ടാറ്റ സിയറ നവംബര്‍ 25 ന്; ടാറ്റ മോട്ടോഴ്‌സിന്റെ ആദ്യ എസ്‌യുവിയുടെ തിരിച്ചുവരവ് പ്രഖ്യാപിച്ചു

1990 കളില്‍ ഇന്ത്യന്‍ എസ്‌യുവി വിപണിയെ ഇളക്കിമറിച്ച ഓട്ടോമോട്ടീവ് ഇതിഹാസത്തിന്റെ പുനരുജ്ജീവനം

റെട്രോ ഡിസൈന്‍, ഫ്യൂച്ചറിസ്റ്റിക് സാങ്കേതികവിദ്യ, വൈവിധ്യമാര്‍ന്ന പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ എന്നിവയോടെയാണ് ടാറ്റ സിയറ തരംഗം സൃഷ്ടിക്കാന്‍ പോകുന്നത്

ഈ വര്‍ഷത്തെ ഭാരത് മൊബിലിറ്റി എക്സ്പോയില്‍ ഉല്‍പ്പാദനത്തിന് തയ്യാറെടുത്ത സിയറ പ്രദര്‍ശിപ്പിച്ചിരുന്നു

വൈകാതെ ഇലക്ട്രിക് വേര്‍ഷന്‍ പ്രതീക്ഷിക്കാം

ന്യൂഡല്‍ഹി: തങ്ങളുടെ ആദ്യ എസ്‌യുവികളിലൊന്നായ ടാറ്റ സിയറയുടെ തിരിച്ചുവരവ് ടാറ്റ മോട്ടോഴ്സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. നവംബര്‍ 25 ന് ലോഞ്ച് ചെയ്യുമെന്നാണ് സ്ഥിരീകരണം. 1990 കളില്‍ ഇന്ത്യന്‍ എസ്‌യുവി വിപണിയെ ഇളക്കിമറിച്ച ഓട്ടോമോട്ടീവ് ഇതിഹാസത്തിന്റെ പുനരുജ്ജീവനമാണ് കമ്പനി നടത്തുന്നത്. പുതിയ സിയറയില്‍ ഗൃഹാതുരതയും ആധുനിക പരിഷ്‌കാരങ്ങളും സംയോജിപ്പിക്കുകയാണ് ടാറ്റ. നൂതന രൂപകല്‍പ്പനയും സാങ്കേതികവിദ്യയും കൂട്ടിച്ചേര്‍ത്ത് ഒറിജിനല്‍ വാഹനത്തിന്റെ കാലാതീതമായ ഛായാരൂപം പുന:സൃഷ്ടിക്കപ്പെടുന്നു. സിയറ എന്ന നെയിംപ്ലേറ്റ് പുനരുജ്ജീവിപ്പിക്കുന്നതോടെ ഇന്ത്യയുടെ ഓട്ടോമോട്ടീവ് പാരമ്പര്യം പുതിയ തലമുറയ്ക്കായി പുനര്‍നിര്‍വചിക്കപ്പെടുകയാണ്. റെട്രോ ഡിസൈന്‍, ഫ്യൂച്ചറിസ്റ്റിക് സാങ്കേതികവിദ്യ, വൈവിധ്യമാര്‍ന്ന പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ എന്നിവയോടെയാണ് ടാറ്റ സിയറ തരംഗം സൃഷ്ടിക്കാന്‍ പോകുന്നത്.

ഈ വര്‍ഷത്തെ ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോയില്‍ ഉല്‍പ്പാദനത്തിന് തയ്യാറെടുത്ത സിയറ പ്രദര്‍ശിപ്പിച്ചിരുന്നു. തനത് ബോക്സി സ്റ്റാന്‍സ്, ഉയര്‍ന്ന ബോണറ്റ്, ചതുരാകൃതിയുള്ള വീല്‍ ആര്‍ച്ചുകള്‍ എന്നിവ ടാറ്റ സിയറ നിലനിര്‍ത്തും. സ്പ്ലിറ്റ് എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, മൂഴുവന്‍ വീതിയിലുമായി എല്‍ഇഡി ഡിആര്‍എല്‍ ബാര്‍, ഗ്ലോസ് ബ്ലാക്ക് ഗ്രില്‍, സില്‍വര്‍ സ്‌കിഡ് പ്ലേറ്റ് എന്നിവയെല്ലാം നല്‍കിയിരിക്കുന്ന പ്രൊഡക്ഷന്‍ റെഡി വേര്‍ഷനില്‍ ബോള്‍ഡ് റോഡ് പ്രസന്‍സ് കാണാന്‍ കഴിയും. പിറകില്‍, കണക്റ്റഡ് എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, ഫ്‌ളാറ്റ് ടെയില്‍ഗേറ്റ്, നിവര്‍ന്ന അനുപാതങ്ങള്‍ തുടങ്ങിയ ഡിസൈന്‍ സൂചകങ്ങള്‍ ഒറിജിനല്‍ സിയറയുടെ ഐഡന്റിറ്റി അനുസ്മരിപ്പിക്കുന്നതാണ്. ഫ്‌ളഷ് ഡോര്‍ ഹാന്‍ഡിലുകള്‍, കരുത്തുറ്റ ക്ലാഡിംഗ്, തെളിഞ്ഞുകാണുന്ന ഷോള്‍ഡര്‍ ലൈന്‍ തുടങ്ങിയ ഫിനിഷിംഗ് ടച്ചുകള്‍ എസ്‌യുവിയുടെ റഗഡ് അപ്പീല്‍ വര്‍ധിപ്പിക്കും.

അകത്ത്, ഇന്റീരിയര്‍ ഡിസൈനിലും ഇന്‍-കാര്‍ സാങ്കേതികവിദ്യയിലും വലിയ കുതിപ്പ് നടത്തുകയാണ് ടാറ്റ. പുതിയ ട്രിപ്പിള്‍ സ്‌ക്രീന്‍ സജ്ജീകരണത്തോടെയാണ് പുതിയ സിയറ അരങ്ങേറ്റം നടത്തുന്നത്. ഒരു ടാറ്റ മോഡലില്‍ ഇത് ആദ്യമാണ്. ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, ഇന്‍ഫൊടെയ്ന്‍മെന്റ് ടച്ച്സ്‌ക്രീന്‍, ഫ്രണ്ട് പാസഞ്ചര്‍ ഡിസ്പ്ലേ എന്നിവ ഒറ്റ ഗ്ലാസ് പാനലില്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ പനോരമിക് ഡിസ്പ്ലേ ലേഔട്ട്. ഫ്യൂച്ചറിസ്റ്റിക്, മിനിമലിസ്റ്റ് കോക്ക്പിറ്റ് ആണ് ടാറ്റ വാഗ്ദാനം ചെയ്യുന്നത്.

പ്രീമിയം സോഫ്റ്റ് ടച്ച് മെറ്റീരിയലുകള്‍, മെറ്റാലിക് ആക്സന്റുകള്‍, ടച്ച് അധിഷ്ഠിത സെന്റര്‍ കണ്‍സോള്‍ എന്നിവ ക്യാബിന് ഉന്നത നിലവാരം പുലര്‍ത്തുന്ന ലുക്ക് നല്‍കും. മാത്രമല്ല, ഇല്യുമിനേറ്റഡ് ടാറ്റ ലോഗോ സഹിതം ഫ്‌ളാറ്റ് ബോട്ടം സ്റ്റിയറിംഗ് വളയത്തിലാണ് നിങ്ങള്‍ കൈവെയ്ക്കാന്‍ പോകുന്നത്. അഡാസ് (അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ്), കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യ, വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റി തുടങ്ങിയ നൂതന ഫീച്ചറുകള്‍ സിയറയില്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.

168 ബിഎച്ച്പി കരുത്തും 350 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നതും ഹാരിയര്‍, സഫാരി എന്നിവയില്‍ മികവ് തെളിയിച്ചതുമായ 2.0 ലിറ്റര്‍ ക്രയോടെക് ഡീസല്‍ എന്‍ജിന്‍ കൂടാതെ പുതിയ 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനും ലഭ്യമായിരിക്കും. 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക് (ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍) എന്നിവ രണ്ട് പവര്‍ട്രെയിനുകളുടെയും ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളായിരിക്കും. വൈകാതെ ഇലക്ട്രിക് വേര്‍ഷന്‍ പ്രതീക്ഷിക്കാം.

ടാറ്റയുടെ നൂതന Acti.EV പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കുന്ന ഇലക്ട്രിക് സിയറയില്‍, മെച്ചപ്പെട്ട പ്രകടനത്തിനും നിയന്ത്രണത്തിനുമായി ഓള്‍ വീല്‍ ഡ്രൈവ് വാഗ്ദാനം ചെയ്യുന്ന ഇരട്ട മോട്ടോറുകള്‍ ഉണ്ടായിരിക്കും. 500 കിലോമീറ്ററില്‍ കൂടുതല്‍ ഡ്രൈവിംഗ് റേഞ്ച് ഉറപ്പാക്കുന്ന വിവിധ ബാറ്ററി പായ്ക്ക് ഓപ്ഷനുകള്‍ പ്രതീക്ഷിക്കുന്നു. അര്‍ബന്‍ ഉപയോക്താക്കളെയും സാഹസികത ഇഷ്ടപ്പെടുന്നവരെയും ഇക്കാര്യങ്ങള്‍ ആകര്‍ഷിക്കും.