2026 എംജി ഹെക്ടര്‍ ഫേസ്‌ലിഫ്റ്റ് വിപണിയില്‍

5 സീറ്റര്‍ വേര്‍ഷന് 11.99 ലക്ഷം രൂപയിലും 7 സീറ്റര്‍ ഹെക്ടര്‍ പ്ലസിന് 17.29 ലക്ഷം രൂപയിലും എക്‌സ് ഷോറൂം വില ആരംഭിക്കുന്നു

ഇപ്പോള്‍ പുതിയ കാലിഡോണ്‍ ബ്ലൂ, പേള്‍ വൈറ്റ് നിറങ്ങളില്‍ ലഭ്യമായിരിക്കും

കൊച്ചി: ഫേസ്‌ലിഫ്റ്റ് ചെയ്ത എംജി ഹെക്ടര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 2026 എഡിഷന്റെ 5 സീറ്റര്‍ വേര്‍ഷന് 11.99 ലക്ഷം രൂപയിലും 7 സീറ്റര്‍ ഹെക്ടര്‍ പ്ലസിന് 17.29 ലക്ഷം രൂപയിലുമാണ് എക്‌സ് ഷോറൂം വില ആരംഭിക്കുന്നത്. 2019 ല്‍ പുറത്തിറങ്ങിയതിനു ശേഷം ഹെക്ടറിന് ലഭിക്കുന്ന മൂന്നാമത്തെ പ്രധാന അപ്ഡേറ്റാണിത്. ഇപ്പോള്‍ പുതിയ കാലിഡോണ്‍ ബ്ലൂ, പേള്‍ വൈറ്റ് എക്സ്റ്റീരിയര്‍ നിറങ്ങളില്‍ ഹെക്ടര്‍ ലഭ്യമായിരിക്കും.

ഇത്തവണ, ഓറ ഹെക്സ് എന്ന പുതിയ ബോള്‍ഡ് ക്രോം ഗ്രില്‍, ക്രോം അലങ്കാരത്തോടെ മുന്നില്‍ പുനര്‍രൂപകല്‍പ്പന ചെയ്ത ബംപര്‍, പിന്നില്‍ പുതുക്കിപ്പണിത ബംപര്‍, ഓറ ബോള്‍ട്ട് എന്ന പേരില്‍ പുതിയ 18 ഇഞ്ച് ഡുവല്‍ ടോണ്‍ അലോയ് വീലുകള്‍ എന്നിവ എസ്‌യുവിയില്‍ നല്‍കിയിരിക്കുന്നു.

5 സീറ്റര്‍ വേര്‍ഷനില്‍ ഐവറി, കറുപ്പ് നിറങ്ങളിലും 7 സീറ്ററില്‍ കറുപ്പും ഇളംതവിട്ടു നിറങ്ങളിലുമായി ഡുവല്‍ ടോണ്‍ ഇന്റീരിയറുമായാണ് ഹെക്ടര്‍ ഫേസ്‌ലിഫ്റ്റ് വരുന്നത്. പോര്‍ട്രെയിറ്റ് രീതിയില്‍ പ്രതിഷ്ഠിച്ചിരുന്ന വലിയ ടച്ച്സ്‌ക്രീന്‍ നിലനിര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ഇത് ഇപ്പോള്‍ മള്‍ട്ടി ഫിംഗര്‍ സൈ്വപ്പുകള്‍ സപ്പോര്‍ട്ട് ചെയ്യും. കൂടാതെ അപ്ഗ്രേഡ് ചെയ്ത റാം നല്‍കി. ‘വീല്‍ വ്യൂ’ ഓപ്ഷന്‍ കൂടി ഉള്‍പ്പെടുന്നതാണ് ഇപ്പോള്‍ 360 ഡിഗ്രി ക്യാമറ ഫംഗ്ഷനെന്ന് ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ അറിയിച്ചു.

മാനുവല്‍ അല്ലെങ്കില്‍ സിവിടിയുമായി ചേര്‍ത്തുവെച്ച അതേ 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ തുടര്‍ന്നും കരുത്തേകും. 2.0 ലിറ്റര്‍ ഓയില്‍ ബര്‍ണറുമായി ഡീസല്‍ വേര്‍ഷന്‍ പിന്നീട് അവതരിപ്പിക്കും.

2026 എംജി ഹെക്ടര്‍ എക്‌സ് ഷോറൂം വില:
സ്‌റ്റൈല്‍ എംടി 11.99 ലക്ഷം രൂപ
സെലക്ട് പ്രോ എംടി 13.99 ലക്ഷം രൂപ
സ്മാര്‍ട്ട് പ്രോ എംടി 14.99 ലക്ഷം രൂപ
സ്മാര്‍ട്ട് പ്രോ സിവിടി 16.29 ലക്ഷം രൂപ
ഷാര്‍പ്പ് പ്രോ എംടി 16.79 ലക്ഷം രൂപ
ഷാര്‍പ്പ് പ്രോ സിവിടി 18.09 ലക്ഷം രൂപ
സാവി പ്രോ സിവിടി 18.99 ലക്ഷം രൂപ

2026 എംജി ഹെക്ടര്‍ പ്ലസ് എക്‌സ് ഷോറൂം വില:
ഷാര്‍പ്പ് പ്രോ എംടി 17.29 ലക്ഷം രൂപ
ഷാര്‍പ്പ് പ്രോ സിവിടി 18.59 ലക്ഷം രൂപ
സാവി പ്രോ സിവിടി 19.49 ലക്ഷം രൂപ