- ഉത്സവ സീസണില്‍ വാഹനം വിപണിയിലെത്തും
- ചെലവ് കുറവും മികച്ച പെര്‍ഫോമന്‍സ് ലഭിക്കുന്നതുമായ ഇന്റര്‍സിറ്റി, ഇന്‍ട്രാസിറ്റി ഗതാഗത ആവശ്യങ്ങള്‍ക്കുള്ള പരിഹാരമെന്ന നിലയിലാണ് പുതിയ എസ്സിവി കൊണ്ടുവരുന്നത്
ന്യൂ ഡെല്‍ഹി: ചെറു വാണിജ്യ വാഹന (എസ്സിവി) സെഗ്മെന്റില്‍ പ്രവേശിക്കുന്നതായി കമേഴ്സ്യല്‍ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ഓയ്ലര്‍ മോട്ടോഴ്സ് പ്രഖ്യാപിച്ചു. 1000 കിലോഗ്രാമില്‍ കൂടുതല്‍ പേലോഡ് ശേഷിയുള്ളതായിരിക്കും പുതിയ 4 വീലര്‍. നവരാത്രി ആരംഭം മുതല്‍ ദീപാവലി വരെ നീളുന്ന രാജ്യത്തെ ഉത്സവ സീസണില്‍ വാഹനം വിപണിയിലെത്തിക്കും.
ചെലവ് കുറവും മികച്ച പെര്‍ഫോമന്‍സ് ലഭിക്കുന്നതുമായ ഇന്റര്‍സിറ്റി, ഇന്‍ട്രാസിറ്റി ഗതാഗത ആവശ്യങ്ങള്‍ക്കുള്ള പരിഹാരമെന്ന നിലയിലാണ് പുതിയ എസ്സിവി കൊണ്ടുവരുന്നത്. ഓയ്ലര്‍ മോട്ടോഴ്സ് തങ്ങളുടെ HiLoad EV എന്ന 3 വീലറിനു ശേഷം പുറത്തിറക്കുന്ന പുതിയ നാലുചക്ര വാഹനത്തില്‍ എസ്സിവി വിപണിയിലെ പെര്‍ഫോമന്‍സ് മെച്ചപ്പെടുത്തുന്നതിനായി രൂപകല്‍പ്പന ചെയ്ത ഫീച്ചറുകള്‍ ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ദീര്‍ഘമായ ഡ്രൈവിംഗ് റേഞ്ച്, ഉയര്‍ന്ന പേലോഡ് ശേഷി, മെച്ചപ്പെട്ട ഡ്രൈവിംഗ് അനുഭവത്തിനായി എര്‍ഗണോമിക് ഡിസൈന്‍, മെച്ചപ്പെടുത്തിയ തത്സമയ ഫ്ളീറ്റ് മാനേജ്മെന്റ് കഴിവുകള്‍ എന്നിവ വാഹനത്തില്‍ നല്‍കും. ലോജിസ്റ്റിക്സ്, എഫ്എംസിജി, പാനീയങ്ങള്‍, പാല്-പാലുല്‍പ്പന്നങ്ങള്‍, പെയിന്റ്, ലൂബ്രിക്കന്റുകള്‍ തുടങ്ങിയ വ്യവസായങ്ങള്‍ക്കായി സേവനമനുഷ്ഠിക്കുന്ന എസ്സിവി സെഗ്മെന്റില്‍ ഈ ഫീച്ചറുകള്‍ പ്രധാനമായി കണക്കാക്കപ്പെടുന്നു.
എസ്സിവി സെഗ്മെന്റിലെ വലിയൊരു വിഭാഗം റീട്ടെയില്‍, സ്ഥാപന ഉപയോക്താക്കള്‍ ഉയര്‍ന്ന പെര്‍ഫോമന്‍സ്, സുദീര്‍ഘമായ റേഞ്ച്, നൂതന ഫീച്ചറുകള്‍ എന്നിവ വാഗ്ദാനം ചെയ്യുന്ന ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാന്‍ താല്‍പ്പര്യപ്പെടുന്നുവെന്ന് തങ്ങളുടെ ഗവേഷണം സൂചിപ്പിക്കുന്നതായി ഓയ്ലര്‍ മോട്ടോഴ്സ് സ്ഥാപകനും സിഇഒയുമായ സൗരവ് കുമാര്‍ പറഞ്ഞു.