Top Spec

The Top-Spec Automotive Web Portal in Malayalam

ഇലക്ട്രിക് ഫ്യൂവലുമായി എസ്മിറ്റോ കൈകോര്‍ത്തു

  • രാജ്യത്തെ ഇവി വിപണിയില്‍ താങ്ങാവുന്നതും ഉയര്‍ന്ന പെര്‍ഫോമന്‍സ് കാഴ്ച്ചവെയ്ക്കുന്നതുമായ ബാറ്ററി സ്വാപ്പിംഗ് സേവനങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം
  • ഇതിന്റെ ഭാഗമായി എനര്‍ജി ആസ് എ സര്‍വീസ് (ഇഎഎഎസ്) പ്ലാറ്റ്‌ഫോം അവതരിപ്പിക്കും
  • എസ്മിറ്റോയുടെ സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ഇഎഎഎസ് ഓപ്പറേറ്ററായി ഇലക്ട്രിക് ഫ്യൂവല്‍ പ്രവര്‍ത്തിക്കും
  • ഡെലിവറി പാര്‍ട്ണര്‍മാരുടെ മുന്‍കൂര്‍ ചെലവ് 40 ശതമാനം വരെ കുറയ്ക്കാന്‍ പുതിയ പങ്കാളിത്തം സഹായിക്കും. മാത്രമല്ല, അവരുടെ ഇന്ധനത്തിന്റെ പ്രവര്‍ത്തനച്ചെലവ് പരമ്പരാഗത ഇന്ധനത്തേക്കാള്‍ ഏകദേശം മൂന്നിലൊന്നായി കുറയുകയും ചെയ്യും

ഇവി ചാര്‍ജിംഗ് സേവന ദാതാക്കളായ ഇലക്ട്രിക് ഫ്യൂവലുമായി ബാറ്ററി സ്വാപ്പിംഗ് കമ്പനിയായ എസ്മിറ്റോ കൈകോര്‍ത്തു. ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയില്‍ താങ്ങാവുന്നതും ഉയര്‍ന്ന പെര്‍ഫോമന്‍സ് കാഴ്ച്ചവെയ്ക്കുന്നതുമായ ബാറ്ററി സ്വാപ്പിംഗ് സേവനങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ സഹകരണം. ഇതിന്റെ ഭാഗമായി എനര്‍ജി ആസ് എ സര്‍വീസ് (ഇഎഎഎസ്) പ്ലാറ്റ്‌ഫോം അവതരിപ്പിക്കും. ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അടുത്ത ആറ് മാസത്തിനുള്ളില്‍ രാജ്യമാകെ വ്യാപിപ്പിക്കും.

ഐഐടി മദ്രാസ് ഇന്‍കുബേറ്റഡ് കമ്പനിയാണ് എസ്മിറ്റോ. സെന്റര്‍ ഫോര്‍ ബാറ്ററി എന്‍ജിനീയറിംഗ് ആന്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍സുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയാണ് എസ്മിറ്റോ ഉപയോഗിക്കുന്നത്. നിരവധി ഫ്‌ളീറ്റ് & പാസഞ്ചര്‍ ഇലക്ട്രിക് വാഹന കമ്പനികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ടെക്‌നോളജി അധിഷ്ഠിത ചാര്‍ജിംഗ് സേവന കമ്പനിയാണ് ഇലക്ട്രിക് ഫ്യൂവല്‍. ഉപയോക്താക്കളുടെ ഫ്‌ളീറ്റിന് ചാര്‍ജിംഗ്, പാര്‍ക്കിംഗ് ഉള്‍പ്പെടെ നിരവധി സേവനങ്ങളാണ് ഇവര്‍ നല്‍കുന്നത്.

പങ്കാളിത്തത്തിന്റെ ഭാഗമായി, എസ്മിറ്റോയുടെ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇഎഎഎസ് ഓപ്പറേറ്ററായി ഇലക്ട്രിക് ഫ്യൂവല്‍ പ്രവര്‍ത്തിക്കും. സ്മാര്‍ട്ട് മാനേജ്മെന്റ് പ്ലാറ്റ്‌ഫോം, മൊബൈല്‍ ആപ്പ് എന്നിവയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ബാറ്ററി സ്വാപ്പ് സ്റ്റേഷനുകളും എസ്മിറ്റോയുടെ ഭാഗമാണ്.

വാണിജ്യ ഫ്‌ളീറ്റ് ഉപയോക്താക്കള്‍ക്കായി നൂതന സേവനങ്ങളാണ് എസ്മിറ്റോ വാഗ്ദാനം ചെയ്യുന്നത്. ഇലക്ട്രിക് വാഹന ഉപയോക്താക്കള്‍ക്ക് സ്വാപ്പിംഗ് സ്റ്റേഷനില്‍ പോയി അവരുടെ ചാര്‍ജ് തീര്‍ന്ന ബാറ്ററി നല്‍കി പകരം പൂര്‍ണമായി ചാര്‍ജ് ചെയ്ത ബാറ്ററി എടുക്കാവുന്നതാണ്. ഇവിടങ്ങളില്‍ ചാര്‍ജ് ചെയ്യാനായി കാത്തിരിക്കേണ്ട ആവശ്യമില്ല. ഓരോ വാഹനത്തിനും സ്‌പെയര്‍ ബാറ്ററി കൊണ്ടുപോകേണ്ടതുമില്ല.

ഡെലിവറി പാര്‍ട്ണര്‍മാരുടെ മുന്‍കൂര്‍ ചെലവ് 40 ശതമാനം വരെ കുറയ്ക്കാന്‍ പുതിയ പങ്കാളിത്തം സഹായിക്കുമെന്ന് കമ്പനി പത്രക്കുറിപ്പില്‍ അവകാശപ്പെടുന്നു. മാത്രമല്ല, അവരുടെ ഇന്ധനത്തിന്റെ പ്രവര്‍ത്തനച്ചെലവ് പരമ്പരാഗത ഇന്ധനത്തേക്കാള്‍ ഏകദേശം മൂന്നിലൊന്നായി കുറയുകയും ചെയ്യും.

ഇലക്ട്രിക് വാഹനങ്ങള്‍ക്ക്, പ്രത്യേകിച്ച് ഇരുചക്ര, മൂന്നുചക്ര വാഹന ഉടമകള്‍ക്ക് ഉയര്‍ന്ന പെര്‍ഫോമന്‍സും ഏറ്റവും സുരക്ഷിതമായ ഊര്‍ജവും പ്രദാനം ചെയ്യുന്നതിലാണ് തങ്ങളുടെ സ്വാപ്പ് സാങ്കേതികവിദ്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് എസ്മിറ്റോ സഹസ്ഥാപകയായ ഡോ. പ്രഭ്ജോത് കൗര്‍ പറഞ്ഞു. എസ്മിറ്റോയുമായുള്ള ഈ പങ്കാളിത്തത്തിലൂടെ, ഫ്‌ളീറ്റ് & പാസഞ്ചര്‍ സെഗ്മെന്റുകളിലെ വലിയൊരു വിഭാഗം ഉപയോക്താക്കള്‍ക്ക് ഫുള്ളി ഓട്ടോമേറ്റഡ് ബാറ്ററി സ്വാപ്പിംഗ് സേവനങ്ങള്‍ നല്‍കാന്‍ കഴിയുമെന്ന് ഇലക്ട്രിക് ഫ്യൂവല്‍ സിഇഒയും സഹസ്ഥാപകനുമായ സീതാപതി ചാവലി പ്രസ്താവിച്ചു.