Top Spec

The Top-Spec Automotive Web Portal in Malayalam

ആഗോള അരങ്ങേറ്റം കുറിച്ച് കിയ ഇവി3

  • കിയയുടെ എന്‍ട്രി ലെവല്‍ ഓള്‍ ഇലക്ട്രിക് എസ്‌യുവി
  • സ്റ്റാന്‍ഡേഡ്, ജിടി ലൈന്‍ വേര്‍ഷനുകളില്‍ 5 സീറ്റര്‍ എസ്‌യുവി ലഭിക്കും
  • രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകള്‍. ഒറ്റ ചാര്‍ജില്‍ 600 കിമീ വരെ ഡ്രൈവിംഗ് റേഞ്ച്
  • ഫ്രണ്ട് വീല്‍ ഡ്രൈവ്‌ട്രെയിന്‍ നല്‍കി ഇ-ജിഎംപി ആര്‍ക്കിടെക്ചറിലാണ് നിര്‍മാണം

കിയ ഒടുവില്‍ തങ്ങളുടെ എന്‍ട്രി ലെവല്‍ ഓള്‍ ഇലക്ട്രിക് എസ്‌യുവിയായ ഇവി3 ആഗോളതലത്തില്‍ അനാവരണം ചെയ്തു. സ്റ്റാന്‍ഡേഡ്, ജിടി ലൈന്‍ എന്നീ രണ്ട് വകഭേദങ്ങളിലും ഒമ്പത് കളര്‍ ഓപ്ഷനുകളിലും 5 സീറ്റര്‍ എസ്‌യുവി ലഭിക്കും. ഇവി9 എസ്‌യുവിയുമായി സാമ്യം തോന്നുന്നതാണ് രൂപകല്‍പ്പന. കൂടാതെ ഈ വിഭാഗത്തിലെ മികച്ച ക്യാബിന്‍ സ്‌പേസ്, ഫീച്ചറുകള്‍, ഡ്രൈവിംഗ് റേഞ്ച് എന്നിവ വാഗ്ദാനം ചെയ്യുന്നു. അവഞ്ചുറീന്‍ ഗ്രീന്‍, ടെറാക്കോട്ട എന്നിങ്ങനെ രണ്ട് എക്സ്‌ക്ലൂസീവ് നിറങ്ങള്‍ ഉള്‍പ്പെടെ ഒമ്പത് കളര്‍ ഓപ്ഷനുകളില്‍ എസ്‌യുവി ലഭ്യമായിരിക്കും.

രൂപകല്‍പ്പനയുടെ കാര്യത്തില്‍, ഗ്രില്‍ രഹിത മുന്‍ഭാഗം, ടൈഗര്‍ നോസ് പ്രചോദിതമായ മുഖത്ത് എല്‍ ആകൃതിയില്‍ എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, ക്യൂബിക്കല്‍ ആകൃതിയില്‍ എല്‍ഇഡി ഹെഡ്‌ലാംപുകള്‍, ബംപറിന് താഴെ എയര്‍ ഇന്‍ലെറ്റുകള്‍ എന്നിവയോടെ തനത് കിയ ഇവി ലുക്കിലാണ് ഇവി3 വരുന്നത്. മൊത്തത്തിലുള്ള ഡിസൈന്‍ ഇവി9 എന്ന കിയയുടെ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവിയുടേതിന് സമാനമാണ്.

സ്‌ക്വയര്‍ വീല്‍ ആര്‍ച്ചുകള്‍, വെളുത്ത ഇന്‍സെര്‍ട്ടുകളോടെ കറുത്ത അലോയ് വീലുകള്‍, കറുത്ത പില്ലറുകള്‍, മുന്‍ നിരയില്‍ ഫ്‌ളഷ് ഫിറ്റിംഗ് ഡോര്‍ ഹാന്‍ഡിലുകള്‍, റിയര്‍ ഡോര്‍ ഹാന്‍ഡിലുകള്‍ക്ക് മുകളില്‍ സി പില്ലര്‍ എന്നിവ വശങ്ങളിലെ കാഴ്ച്ചയാണ്.

പിറകില്‍, രണ്ട് അറ്റത്തേക്കും നീളുന്ന എല്‍ ആകൃതിയുള്ള എല്‍ഇഡി ടെയില്‍ലാംപുകള്‍, കറുത്ത ക്ലാഡിംഗ് സഹിതം വലിയ ബംപര്‍, റൂഫ് സ്പോയിലര്‍, ഷാര്‍ക്ക് ഫിന്‍ ആന്റിന, സെന്‍സറുകള്‍ സഹിതം റിവേഴ്സ് പാര്‍ക്കിംഗ് ക്യാമറ, പനോരമിക് സണ്‍റൂഫ് എന്നിവ ലഭിച്ചു.

ക്യാബിനില്‍, ഓഫ് സെറ്റ് കിയ ലോഗോ സഹിതം ത്രീ സ്‌പോക്ക് സ്റ്റിയറിംഗ് വളയം, ഇന്‍ഫൊടെയ്ന്‍മെന്റിനും ഇന്‍സ്ട്രുമെന്റ് പാനലിനുമായി 12.3 ഇഞ്ച് വലുപ്പമുള്ള രണ്ട് ഡിസ്പ്ലേകള്‍, സ്റ്റോറേജ് സഹിതം ഫ്‌ളോട്ടിംഗ് സെന്റര്‍ കണ്‍സോള്‍, 360 ഡിഗ്രി സറൗണ്ട് ക്യാമറ, ഡുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ആംബിയന്റ് ലൈറ്റിംഗ്, വയര്‍ലെസ് ചാര്‍ജര്‍, ഓട്ടോ ഡിമ്മിംഗ് ഐആര്‍വിഎം, അഡാസ് സ്യൂട്ട് എന്നിവ ഫീച്ചറുകളാണ്. ഇന്റീരിയര്‍ നിറം തിരഞ്ഞെടുക്കാനും ഉപയോക്താക്കള്‍ക്ക് അവസരമുണ്ട്. വായു, ഭൂമി, ജലം തുടങ്ങിയ പഞ്ചഭൂതങ്ങള്‍ക്ക് അനുസരിച്ച് സട്ടില്‍ ഗ്രേ, വാം ഗ്രേ, ബ്ലൂ എന്നിവ കൂടാതെ ജിടി ലൈന്‍ വേര്‍ഷന് മാത്രമായി ഓണിക്‌സ് ബ്ലാക്ക് ലഭ്യമാണ്.

ഫ്രണ്ട് വീല്‍ ഡ്രൈവ്‌ട്രെയിന്‍ നല്‍കി കിയയുടെ ഇ-ജിഎംപി ആര്‍ക്കിടെക്ചറിലാണ് ഇലക്ട്രിക് എസ്‌യുവി നിര്‍മിക്കുന്നത്. അഴകളവുകള്‍ പരിശോധിച്ചാല്‍, നീളം, വീതി, ഉയരം എന്നിവ യഥാക്രമം 4,300 എംഎം, 1,850 എംഎം, 1,560 എംഎം എന്നിങ്ങനെയാണ്. 2,680 മില്ലിമീറ്ററാണ് വീല്‍ബേസ്. ബൂട്ടില്‍ 460 ലിറ്ററും ഫ്രങ്കില്‍ 25 ലിറ്ററും സംഭരണ ശേഷിയുണ്ട്.

58.3 കിലോവാട്ട് ഔര്‍, 81.4 കിലോവാട്ട് ഔര്‍ എന്നീ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളില്‍ കിയ ഇവി3 ലഭിക്കും. ഡബ്ല്യുഎല്‍ടിപി സൈക്കിള്‍ അനുസരിച്ച് 600 കിലോമീറ്ററാണ് പരമാവധി ഡ്രൈവിംഗ് റേഞ്ച്. 31 മിനിറ്റിനുള്ളില്‍ 10 മുതല്‍ 80 ശതമാനം വരെ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ കഴിയും. 283 ന്യൂട്ടണ്‍ മീറ്ററാണ് പരമാവധി ടോര്‍ക്ക്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 7.5 സെക്കന്‍ഡ് മതി.