Top Spec

The Top-Spec Automotive Web Portal in Malayalam

നിസാന്‍ എക്‌സ്-ട്രെയ്ല്‍ വില പ്രഖ്യാപിച്ചു; 49.92 ലക്ഷം മുതല്‍

  • സിംഗിള്‍ ടോപ്-സ്‌പെക് വേരിയന്റില്‍ പുതിയ മൂന്നുനിര ഫ്‌ളാഗ്ഷിപ്പ് എസ്‌യുവി ലഭിക്കും
  • സിബിയു രീതിയില്‍ ഇന്ത്യയിലേക്ക് വിവിധ ബാച്ചുകളായി ഇറക്കുമതി ചെയ്യും
  • 161 ബിഎച്ച്പി, 300 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ 3 സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ കരുത്തേകും. മൈല്‍ഡ് ഹൈബ്രിഡ് ടെക് കൂടെ നല്‍കി

ന്യൂഡല്‍ഹി: നിസാന്‍ ഇന്ത്യ ഒടുവില്‍ തങ്ങളുടെ പുതിയ എക്‌സ്-ട്രെയ്ല്‍ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവിയുടെ വില പ്രഖ്യാപിച്ചു. ഒരു വേരിയന്റില്‍ മാത്രമായി മൂന്നുനിര എസ്‌യുവി ലഭിക്കും. എക്‌സ് ഷോറൂം വില 49.92 ലക്ഷം രൂപയാണ്. പേള്‍ വൈറ്റ്, ഷാംപെയ്ന്‍ സില്‍വര്‍, ഡയമണ്ട് ബ്ലാക്ക് എന്നിവ മൂന്ന് കളര്‍ ഓപ്ഷനുകളാണ്.

8 ഇഞ്ച് ഇന്‍ഫൊടെയ്ന്‍മെന്റ് സ്‌ക്രീന്‍, വയേര്‍ഡ് ആന്‍ഡ്രോയ്ഡ് ഓട്ടോ ആന്‍ഡ് ആപ്പിള്‍ കാര്‍പ്ലേ, ഡുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, 12 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 360 ഡിഗ്രി സറൗണ്ട് ക്യാമറ, വയര്‍ലെസ് ചാര്‍ജര്‍, പനോരമിക് സണ്‍റൂഫ് എന്നീ ഫീച്ചറുകള്‍ നല്‍കിയിരിക്കുന്നു. അതേസമയം, ലെതര്‍ സീറ്റ് അപോള്‍സ്റ്ററി, മുന്‍നിരയില്‍ പവേര്‍ഡ് ആന്‍ഡ് വെന്റിലേറ്റഡ് സീറ്റുകള്‍, അഡാസ് സ്യൂട്ട് എന്നിവ നല്‍കാന്‍ നിസാന്‍ ഇന്ത്യ തയ്യാറായതുമില്ല.

1.5 ലിറ്റര്‍ 3 സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് കരുത്തേകുന്നത്. ഈ മോട്ടോര്‍ 161 ബിഎച്ച്പി കരുത്തും 300 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും വിധം ട്യൂണ്‍ ചെയ്തിരിക്കുന്നു. സിവിടി ഗിയര്‍ബോക്‌സും പാഡില്‍ ഷിഫ്റ്ററുകളും ചേര്‍ത്തുവെച്ചു. മെച്ചപ്പെട്ട പെര്‍ഫോമന്‍സിനും ഇന്ധനക്ഷമതയ്ക്കുമായി മൈല്‍ഡ് ഹൈബ്രിഡ് ടെക് കൂടെ നല്‍കി.

സിബിയു (കംപ്ലീറ്റ്‌ലി ബില്‍റ്റ് യൂണിറ്റ്) രീതിയില്‍ ഇറക്കുമതി ചെയ്യുന്നതിനാലാണ് ഇത്തരമൊരു ഉയര്‍ന്ന വില നിശ്ചയിച്ചിരിക്കുന്നത്. ഫുള്‍ സൈസ് എസ്‌യുവി വിപണിയില്‍ ടൊയോട്ട ഫോര്‍ച്യൂണര്‍, എംജി ഗ്ലോസ്റ്റര്‍, സ്‌കോഡ കോഡിയാക്ക്, ഹ്യുണ്ടായ് ടൂസോണ്‍, ജീപ്പ് മെറിഡിയന്‍ എന്നിവ എതിരാളികളായിരിക്കും.