Top Spec

The Top-Spec Automotive Web Portal in Malayalam

കിയ ഇവി6 ലീസ് പ്ലാന്‍ ആരംഭിച്ചു; പ്രതിമാസം 1.29 ലക്ഷം രൂപ

  • ഡോക്ടര്‍മാര്‍ക്കും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ക്കും സ്വയംതൊഴില്‍ ചെയ്യുന്ന പ്രൊഫഷണലുകള്‍ക്കും മാത്രം
  • ഇന്‍ഷുറന്‍സ്, പരിപാലനം, പിക്ക്-അപ്പ് ആന്‍ഡ് ഡ്രോപ്പ്, ഷെഡ്യൂള്‍ഡ്/അണ്‍ഷെഡ്യൂള്‍ഡ് സര്‍വീസുകള്‍, 24×7 ആര്‍എസ്എ എന്നിവ പ്രതിമാസ വാടകയില്‍ ഉള്‍പ്പെടുന്നു
  • സോണറ്റ്, സെല്‍റ്റോസ്, കാരന്‍സ് മോഡലുകള്‍ക്കായി യഥാക്രമം 17,999, 23,999, 24,999 രൂപ നിരക്കുകളില്‍ കുറഞ്ഞ പ്രതിമാസ വാടക പ്ലാനുകളും ലഭ്യമാണ്

കിയ ഇവി6 ഇലക്ട്രിക് വാഹനത്തെ കിയ തങ്ങളുടെ ലീസ് പരിപാടിയില്‍ ഉള്‍പ്പെടുത്തി. ഡോക്ടര്‍മാര്‍ക്കും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ക്കും സ്വയംതൊഴില്‍ ചെയ്യുന്ന പ്രൊഫഷണലുകള്‍ക്കും മാത്രമായി 1.29 ലക്ഷം രൂപ പ്രതിമാസ വാടകയ്ക്ക് ഇവി ലഭിക്കും. രണ്ട് മാസം മുമ്പാണ് കിയ ഇവി6 വിപണിയില്‍ അവതരിപ്പിച്ചത്.

24 മുതല്‍ 60 വരെ മാസങ്ങളിലായി ‘കിയ ലീസ്’ ലഭ്യമായിരിക്കും. ഇന്‍ഷുറന്‍സ്, പരിപാലനം, പിക്ക്-അപ്പ് ആന്‍ഡ് ഡ്രോപ്പ്, ഷെഡ്യൂള്‍ഡ്/അണ്‍ഷെഡ്യൂള്‍ഡ് സര്‍വീസുകള്‍, 24×7 ആര്‍എസ്എ എന്നിവ പ്രതിമാസ വാടകയില്‍ ഉള്‍പ്പെടുന്നു.

ഒറ്റ പൂര്‍ണ ചാര്‍ജില്‍ 708 കിലോമീറ്റര്‍ വരെ റേഞ്ചാണ് കിയ ഇവി6 വാഗ്ദാനം ചെയ്യുന്നത്. 350 കിലോവാട്ട് ചാര്‍ജര്‍ ഉപയോഗിച്ച് 18 മിനിറ്റിനുള്ളില്‍ 0 മുതല്‍ 80 ശതമാനം വരെ ഫാസ്റ്റ് ചാര്‍ജിംഗ് സാധ്യമാണ്. മണിക്കൂറില്‍ 100 കിമീ വേഗത കൈവരിക്കാന്‍ 5.2 സെക്കന്‍ഡ് മതി.

എട്ട് എയര്‍ബാഗുകള്‍, ലെവല്‍ 2 അഡാസ് സ്യൂട്ട് എന്നിവ കൂടാതെ ഇഎസ്‌സി, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്ററിംഗ്, റിയര്‍ ക്രോസ്-ട്രാഫിക് അലര്‍ട്ട്, 360 ഡിഗ്രി ക്യാമറ സിസ്റ്റം തുടങ്ങി മറ്റ് ആക്റ്റിവ് ആന്‍ഡ് പാസിവ് സുരക്ഷാ ഫീച്ചറുകള്‍ നല്‍കിയിരിക്കുന്നു.

ഇവി6 കൂടാതെ, സോണറ്റ്, സെല്‍റ്റോസ്, കാരന്‍സ് എന്നീ മോഡലുകള്‍ക്കായി യഥാക്രമം 17,999, 23,999, 24,999 രൂപ നിരക്കുകളില്‍ കുറഞ്ഞ പ്രതിമാസ വാടക പ്ലാനുകളും ലഭ്യമാണ്.