2023 ല്‍ നിസാന്‍ എക്സ്-ട്രെയില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും
നിസാന്‍ തങ്ങളുടെ ആഗോള ഉല്‍പ്പന്ന നിരയില്‍ നിന്ന് എക്സ്-ട്രെയില്‍ ഉള്‍പ്പെടെ മൂന്ന് എസ്‌യുവികള്‍ ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ചു. നിസാന്‍ എക്സ്-ട്രെയില്‍ ഈ മാസമാദ്യം പരീക്ഷണം നടത്തുന്നത് കണ്ടെത്തിയിരുന്നു. ഇന്ത്യയില്‍ നിസാന്‍ കാഷ്‌കായി എസ്‌യുവിയുടെ സാധ്യതാ പഠനവും ഇതിനിടെ ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ ആരംഭിച്ചു. ഇതോടൊപ്പം ഇന്ത്യയില്‍ പരിഗണിക്കുന്ന മൂന്നാമത്തെ മോഡല്‍ നിസാന്‍ ജ്യൂക്ക് എസ്‌യുവിയാണ്.
നിസാന്‍ എക്സ്-ട്രെയില്‍ എന്ന പേര് ഇന്ത്യക്കാര്‍ക്ക് പുതുമയല്ല. ഒന്നും രണ്ടും തലമുറ നിസാന്‍ എക്സ്-ട്രെയില്‍ ഇന്ത്യയില്‍ വില്‍പ്പന നടത്തിയിരുന്നു. പക്ഷേ മൂന്നാം തലമുറ ഇവിടെ എത്തിയില്ല. എസ്‌യുവി ഇപ്പോള്‍ അതിന്റെ നാലാം തലമുറയിലാണ്. പെട്രോള്‍ എന്‍ജിന്‍, ഹൈബ്രിഡ് പവര്‍ട്രെയ്ന്‍ ഓപ്ഷനുകളോടെയാണ് നാലാം തലമുറ നിസാന്‍ എക്സ്-ട്രെയില്‍ വരുന്നത്. 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 161 ബിഎച്ച്പി കരുത്തും 300 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. അതേസമയം, ഇലക്ട്രിക് മോട്ടോര്‍ കൂടി ലഭിച്ച ‘ഇ-പവര്‍’ വേരിയന്റ് 201 ബിഎച്ച്പി കരുത്തും 330 എന്‍എം ടോര്‍ക്കുമാണ് പുറപ്പെടുവിക്കുന്നത്. ഓള്‍-വീല്‍-ഡ്രൈവ് സംവിധാനത്തോടെയും നിസാന്‍ എക്സ്-ട്രെയില്‍ ഇ-പവര്‍ ഹൈബ്രിഡ് ലഭിക്കും. അതേ ഹൈബ്രിഡ് പവര്‍ട്രെയിനാണ് ഓള്‍-വീല്‍-ഡ്രൈവ് വേര്‍ഷന്‍ ഉപയോഗിക്കുന്നതെങ്കിലും 210 ബിഎച്ച്പി, 500 എന്‍എം എന്ന ഉയര്‍ന്ന ട്യൂണില്‍ ലഭ്യമായിരിക്കും.
5-സീറ്റ്, 7-സീറ്റ് കോണ്‍ഫിഗറേഷനുകളില്‍ നിസാന്‍ എക്സ്-ട്രെയില്‍ വാങ്ങാന്‍ കഴിയും. 2023 ല്‍ എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. പൂര്‍ണമായി നിര്‍മിച്ച ശേഷം (സിബിയു രീതി) ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യും. സ്‌കോഡ കോഡിയാക്, ഫോക്സ്‌വാഗണ്‍ ടിഗ്വാന്‍ എന്നിവയുമായി മല്‍സരിക്കും.

പെട്രോള്‍, മൈല്‍ഡ് ഹൈബ്രിഡ് പവര്‍ട്രെയിനുകളിലാണ് നിസാന്‍ കാഷ്‌കായി വരുന്നത്. 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ സിവിടി ചേര്‍ത്തുവെയ്ക്കും. ഹ്യുണ്ടായ് ടൂസോണ്‍, ജീപ്പ് കോംപസ് എന്നിവ എതിരാളികളായിരിക്കും.
നിസാന്‍ ജ്യൂക്ക് ഇപ്പോള്‍ അതിന്റെ രണ്ടാം തലമുറയിലാണ്. 1.6 ലിറ്റര്‍ പെട്രോള്‍ ഹൈബ്രിഡ് പവര്‍ട്രെയ്ന്‍ ഉപയോഗിക്കും. മാരുതി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട അര്‍ബന്‍ ക്രൂസര്‍ ഹൈറൈഡര്‍ തുടങ്ങിയ മിഡ് സൈസ് എസ്‌യുവികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തും.