Top Spec

The Top-Spec Automotive Web Portal in Malayalam

വിഎല്‍എഫ് ഇന്ത്യന്‍ വിപണിയിലേക്ക്

  • കെഎഡബ്ല്യു വെലോസ് മോട്ടോഴ്‌സുമായി സഹകരിച്ചാണ് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ ഇറ്റാലിയന്‍ ബ്രാന്‍ഡ് ആസൂത്രണം ചെയ്യുന്നത്
  • ഈ വര്‍ഷത്തെ ഉത്സവ സീസണില്‍ ടെന്നീസ് എന്ന ഇ-സ്‌കൂട്ടര്‍ പുറത്തിറക്കും
  • 1993 ല്‍ ഡിസൈനര്‍ അലസ്സാന്‍ന്ദ്രോ ടാര്‍ട്ടറിനിയാണ് വിഎല്‍എഫ് സ്ഥാപിച്ചത്
  • മഹാരാഷ്ട്രയിലെ കോലാപ്പൂരില്‍ നിര്‍മ്മാണ കേന്ദ്രം സ്ഥാപിക്കും
  • 2024 അവസാനത്തോടെ 15 ഡീലര്‍ഷിപ്പുകള്‍ പ്രവര്‍ത്തനക്ഷമമാക്കും. അടുത്ത വര്‍ഷം മാര്‍ച്ചോടെ ഡീലര്‍ഷിപ്പുകളുടെ എണ്ണം 50 ആയി ഉയര്‍ത്തും
  • ഇരുചക്രവാഹനങ്ങളുടെ ഉല്‍പ്പാദനം കൈകാര്യം ചെയ്യുന്നതിനൊപ്പം വിതരണ പങ്കാളിയും കെഎഡബ്ല്യു വെലോസ് മോട്ടോഴ്സ് ആയിരിക്കുമെന്ന് വിഎല്‍എഫ്

മുംബൈ: അതിവേഗം വളരുന്ന ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയില്‍ പ്രവേശിക്കുന്നതായി ഇറ്റാലിയന്‍ ഇലക്ട്രിക് ഇരുചക്രവാഹന ബ്രാന്‍ഡായ വിഎല്‍എഫ് പ്രഖ്യാപിച്ചു. കെഎഡബ്ല്യു വെലോസ് മോട്ടോഴ്‌സുമായി സഹകരിച്ചാണ് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നത്. ഈ വര്‍ഷത്തെ ഉത്സവ സീസണില്‍ ടെന്നീസ് എന്ന ഇ-സ്‌കൂട്ടര്‍ പുറത്തിറക്കും. 1993 ല്‍ ഡിസൈനര്‍ അലസ്സാന്‍ന്ദ്രോ ടാര്‍ട്ടറിനിയാണ് വിഎല്‍എഫ് സ്ഥാപിച്ചത്. മഹാരാഷ്ട്രയിലെ കോലാപ്പൂരില്‍ നിര്‍മ്മാണ കേന്ദ്രം സ്ഥാപിക്കുമെന്ന് കമ്പനി അറിയിച്ചു. കെഎഡബ്ല്യു ഗ്രൂപ്പിന്റെ ഈ മേഖലയിലെ ആറ് പതിറ്റാണ്ട് കാലത്തെ അനുഭവസമ്പത്ത് പ്രയോജനപ്പെടുത്തിയായിരിക്കും പ്രവര്‍ത്തനം.

ഒന്നാം നിര, രണ്ടാം നിര നഗരങ്ങളെ ലക്ഷ്യമിട്ട് രാജ്യമെങ്ങും ശക്തമായ ഡീലര്‍ ശൃംഖല സ്ഥാപിക്കുന്നതിനാണ് വിഎല്‍എഫ് ശ്രമിക്കുന്നത്. 2024 അവസാനത്തോടെ 15 ഡീലര്‍ഷിപ്പുകള്‍ പ്രവര്‍ത്തനക്ഷമമാക്കാനാണ് പദ്ധതി. അടുത്ത വര്‍ഷം മാര്‍ച്ചോടെ ഡീലര്‍ഷിപ്പുകളുടെ എണ്ണം 50 ആയി ഉയര്‍ത്തും. ഇരുചക്രവാഹനങ്ങളുടെ ഉല്‍പ്പാദനം കൈകാര്യം ചെയ്യുന്നതിനൊപ്പം വിതരണ പങ്കാളിയും കെഎഡബ്ല്യു വെലോസ് മോട്ടോഴ്സ് ആയിരിക്കുമെന്ന് വിഎല്‍എഫ് അറിയിച്ചു. അങ്ങേയറ്റം മത്സരാധിഷ്ഠിതവും നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്നതുമായ ഇന്ത്യന്‍ വിപണിക്കായി സ്‌റ്റൈലിഷും മികച്ച വ്യക്തിത്വവുമുള്ള ഉല്‍പ്പന്നങ്ങള്‍ സൃഷ്ടിക്കേണ്ടതുണ്ടെന്ന് ടാര്‍ട്ടറിനി പറഞ്ഞു.

ബ്രാന്‍ഡിംഗ് ആഗ്രഹത്തോടെയും പ്രീമിയം റൈഡിംഗ് അനുഭവങ്ങള്‍ നല്‍കുന്നതിനും താങ്ങാവുന്ന വിലയില്‍ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കും. ഇന്ത്യന്‍ ഇലക്ട്രിക് ഇരുചക്രവാഹന വിപണിയില്‍ വലിയ സ്വാധീനം ചെലുത്തുകയാണ് ഇറ്റാലിയന്‍ ബ്രാന്‍ഡിന്റെ ലക്ഷ്യം. വിഎല്‍എഫുമായി ചേര്‍ന്ന് ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് ഡിസൈനിലും പെര്‍ഫോമന്‍സിലും മികവ് പുലര്‍ത്തുന്ന നിരവധി ഇലക്ട്രിക് സ്‌കൂട്ടറുകള്‍ നല്‍കാനാണ് ആഗ്രഹിക്കുന്നതെന്ന് കെഎഡബ്ല്യു വെലോസ് മോട്ടോഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ തുഷാര്‍ ഷെല്‍കെ പറഞ്ഞു.