2023 ജനുവരിയില്‍ ആദ്യ ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കും
1990 കളില്‍ ബജാജിനും മറ്റ് ഇരുചക്ര വാഹന ബ്രാന്‍ഡുകള്‍ക്കും വെല്ലുവിളി ഉയര്‍ത്തിയ ലോഹ്യ മെഷീന്‍സ് (എല്‍എംഎല്‍) ഇന്ത്യന്‍ വാഹന വിപണിയില്‍ തിരിച്ചെത്തുന്നു. ഹരിയാന മനേസറിലെ ഹാര്‍ലി ഡേവിഡ്സണിന്റെ പഴയ മാനുഫാക്ചറിംഗ് പ്ലാന്റില്‍ ലോഹ്യ മെഷീന്‍സ് തങ്ങളുടെ പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇറ്റാലിയന്‍ ബ്രാന്‍ഡായ പിയാജിയോയുമായി സഹകരിച്ച് 1990 കളില്‍ എല്‍എംഎല്‍ വെസ്പ സ്‌കൂട്ടര്‍ ഇന്ത്യയില്‍ വിറ്റിരുന്നു. എന്നാല്‍, 1999 ല്‍ പിയാജിയോയുമായുള്ള ഈ പങ്കാളിത്തം തകര്‍ന്നു. ഇതേതുടര്‍ന്ന് മറ്റ് പല സംരംഭങ്ങളും ആരംഭിക്കുന്നതില്‍ പരാജയപ്പെട്ടു. മാത്രമല്ല, പാപ്പരത്ത പ്രശ്നങ്ങള്‍ കാരണം 2018 ല്‍ കമ്പനി അടച്ചുപൂട്ടുകയും ചെയ്തു.
ഇപ്പോള്‍, എസ്ജി കോര്‍പ്പറേറ്റ് മൊബിലിറ്റിയുടെ ഉടമസ്ഥതയില്‍ ഇന്ത്യന്‍ വിപണിയില്‍ തിരിച്ചെത്താന്‍ ശ്രമിക്കുകയാണ് കമ്പനി. 2023 ജനുവരിയില്‍ തങ്ങളുടെ ആദ്യ ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി എല്‍എംഎല്‍ വിഭാഗം കൈകാര്യം ചെയ്യുന്ന എസ്ജി കോര്‍പ്പറേറ്റ് മൊബിലിറ്റി സിഇഒ യോഗേഷ് ഭാട്ടിയ പറഞ്ഞു. പുതിയ ബിസിനസിനായി തുടക്കത്തില്‍ 350 കോടി രൂപയുടെ നിക്ഷേപം നടത്തും. സ്വന്തം നിലയില്‍ സാങ്കേതികവിദ്യ വികസിപ്പിക്കുമ്പോള്‍ തന്നെ ‘ഇറ്റാലിയന്‍ സ്റ്റൈലിംഗ്’ നേടുന്നതിനായി ആഗോള ഡിസൈന്‍ ഹൗസുകളെ സമീപിക്കുകയും ചെയ്യും.
തുടക്കത്തില്‍ മൂന്ന് ഉല്‍പ്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. പെഡല്‍ അസിസ്റ്റ് സഹിതം ഹൈപ്പര്‍ ബൈക്ക്, ഇ-സ്‌കൂട്ടര്‍, ഇ-ബൈക്ക് എന്നിവയായിരിക്കും ഇവ. 2023 ആദ്യ പാദത്തോടെ ഈ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിതുടങ്ങും. ഇന്ത്യ മാത്രമല്ല, യൂറോപ്പും മറ്റ് ആഗോള വിപണികളും ലക്ഷ്യമിടുന്നതായി ഭാട്ടിയ വ്യക്തമാക്കി.
ഹാര്‍ലിയുടെ മുമ്പത്തെ മനേസര്‍ പ്ലാന്റില്‍ വാഹനങ്ങള്‍ നിര്‍മിക്കുന്ന കാര്യവും അദ്ദേഹം പങ്കുവെച്ചു. അസംബ്ലി ലൈനുകളും റോബോട്ടിക് മെഷീനുകളും ഉള്‍പ്പെടുന്നതായിരിക്കും പ്ലാന്റിലെ ഉല്‍പ്പാദന പ്രക്രിയ എന്ന് യോഗേഷ് ഭാട്ടിയ അറിയിച്ചു. മയൂരി ഇ-റിക്ഷകള്‍ നിര്‍മിക്കുന്ന സിയറ ഇലക്ട്രിക് ഓട്ടോയുടെ ഉടമസ്ഥതയിലാണ് ഇപ്പോള്‍ മുമ്പത്തെ ഹാര്‍ലി ഫാക്ടറി.