്ടെത്തിയതായി എംജി മോട്ടോര്‍ ഇന്ത്യ സിഇഒ എമരിറ്റസ് രാജീവ് ചാബ പ്രസ്താവിച്ചു. അഞ്ച് വര്‍ഷത്തിനുള്ളില്‍ ശക്തമായ അടിത്തറയാണ് ടീം എംജി ഇന്ത്യ സ്ഥാപിച്ചത്. പുതിയ സംയുക്ത സംരംഭത്തോടെ എംജി 2.0 എന്ന പുതിയ അധ്യായം ആരംഭിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവില്‍, ഗുജറാത്തിലെ ഹാലോള്‍ പ്ലാന്റിലാണ് എംജി മോട്ടോര്‍ കാറുകള്‍ നിര്‍മിക്കുന്നത്. പ്രതിവര്‍ഷ ഉല്‍പ്പാദന ശേഷി നിലവിലെ ഒരു ലക്ഷത്തില്‍ നിന്ന് 3 ലക്ഷം യൂണിറ്റായി ഉയര്‍ത്തുമെന്ന് ഗ്രൂപ്പ് വ്യക്തമാക്കി.