ഇലക്ട്രിക് എസ്‌യുവി അനാവരണം ചെയ്തു. വരും മാസങ്ങളില്‍ വിപണി അവതരണം നടക്കും
ഓള്‍-ഇലക്ട്രിക് മഹീന്ദ്ര എക്‌സ്‌യുവി400 അനാവരണം ചെയ്തു. വരും മാസങ്ങളില്‍ വിപണി അവതരണം നടക്കും. ഇലക്ട്രിക് എസ്‌യുവി പുറത്തിറക്കുന്നതിലൂടെ രാജ്യത്തെ ഇവി സെഗ്മെന്റില്‍ അരങ്ങേറ്റം കുറിക്കുകയാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര.

എക്‌സ് ആകൃതിയുള്ള ഇന്‍സെര്‍ട്ടുകളോടെ ക്ലോസ്ഡ് ഗ്രില്‍, ട്വിന്‍ പീക്ക്‌സ് ലോഗോ, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ ചേര്‍ത്തുവെച്ച പ്രൊജക്ടര്‍ ഹെഡ്‌ലാംപുകള്‍, ഫോഗ് ലൈറ്റുകള്‍, മുന്നിലെ ഇടത്തേ ഫെന്‍ഡറില്‍ ചാര്‍ജിംഗ് ഔട്ട്‌ലെറ്റ്, സില്‍വര്‍ ആക്സന്റുകളോടെ മുന്നിലും പിന്നിലും പുതിയ ബംപറുകള്‍, പുതിയ 16 ഇഞ്ച് ഡുവല്‍ ടോണ്‍ അലോയ് വീലുകള്‍, ഡുവല്‍ ടോണ്‍ ഒആര്‍വിഎമ്മുകള്‍, കറുത്ത ബി പില്ലറുകളും റൂഫ് റെയിലുകളും, മുന്നിലും പിന്നിലും സ്‌കിഡ് പ്ലേറ്റുകള്‍, എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് മഹീന്ദ്ര എക്‌സ്‌യുവി400 ഇലക്ട്രിക് എസ്‌യുവിയുടെ രൂപകല്‍പ്പന. ഡുവല്‍ ടോണ്‍ പെയിന്റ് ഓപ്ഷനുകളില്‍ ഇവി ലഭ്യമായിരിക്കും.

അളവുകളുടെ കാര്യത്തില്‍, 4.2 മീറ്റര്‍ നീളം വരുന്നതാണ് മഹീന്ദ്ര എക്‌സ്‌യുവി400. അതായത്, ഇതിനകം വിപണിയിലെത്തിയ എക്‌സ്‌യുവി300 എന്ന ഐസിഇ വേര്‍ഷനേക്കാള്‍ കൂടുതല്‍. 150 ബിഎച്ച്പി, 310 എന്‍എം ടോര്‍ക്ക് ഉല്‍പ്പാദിപ്പിക്കുന്ന 39.4 കിലോവാട്ട് ഔര്‍ ബാറ്ററി പായ്ക്കാണ് കരുത്തേകുന്നത്. 50 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 50 മിനിറ്റില്‍ 80 ശതമാനം ചാര്‍ജ് ചെയ്യാന്‍ കഴിയും. എന്നാല്‍ 7.2 കിലോവാട്ട്/32 ആംപിയര്‍ ഔട്ട്‌ലെറ്റ് വഴി വാഹനം ചാര്‍ജ് ചെയ്യുമ്പോള്‍, പൂജ്യത്തില്‍ നിന്ന് 100 ശതമാനം ചാര്‍ജ് കൈവരിക്കാന്‍ 6 മണിക്കൂര്‍ 30 മിനിറ്റ് മതി. 3.3 കിലോവാട്ട്/16 ആംപിയര്‍ ഗാര്‍ഹിക സോക്കറ്റ് ഉപയോഗിക്കുമ്പോള്‍ 13 മണിക്കൂര്‍ സമയമെടുക്കും. സിംഗിള്‍ ചാര്‍ജില്‍ 456 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.


