Top Spec

The Top-Spec Automotive Web Portal in Malayalam

കേറി വാടാ മക്കളേ! ഇന്ത്യ കാത്തിരിക്കുന്ന അഞ്ച് ഗ്ലോബല്‍ ക്രോസ്ഓവറുകള്‍

എസ്‌യുവികളുടെയും സെഡാനുകളുടെയും സ്വഭാവ സവിശേഷതകള്‍ ഒരുമിക്കുന്ന ക്രോസ്ഓവറുകള്‍ അവയിലെ സുഖസൗകര്യങ്ങള്‍, സ്‌റ്റൈലിഷ് ഡിസൈന്‍ എന്നിവ കാരണം ആഗോളതലത്തില്‍ വളരെയധികം ജനപ്രീതി നേടിയിട്ടുണ്ട്. ഈ വാഹനങ്ങള്‍ ഇന്ത്യയിലെ തിരക്കേറിയ നഗരങ്ങള്‍ക്കും വ്യത്യസ്തമായ റോഡ് സാഹചര്യങ്ങള്‍ക്കും അനുയോജ്യമാണ്. വാഹനം കുറേക്കൂടി മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്നതാണ് ക്രോസ്ഓവറുകളിലെ സസ്‌പെന്‍ഷന്‍ സംവിധാനങ്ങള്‍. മാത്രമല്ല, സുഗമമായ യാത്ര ഉറപ്പാക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ, അവ ഇന്ത്യന്‍ റോഡുകളിലെ മികച്ച വാഹനങ്ങളായി മാറുന്നു. ഇന്ത്യന്‍ കാര്‍ ഉപയോക്താക്കളെ ആവേശം കൊള്ളിക്കുന്ന അഞ്ച് ആഗോള ക്രോസ്ഓവറുകള്‍ ഇതാ:

ഹോണ്ട സിആര്‍-വി: ഇന്ന് ലഭ്യമായ ഏറ്റവും ആകര്‍ഷകമായ എവരിഡേ വാഹനങ്ങളിലൊന്നാണ് ഹോണ്ട സിആര്‍-വി. 204 എച്ച്പി പുറപ്പെടുവിക്കുന്ന ഹൈബ്രിഡ് പവര്‍ട്രെയിനിന്റെ പെര്‍ഫോമന്‍സ് മികച്ചതാണ്. കൂടാതെ ഒന്നാന്തരം സുഖസൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്നു. ആകര്‍ഷകമായ 9 ഇഞ്ച് ടച്ച്സ്‌ക്രീനും വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേയും ഉള്ളതിനാല്‍ കൂടുതല്‍ വിലയേറിയ കാറുകളുടെ ക്യാബിനുകളുമായി മത്സരത്തിലാണ്. വിശ്വസനീയവും സ്‌റ്റൈലിഷുമായ ക്രോസ്ഓവര്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് ഹോണ്ട സിആര്‍-വി മികച്ച തിരഞ്ഞെടുപ്പായിരിക്കും.

2024 വോള്‍വോ എക്‌സ്‌സി40: വലിയ പ്രായോഗികത, പ്രീമിയം ക്യാബിന്‍, നല്ല നിലവാരമുള്ള സാങ്കേതികവിദ്യ, സുരക്ഷയുടെ കാര്യത്തില്‍ വോള്‍വോയുടെ ഖ്യാതി എന്നിവയെല്ലാം ഉള്‍പ്പെടുത്തി ഊര്‍ജസ്വലമായ സ്വീഡിഷ് ഡിസൈനില്‍ വരുന്നതാണ് 2024 വോള്‍വോ എക്‌സ്‌സി40. നിങ്ങള്‍ക്കും നിങ്ങള്‍ക്ക് ഒപ്പമുള്ള യാത്രക്കാര്‍ക്കും വ്യക്തവും തടസ്സമില്ലാത്തതുമായ ആകാശക്കാഴ്ച്ച നല്‍കുന്നതാണ് പനോരമിക് റൂഫ്. എട്ട് സ്പീക്കറുകളോടു കൂടി ഹൈ-പെര്‍ഫോമന്‍സ് ഓഡിയോ സിസ്റ്റം വാഗ്ദാനം ചെയ്യുന്നു. കൂടാതെ 13 സ്പീക്കറുകള്‍ സഹിതം ഹാര്‍മന്‍ കാര്‍ഡണ്‍ പ്രീമിയം സൗണ്ട് സിസ്റ്റവും ലഭ്യമാണ്. ആഡംബരവും പ്രായോഗികതയും ഒരുപോലെ തുലനം ചെയ്തതാണ് ഈ ക്രോസ്ഓവര്‍. സുഖസൗകര്യങ്ങളും സ്‌റ്റൈലും തേടുന്ന കുടുംബങ്ങള്‍ക്കും ഇന്ത്യന്‍ നിരത്തുകള്‍ക്കും അനുയോജ്യമാണ് 2024 വോള്‍വോ എക്‌സ്‌സി40.

നിസാന്‍ റോഗ്: പ്രായോഗികത, സുഖസൗകര്യങ്ങള്‍, നൂതന ഫീച്ചറുകള്‍ എന്നിവയാല്‍ ആഗോളതലത്തില്‍ ബെസ്റ്റ് സെല്ലറാണ് നിസാന്‍ റോഗ്. പ്രോ പൈലറ്റ് അസിസ്റ്റ് എന്ന സാങ്കേതികവിദ്യ വഴി സെമി ഓട്ടോണമസ് ഡ്രൈവിംഗ് കഴിവുകള്‍ ലഭിച്ചതാണ് നിസാന്‍ റോഗിന്റെ ഏറ്റവും പുതിയ പതിപ്പുകള്‍. ഇതോടെ ഡ്രൈവിംഗ് അനുഭവം മെച്ചപ്പെടുന്നു. റോഗിന്റെ വിശിഷ്ടമായ ഇന്റീരിയറില്‍ സുഖകരവും വിശാലവുമായ സീറ്റിംഗ് നല്‍കിയതിലൂടെ യാത്രികര്‍ക്ക് സന്തോഷകരമായ യാത്ര ഉറപ്പാക്കുന്നു. മികച്ച ഇന്ധനക്ഷമത കൂടാതെ പൂര്‍ണവും നൂതനവുമായ ക്രോസ്ഓവര്‍ ആഗ്രഹിക്കുന്നവര്‍ക്ക് നിസാന്‍ റോഗ് ഇഷ്ടപ്പെടും.

എംജി ക്ലൗഡ് ഇവി: ഈ വര്‍ഷം പ്രതീക്ഷിക്കപ്പെടുന്ന എംജി ക്ലൗഡ് സിയുവി നിലവില്‍ ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണ ഓട്ടം നടത്തുകയാണ്. അളവുകളുടെ കാര്യത്തില്‍, നീളം, വീല്‍ബേസ് എന്നിവ യഥാക്രമം 4300 എംഎം, 2,700 എംഎം എന്നിങ്ങനെയാണ്. മൊത്തത്തിലുള്ള ഡിസൈന്‍ വളരെ വശ്യമാണ്. വളരെ ഫ്യൂച്ചറിസ്റ്റിക് ആയി കാണപ്പെടുന്നു. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റവുമുള്ള ഡുവല്‍ സ്‌ക്രീന്‍ സജ്ജീകരിച്ചേക്കാം. കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യ, പനോരമിക് സണ്‍റൂഫ്, ക്ലൈമറ്റ് കണ്‍ട്രോള്‍, പവേര്‍ഡ് സീറ്റുകള്‍, 360 ഡിഗ്രി ക്യാമറ തുടങ്ങിയ ഫീച്ചറുകള്‍ സാധ്യതാ പട്ടികയിലുണ്ട്. ഈ വര്‍ഷം അവസാനത്തോടെ ക്ലൗഡ് ഇവി അടിസ്ഥാനമാക്കി അഞ്ച് സീറ്റുകളുള്ള ഇലക്ട്രിക് ക്രോസ്ഓവര്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് എംജി. സിയുവി ആയതിനാല്‍ പ്രായോഗികതയും വിശാലമായ സ്ഥലസൗകര്യവും ഒരുമിച്ച് ഉണ്ടായിരിക്കും. ക്ലൗഡ് ഇവിയില്‍ നല്‍കുന്ന 38 കിലോവാട്ട് ഔര്‍ ബാറ്ററി പാക്ക് ഈ മോഡല്‍ ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ടെസ്‌ല റെഡ്‌വുഡ്: അത്യാധുനിക സാങ്കേതികവിദ്യയും അസാമാന്യ പെര്‍ഫോമന്‍സും സമ്മാനിക്കുന്ന ടെസ്‌ല റെഡ്‌വുഡ് ഇലക്ട്രിക് വാഹന വിപണിയിലെ ഗെയിം ചേഞ്ചറാണ്. അതിവേഗ ആക്‌സെലറേഷനും ആകര്‍ഷകമായ റേഞ്ചും നല്‍കുന്ന കരുത്തുറ്റ ഒരു ഇലക്ട്രിക് മോട്ടോര്‍ സവിശേഷതയാണ്. റെഡ്‌വുഡിന്റെ ലളിതമായ ഇന്റീരിയറില്‍ 15 ഇഞ്ച് ടച്ച്സ്‌ക്രീന്‍ സജ്ജീകരിച്ചിരിക്കുന്നു. നൂതന നാവിഗേഷന്‍, സ്ട്രീമിംഗ് സേവനങ്ങള്‍, ഓവര്‍-ദ-എയര്‍ അപ്ഡേറ്റുകള്‍ ഉള്‍പ്പെടെ ടെസ്‌ലയുടെ പ്രശസ്തമായ സോഫ്റ്റ്‌വെയര്‍, എന്റര്‍ടെയ്ന്‍മെന്റ് ഓപ്ഷനുകളിലേക്ക് തടസ്സങ്ങളില്ലാതെ കടന്നുചെല്ലാന്‍ കഴിയുന്നതാണ് ഈ ടച്ച്‌സ്‌ക്രീന്‍. ആഡംബരത്തിന്റെയും ഇന്നവേഷന്റെയും പാരിസ്ഥിതിക അവബോധത്തിന്റെയും സമ്മേളനമാണ് ടെസ്‌ല റെഡ്‌വുഡ് ക്രോസ്ഓവര്‍.

പ്രായോഗികതയും സുഖസൗകര്യങ്ങളും സ്റ്റൈലും ഒരുമിച്ചു നല്‍കുന്നതിലൂടെ ഇന്ത്യന്‍ നിരത്തുകള്‍ക്കും ജീവിതരീതികള്‍ക്കും അനുയോജ്യമാണ് ഈ ആഗോള ക്രോസ്ഓവറുകള്‍. ഈ മോഡലുകള്‍ ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍, രാജ്യമെങ്ങുമുള്ള കാര്‍ ഉപയോക്താക്കള്‍ക്ക് ആവേശകരമായ പുതിയ ഓപ്ഷനുകള്‍ ലഭ്യമായിരിക്കും.