Top Spec

The Top-Spec Automotive Web Portal in Malayalam

ബിഎംഡബ്ല്യുവിന് ഇന്‍ഫൊടെയ്ന്‍മെന്റ് സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കാന്‍ ആക്‌സിയ

കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുന്‍നിര ഓട്ടോമോട്ടീവ് സോഫ്റ്റ്‌വെയര്‍ കമ്പനിയാണ് ആക്‌സിയ ടെക്‌നോളജീസ്

ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ബിഎംഡബ്ല്യുവിന്റെ നൂതന ഇന്‍ഫൊടെയ്ന്‍മെന്റ് പദ്ധതിയില്‍ സഹകരിക്കാനുള്ള അവസരം സ്വന്തമാക്കി കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുന്‍നിര ഓട്ടോമോട്ടീവ് സോഫ്റ്റ്‌വെയര്‍ കമ്പനിയായ ആക്‌സിയ ടെക്‌നോളജീസ്. നാവിഗേഷന്‍ മേഖലയില്‍ ലോകത്തെ മുന്‍നിര കമ്പനിയായ ഗാര്‍മിന്‍ തങ്ങളുടെ സോഫ്റ്റ്‌വെയര്‍ ഡെവലപ്മെന്റ് സേവനദാതാക്കളായി ആക്‌സിയ ടെക്‌നോളജീസിനെ തെരഞ്ഞെടുക്കുകയായിരുന്നു. ഇതോടെ നൂതന ഇന്‍ഫൊടെയ്ന്‍മെന്റ് സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിന് ജര്‍മനി ആസ്ഥാനമായ എഒഎക്‌സ് ടെക്‌നോളജീസുമായി ആക്‌സിയ കൈകോര്‍ത്തിരിക്കുകയാണ്.

വാഹനങ്ങളില്‍ ഓഡിയോ, വീഡിയോ ഉള്‍പ്പെടെ വിനോദവും വിവരങ്ങളും നല്‍കുന്നതിന് രൂപകല്‍പ്പന ചെയ്തിട്ടുള്ള ഹാര്‍ഡ്‌വെയര്‍, സോഫ്റ്റ്‌വെയര്‍ പ്ലാറ്റ്‌ഫോമാണ് ഇന്‍ഫൊടെയ്ന്‍മെന്റ്. ടെക്നോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആക്‌സിയ ടെക്‌നോളജീസ് ഇതുമായി ബന്ധപ്പെട്ട കരാര്‍ ഗാര്‍മിനുമായി ഒപ്പുവെച്ചു. പ്രധാന സോഫ്റ്റ്‌വെയര്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് ആക്‌സിയയുടെ തിരുവനന്തപുരം ഡെലിവറി സെന്ററിലായിരിക്കും. തിരുവനന്തപുരത്ത് എന്‍ജിനീയറിംഗ് ടീമിനെ വികസിപ്പിക്കുന്നതോടൊപ്പം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് എന്‍ജിനീയര്‍മാരുടെ സംഘത്തെ ജര്‍മനിയിലേക്ക് അയയ്ക്കുകയും ചെയ്യും.

ലോകത്തെ പ്രമുഖ കാര്‍ നിര്‍മാതാക്കള്‍ക്കും മുന്‍നിര കമ്പനികള്‍ക്കും ഇന്‍ഫൊടെയ്ന്‍മെന്റ്, കണക്റ്റഡ് കാര്‍ പ്രൊഡക്ഷന്‍ പ്രോഗ്രാമുകള്‍ വികസിപ്പിക്കുന്നതില്‍ വര്‍ഷങ്ങളുടെ പരിചയസമ്പത്ത് അവകാശപ്പെടുന്ന കമ്പനിയാണ് ആക്‌സിയ. ടിസാക്‌സ്, ആസ്‌പൈസ് ഉള്‍പ്പെടെ എല്ലാ നിര്‍ബന്ധിത സര്‍ട്ടിഫിക്കേഷനുകളും നേടിയവയാണ് ആക്‌സിയയുടെ ഡെവലപ്‌മെന്റ് സെന്ററുകള്‍.

ലോകമെങ്ങുമുള്ള ഉപയോക്താക്കള്‍ക്ക് മികച്ച സേവനം ലഭ്യമാക്കുന്ന സ്ഥാപനമാണ് ആക്‌സിയ എന്നും അവരുമായുള്ള പങ്കാളിത്തം തങ്ങളുടെ പ്രവര്‍ത്തനങ്ങളെ മികവുറ്റതാക്കാന്‍ സഹായിക്കുമെന്നും ഗാര്‍മിന്‍ ഓട്ടോമോട്ടീവ് ഒഇഎം എന്‍ജിനീയറിംഗ് വിഭാഗം വൈസ് പ്രസിഡന്റ് ക്രെയ്ഗ് പുഡര്‍ പറഞ്ഞു. ഉപയോക്താക്കള്‍ക്ക് ഡിജിറ്റല്‍ കോക്ക്പിറ്റുകള്‍ ലഭ്യമാക്കുന്നതിന് ഈ സഹകരണത്തില്‍ ഏറെ പ്രതീക്ഷയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏറെ വെല്ലുവിളികള്‍ നിറഞ്ഞ പദ്ധതിയില്‍ ആക്‌സിയ പോലൊരു വിശ്വസ്ത പങ്കാളിയുമായി കൈകോര്‍ക്കാന്‍ സാധിച്ചതില്‍ സന്തോഷിക്കുന്നതായും ഈ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കുമെന്നും എഒഎക്സ് കണക്റ്റ് മാനേജിംഗ് ഡയറക്ടര്‍ മാര്‍ക്കസ് കിസെന്‍ഡോര്‍ഫര്‍ പ്രസ്താവിച്ചു.

നീണ്ട മൂല്യനിര്‍ണയ പ്രക്രിയകളിലൂടെയാണ് ഗാര്‍മിന്‍ തങ്ങളെ തിരഞ്ഞെടുത്തതെന്ന് ആക്‌സിയ ടെക്‌നോളജീസ് സിഇഒ ജിജിമോന്‍ ചന്ദ്രന്‍ പറഞ്ഞു. ആഗോള കാര്‍ നിര്‍മാതാക്കള്‍ക്കായി ഓട്ടോമോട്ടീവ് സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുന്ന ചുരുക്കം ഇന്ത്യന്‍ കമ്പനികളിലൊന്നാണ് ആക്‌സിയ. ആഗോള വാഹന മേഖലയില്‍ തങ്ങളുടെ ഉറച്ച ചുവടുവെയ്പ്പാവുകയാണ് ഈ സഹകരണം. ആക്‌സിയ ടെക്‌നോളജീസിലെ എന്‍ജിനീയര്‍മാര്‍ക്കും വരാനിരിക്കുന്ന പ്രതിഭകള്‍ക്കും നിലവിലെ ആഗോള ബ്രാന്‍ഡുകള്‍ കൂടാതെ ഒരു ലോകോത്തര ബ്രാന്‍ഡുമായി പ്രവര്‍ത്തിക്കാനുള്ള അവസരമാണ് വന്നുചേര്‍ന്നിരിക്കുന്നത്. ഇത്രയും സുപ്രധാനമായ പ്രോജക്ടിന് ആക്‌സിയ ടെക്‌നോളജീസിനെ തെരഞ്ഞെടുത്തതില്‍ ഗാര്‍മിന്‍ മാനേജ്മെന്റിന് ജിജിമോന്‍ ചന്ദ്രന്‍ നന്ദി അറിയിച്ചു.

കേരള സര്‍ക്കാരിന്റെ നൈപുണ്യ വികസന പദ്ധതിയായ അസാപ്പില്‍ ഓട്ടോമോട്ടീവ് സംബന്ധമായ കോഴ്സുകളില്‍ വിദഗ്ധ പരിശീലനം നല്‍കുന്നതിന് ആക്‌സിയ സഹകരിച്ചുവരുന്നു. എന്‍ജിനീയറിംഗ് പ്രതിഭകളെ കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി കമ്പനി ഇതിനകം സംസ്ഥാനത്തെ വിവിധ എന്‍ജിനീയറിംഗ് കോളേജുകളില്‍ തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിച്ചു. വരാനിരിക്കുന്ന എന്‍ജിനീയറിംഗ് പ്രൊഫഷണലുകള്‍ക്ക് കൂടി ഏറെ ഗുണകരമാകുന്നതാണ് പുതിയ പ്രോജക്ട് എന്ന് കമ്പനി വിലയിരുത്തുന്നു.