കൊച്ചിയില്‍ എണ്‍പത് യൂണിറ്റ് ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് സ്കൂട്ടറുകള് ഒരുമിച്ച് കൈമാറി
കൊച്ചിയില്‍ എണ്‍പത് യൂണിറ്റ് ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് സ്കൂട്ടറുകള് ഒരുമിച്ച് കൈമാറി. നവീകരിച്ച ഐക്യൂബ് ഇലക്ട്രിക് സ്കൂട്ടര്‍ ഈയിടെയാണ് ടിവിഎസ് മോട്ടോര്‍ കമ്പനി വിപണിയിലെത്തിച്ചത്. മെഗാ ഡെലിവറിയുടെ ഭാഗമായാണ് കൊച്ചിയിലെ ഉപയോക്താക്കള്‍ക്ക് ഒറ്റ ദിവസം കൊണ്ട് ഇത്രയും സ്കൂട്ടറുകള് വിതരണം ചെയ്തത്.
ഒരു പൂര്‍ണ ചാര്‍ജില്‍ 100 കിലോമീറ്റര്‍ വരെ റേഞ്ച് ലഭിക്കുന്ന ഇലക്ട്രിക് സ്കൂട്ടറിന്റെ ഐക്യൂബ്, ഐക്യൂബ് എസ് എന്നീ രണ്ട് വകഭേദങ്ങളാണ് കമ്പനി കൊച്ചിയില്‍ കൈമാറിയത്. ഇവയുടെ കേരളത്തിലെ വില യഥാക്രമം 1,24,760 രൂപയും 1,30,933 രൂപയുമാണ്. ഐക്യൂബ് എസ്ടി എന്ന ടോപ് സ്പെക് വേരിയന്റിന് ഇതുവരെ വില പ്രഖ്യാപിച്ച് വിപണിയില്‍ അവതരിപ്പിച്ചിട്ടില്ല. ഈ വേര്‍ഷന്റെ പ്രീ-ബുക്കിംഗ് സ്വീകരിച്ചുവരികയാണ്. ടിവിഎസ് ഐക്യൂബ് എസ്ടി ഉപയോഗിക്കുന്ന 5.1 കിലോവാട്ട് ഔര്‍ ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 140 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം.
ടിവിഎസ് മോട്ടോര്‍ കമ്പനി പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത 3.4 കിലോവാട്ട് ഔര്‍ ബാറ്ററി, 7 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേ, എച്ച്എംഐ കണ്ട്രോള്, റിവേഴ്സ് പാര്‍ക്കിംഗ് തുടങ്ങിയ സവിശേഷതകളോടെയാണ് ടിവിഎസ് ഐക്യൂബിന്റെ ഈ വേരിയന്റുകള്‍ വിപണിയില്‍ എത്തിയത്. മുമ്പത്തേതില്‍ നിന്ന് വ്യത്യസ്തമായി ഇപ്പോള്‍ മൂന്ന് വകഭേദങ്ങളിലായി പതിനൊന്ന് നിറങ്ങളില്‍ മൂന്ന് ചാര്‍ജിംഗ് ഓപ്ഷനുകളോടെ ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് സ്കൂട്ടറുകള് ലഭ്യമാണ്.