അടുത്ത വര്‍ഷം രണ്ടാം പാദത്തോടെ യൂറോപ്യന്‍ വിപണിയില്‍ ഡെലിവറി ആരംഭിക്കും. അതേവര്‍ഷം ഇന്ത്യയിലും എത്തുമെന്ന് പ്രതീക്ഷിക്കുന്നു
ഇറ്റാലിയന്‍ സൂപ്പര്‍കാര്‍ നിര്‍മാതാക്കളായ ഫെറാറി ഒടുവില്‍ തങ്ങളുടെ ആദ്യ എസ്‌യുവി ആഗോളതലത്തില്‍ അനാവരണം ചെയ്തു. വര്‍ഷങ്ങള്‍ നീണ്ട നിരവധി ഊഹാപോഹങ്ങള്‍ക്കും ചാരന്‍മാര്‍ പകര്‍ത്തിയ ടണ്‍ കണക്കിന് ചിത്രങ്ങള്‍ക്കും ശേഷം 12 സിലിണ്ടര്‍ എന്‍ജിനോടുകൂടിയ പുറോസാന്‍ഗ്വേ എസ്‌യുവിയാണ് ലോകസമക്ഷം മറനെല്ലോയില്‍ പ്രത്യക്ഷപ്പെട്ടത്. ഏറെ പ്രതീക്ഷയോടെയുള്ള കാത്തിരിപ്പിന് ഇതോടെ വിരാമമായി. നാല് ഡോറുകളും നാല് സീറ്റുകളും സഹിതമാണ് ഫെറാറി പുറോസാന്‍ഗ്വേ എസ്‌യുവി വരുന്നത്. അടുത്ത വര്‍ഷം രണ്ടാം പാദത്തോടെ യൂറോപ്യന്‍ വിപണിയില്‍ ഡെലിവറി ആരംഭിക്കും. അതേവര്‍ഷം ഇന്ത്യയിലും എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഡിബിഎക്‌സ്707, ലംബോര്‍ഗിനി ഉറുസ് പെര്‍ഫോമാന്റെ എന്നിവ ഈ ഇറ്റാലിയന്‍ സ്പോര്‍ട്സ് എസ്‌യുവിയുടെ എതിരാളികളാണ്.

ഫെറാറിയുടെ പുറോസാന്‍ഗ്വേ എന്ന സ്‌പോര്‍ട്ട് യൂട്ടിലിറ്റി വാഹനത്തിന് കരുത്തേകുന്നത് 6.5 ലിറ്റര്‍, നാച്ചുറലി ആസ്പിറേറ്റഡ് വി12 എന്‍ജിനാണ്. ഈ മോട്ടോര്‍ 7,750 ആര്‍പിഎമ്മില്‍ 715 ബിഎച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കും. 716 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കിന്റെ 80 ശതമാനവും 2,100 ആര്‍പിഎമ്മില്‍ ലഭിക്കും! 6,250 ആര്‍പിഎമ്മിലാണ് 716 എന്‍എം പുറത്തെടുക്കുന്നത്. പുറോസാന്‍ഗ്വേ എസ്‌യുവിയിലെ വി12 എന്‍ജിന്റെ റെഡ്‌ലൈന്‍ 8,250 ആര്‍പിഎമ്മാണ് എന്ന കാര്യവും ശ്രദ്ധേയമാണ്. എന്‍ജിന്‍ ബേയുടെ മുന്നില്‍-മധ്യത്തിലായി വി12 എന്‍ജിന്‍ സ്ഥാപിച്ചപ്പോള്‍ തന്നെ പുതിയ ഡുവല്‍ ക്ലച്ച് 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് നല്‍കിയത് പിറകിലെ ആക്സിലിലാണ്. ഓള്‍ വീല്‍ ഡ്രൈവ് സംവിധാനവും ലഭിച്ചു. ഇതോടെ 49:51 അനുപാതത്തിലാണ് ഭാര വിതരണം.

വലിയ തോതില്‍ ട്യൂണ്‍ ചെയ്ത വി12, കുറഞ്ഞ ഗിയര്‍ അനുപാതങ്ങളോടെ പരിഷ്‌കരിച്ച ഗിയര്‍ബോക്സ്, 2,180 കിലോഗ്രാം ഭാരം എന്നിവ വഹിച്ച് വെറും 3.3 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിമീ വരെയും 10.6 സെക്കന്‍ഡില്‍ മണിക്കൂറില്‍ 200 കിമീ വരെയും കുതിക്കാന്‍ മറനെല്ലോയുടെ ആദ്യ എസ്‌യുവിക്ക് കഴിയും. മണിക്കൂറില്‍ 310 കിലോമീറ്ററാണ് ഏറ്റവും ഉയര്‍ന്ന വേഗത.

പുതിയ അലുമിനിയം ഷാസിയാണ് ഫെറാറി പുറോസാന്‍ഗ്വേ ഉപയോഗിക്കുന്നത്. കനേഡിയന്‍ കമ്പനിയായ മള്‍ട്ടിമാറ്റിക്കുമായി ചേര്‍ന്ന് വികസിപ്പിച്ച ആക്റ്റീവ് സസ്‌പെന്‍ഷന്‍ നല്‍കിയിരിക്കുന്നു. കൂടാതെ ഒരു ഫെറാറിയില്‍ ഇതാദ്യമായി മള്‍ട്ടിമാറ്റിക്കിന്റെ ട്രൂ ആക്റ്റീവ് സ്പൂള്‍ വാല്‍വിനൊപ്പം പാസീവ് ഡാംപറുകളും ലഭിച്ചു. ഫെറാറിയുടെ 812 കോംപിറ്റിച്ചിയോണെ മോഡലിന് ലഭിച്ചതു പോലെ സ്വതന്ത്ര 4 വീല്‍ സ്റ്റിയറിംഗ് സിസ്റ്റം നല്‍കി. കൂടാതെ ഫെറാറി 296 ജിടിബിയില്‍ നിന്ന് സിക്‌സ്-വേ ഷാസി ഡൈനാമിക് സെന്‍സര്‍ (6ഡബ്ല്യു-സിഡിഎസ്) സഹിതം എബിഎസ് ‘ഇവോ’ കടമെടുത്തു.

എസ്എഫ്90, 296 ജിടിബി, ജിടിസി4 ലുസ്സോ ഉള്‍പ്പെടെയുള്ള ജനപ്രിയ ഫെറാറി മോഡലുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ് പുറോസാന്‍ഗ്വേ എസ്‌യുവിയുടെ ഡിസൈന്‍ ഭാഷ. സവിശേഷമായ എയറോഡൈനാമിക് ആകൃതി കാണാനാകും. ഫെറാറി എഫ്12 ബെര്‍ലിനെറ്റ മോഡലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട എയറോബ്രിഡ്ജ്, ഹെഡ്‌ലൈറ്റ് യൂണിറ്റുമായി സംയോജിപ്പിച്ച എയര്‍ ഇന്‍ലെറ്റുകള്‍, ഫെന്‍ഡറില്‍ ഔട്ട്‌ലെറ്റുകള്‍ എന്നിവ ലഭിച്ചു. കൂടാതെ, വീല്‍ ആര്‍ച്ച് എക്സ്റ്റന്‍ഷനുകള്‍ക്ക് എയര്‍ കര്‍ട്ടനുകള്‍ നല്‍കി. മാത്രമല്ല, റൂഫ് മൗണ്ടഡ് സ്പോയ്‌ലര്‍, റിയര്‍ ഡിഫ്യൂസര്‍ എന്നിവ എയറോഡൈനാമിക് ക്ഷമത വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതാണ്. ഡിസൈന്‍, എയ്റോഡൈനാമിക്സ് എന്നീ കേമത്തരങ്ങള്‍ കൂടാതെ റോള്‍സ് റോയ്സ് ശൈലിയില്‍ പിറകിലേക്ക് തുറക്കാവുന്ന റിയര്‍ ഡോറുകളാണ് മറ്റൊരു പ്രധാന സവിശേഷത. അകത്ത്, ഇരട്ട കോക്ക്പിറ്റ് സജ്ജീകരിച്ചു. ഡാഷ്ബോര്‍ഡ്, സെന്റര്‍ കണ്‍സോള്‍ എന്നിവയുടെ രൂപകല്‍പ്പന ലളിതമാണ്. വലിയ ഡ്രൈവര്‍ ഡിസ്പ്ലേ കൂടാതെ 10.25 ഇഞ്ച് വലുപ്പമുള്ള കോ-പാസഞ്ചര്‍ ടച്ച്സ്‌ക്രീന്‍ നല്‍കി. നാല് ബക്കറ്റ് സീറ്റുകളും കാണാം.

