ക്ലാസിക് ഹിമാലയന്‍ ഡ്രൈവുമായി യോകോഹാമ സഹകരിക്കും

പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന സംഘടിത സാഹസിക മോട്ടോറിംഗ് ആണ് ക്ലാസിക് ഹിമാലയന്‍ ഡ്രൈവ്

നൂറിലധികം ക്ലാസിക്, വിന്റേജ് കാറുകള്‍ പങ്കെടുക്കും. ഇന്ത്യ, യൂറോപ്പ്, യുകെ, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്ന് പങ്കാളിത്തം ഉണ്ടായിരിക്കും

1980 കളിലെ ഹിമാലയന്‍ റാലികളുടെ ചരിത്രം പേറുന്ന വഴികളിലൂടെയാണ് മോട്ടോറിംഗ് കടന്നുപോകുന്നത്

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ക്ലാസിക് ഹിമാലയന്‍ ഡ്രൈവുമായി പ്രമുഖ ടയര്‍ നിര്‍മാതാക്കളായ യോകോഹാമ ഇന്ത്യ സഹകരിക്കും. പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന സംഘടിത സാഹസിക മോട്ടോറിംഗ് ആണ് ക്ലാസിക് ഹിമാലയന്‍ ഡ്രൈവ്. 1980 കളിലെ ഹിമാലയന്‍ റാലികളുടെ ചരിത്രം പേറുന്ന വഴികളിലൂടെയാണ് ക്ലാസിക് ഹിമാലയന്‍ ഡ്രൈവ് കടന്നുപോകുന്നത്. ഈ മേഖലയിലെ ഏറ്റവും മനോഹരവും വെല്ലുവിളി നിറഞ്ഞതുമായ ഭൂപ്രദേശങ്ങളിലൂടെ ആയിരിക്കും യാത്ര.

നവംബര്‍ രണ്ടിന് ആരംഭിക്കുന്ന ഡ്രൈവില്‍ നൂറിലധികം മോട്ടോറിംഗ് പ്രേമികള്‍ പങ്കെടുക്കും. 1958 മെഴ്സേഡീസ് 180A, 1970 ഫോഡ് മസ്താംഗ്, 2000 മിനി കൂപ്പര്‍, ലെക്സസ് 470, ജാഗ്വാര്‍ XK8, മെഴ്‌സേഡീസ് 230 CE ഉള്‍പ്പെടെയുള്ള ക്ലാസിക്, വിന്റേജ് കാറുകളുടെ വൈവിധ്യമാര്‍ന്ന നിര ഡ്രൈവില്‍ അണിനിരക്കും. ഇന്ത്യ, യൂറോപ്പ്, യുകെ, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ള പങ്കാളിത്തം ഉണ്ടായിരിക്കും.

മസൂറി, ഋഷികേശ്, മനാലി തുടങ്ങിയ സ്ഥലങ്ങളിലൂടെ മോട്ടോറിംഗ് കടന്നുപോകും. സാഹസികത, മനക്കരുത്ത്, സഹവര്‍ത്തിത്വം എന്നിവയിലൂന്നി വിന്റേജ് മോട്ടോറിംഗ് പുനരുജ്ജീവിപ്പിക്കുകയാണ് ക്ലാസിക് ഹിമാലയന്‍ ഡ്രൈവിലൂടെ ലക്ഷ്യമിടുന്നത്.

പരിപാടിയുടെ ഭാഗമായി, നവംബര്‍ 9 ന് ചണ്ഡീഗഡിലെ യോകോഹാമ ക്ലബ് നെറ്റ്‌വര്‍ക്ക് – ബത്ര ടയേഴ്സില്‍ പ്രത്യേക പിറ്റ് സ്റ്റോപ്പ് സജ്ജീകരിക്കും. ഡ്രൈവില്‍ പങ്കെടുക്കുന്ന വാഹനങ്ങളുടെ ടയര്‍ പരിശോധനകള്‍, വീല്‍ അലൈന്‍മെന്റ്, ബാലന്‍സിംഗ് എന്നീ സര്‍വീസുകള്‍ ഇവിടെ ലഭ്യമായിരിക്കും. സന്ദര്‍ശകര്‍ക്ക് ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ക്ലാസിക് കാറുകള്‍ കാണാനുള്ള അവസരവും ഉണ്ടായിരിക്കും.