ഡെല്‍ഹി എക്‌സ് ഷോറൂം വില 7.99 ലക്ഷം രൂപ മുതല്‍
രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുകി തങ്ങളുടെ പുതിയ ബ്രെസ്സ വിപണിയില്‍ അവതരിപ്പിച്ചു. 7.99 ലക്ഷം രൂപ മുതലാണ് സബ്‌കോംപാക്റ്റ് എസ്‌യുവിയുടെ ഡെല്‍ഹി എക്‌സ് ഷോറൂം വില. എല്‍എക്‌സ്‌ഐ, വിഎക്‌സ്‌ഐ, സെഡ്എക്‌സ്‌ഐ, സെഡ്എക്‌സ്‌ഐ പ്ലസ് എന്നീ നാല് വേരിയന്റുകളില്‍ പരിഷ്‌കരിച്ച മോഡല്‍ ലഭിക്കും. ബുക്കിംഗ് നേരത്തെ ആരംഭിച്ചിരുന്നു. ആദ്യ ദിവസം തന്നെ 45,000 ബുക്കിംഗാണ് 2022 മാരുതി സുസുകി ബ്രെസ്സ കരസ്ഥമാക്കിയത്. വിറ്റാര എന്ന് ഒഴിവാക്കി ഇനി മുതല്‍ ബ്രെസ്സ എന്ന പേരില്‍ മാത്രമായിരിക്കും മാരുതിയുടെ ഈ മോഡല്‍ അറിയപ്പെടുന്നത്.

പുതു തലമുറ ബ്രെസ്സയുടെ മുന്‍ഭാഗം പുനര്‍രൂപകല്‍പ്പന ചെയ്തിരിക്കുന്നു. പുതിയ ഗ്രില്‍, ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ ചേര്‍ത്തുവെച്ച എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാംപുകള്‍ എന്നിവ കാണാം. മുന്നിലെ ബംപറിന് പുതിയ ഫോഗ്‌ലാംപ് ഹൗസിംഗ്, എസ്‌യുവിത്തം എടുത്തുകാണിക്കുന്നതിന് സില്‍വര്‍ സ്‌കിഡ് പ്ലേറ്റ് എന്നിവ ലഭിച്ചു. വശങ്ങളിലേക്ക് വന്നാല്‍, പുനര്‍രൂപകല്‍പ്പന ചെയ്ത അലോയ് വീലുകള്‍, ചതുരാകൃതിയുള്ള വീല്‍ ആര്‍ച്ചുകള്‍, പുതുമ വ്യക്തമാക്കുന്നതിന് വിപുലമായ ക്ലാഡിംഗ് എന്നിവ നല്‍കി. ബൂട്ട് ലിഡിന് കുറുകെ ‘ബ്രെസ്സ’ എഴുത്ത്, പുനര്‍രൂപകല്‍പ്പന ചെയ്ത എല്‍ഇഡി ടെയില്‍ലൈറ്റുകള്‍, ബംപറിലെ സില്‍വര്‍ സ്‌കിഡ് പ്ലേറ്റ് എന്നിവ പിന്‍വശം അലങ്കരിക്കുന്നു. അഴകളവുകള്‍ പരിശോധിച്ചാല്‍, പുതിയ ബ്രെസ്സയുടെ നീളം 3,995 എംഎം, വീതി 1,790 എംഎം, ഉയരം 1,685 എംഎം എന്നിങ്ങനെയാണ്. 2,500 മില്ലിമീറ്ററാണ് വീല്‍ബേസ്.

ബ്ലാക്ക് ആന്‍ഡ് ബ്രൗണ്‍ തീം ലഭിച്ചതാണ് പുതിയ ബ്രെസ്സയുടെ ഇന്റീരിയര്‍. വാഹനത്തിന് ഇതാദ്യമായി ഇലക്ട്രിക് സണ്‍റൂഫ് നല്‍കി. 360 ഡിഗ്രി ക്യാമറ, ഹെഡ്സ്-അപ് ഡിസ്പ്ലേ, ആര്‍ക്കമീസ് മ്യൂസിക് സിസ്റ്റം, 9 ഇഞ്ച് സ്മാര്‍ട്ട്‌പ്ലേ പ്രോ പ്ലസ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ വിവിധ വേരിയന്റുകള്‍ അനുസരിച്ചുള്ള ഫീച്ചറുകളാണ്. കൂള്‍ഡ് ഗ്ലവ്‌ബോക്‌സ്, വിവിധ കണ്‍ട്രോളുകള്‍ സഹിതം പുതിയ ഫ്‌ളാറ്റ് ബോട്ടം സ്റ്റിയറിംഗ് വളയം, ആംബിയന്റ് ലൈറ്റിംഗ്, എച്ച്‌വിഎസി സിസ്റ്റത്തിനായി പുതിയ കണ്‍ട്രോളുകള്‍, പിന്‍ നിരയില്‍ 12 വോള്‍ട്ട് സോക്കറ്റ്, പുഷ് സ്റ്റാര്‍ട്ട്/സ്റ്റോപ്പ് ബട്ടണ്‍ എന്നിവ ഏറെ സൗകര്യപ്രദമാണ്.

2022 മാരുതി സുസുകി ബ്രെസ്സ ഉപയോഗിക്കുന്നത് 1.5 ലിറ്റര്‍, കെ12സി പെട്രോള്‍ എന്‍ജിനാണ്. ഈ എന്‍ജിന്‍ പരമാവധി 103 ബിഎച്ച്പി കരുത്തും 138 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 900 ആര്‍പിഎമ്മില്‍ 3 ബിഎച്ച്പി സൃഷ്ടിക്കുന്ന മൈല്‍ഡ് ഹൈബ്രിഡ് മോട്ടോര്‍ കൂടെ നല്‍കി. 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനിലും പുതുതായി 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഓപ്ഷനിലും പരിഷ്‌കരിച്ച ബ്രെസ്സ ലഭിക്കും. ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, റോള്‍ ഓവര്‍ മിറ്റിഗേഷന്‍ എന്നിവ സ്റ്റാന്‍ഡേഡ് സുരക്ഷാ ഫീച്ചറുകളാണ്. ആറ് എയര്‍ബാഗുകള്‍, 360 ഡിഗ്രി ക്യാമറ തുടങ്ങിയ ഫീച്ചറുകള്‍ ടോപ് സ്‌പെക് വേരിയന്റിനായി പരിമിതപ്പെടുത്തി.

മാനുവല്‍ ട്രാന്‍സ്മിഷന്‍ (എംടി)
എല്‍എക്‌സ്‌ഐ എംടി……………..7.99 ലക്ഷം രൂപ
വിഎക്‌സ്‌ഐ എംടി…………………9.46 ലക്ഷം രൂപ
സെഡ്എക്‌സ്‌ഐ എംടി………………..10.86 ലക്ഷം രൂപ
സെഡ്എക്‌സ്‌ഐ എംടി ഡുവല്‍ ടോണ്‍……………….11.02 ലക്ഷം രൂപ
സെഡ്എക്‌സ്‌ഐ പ്ലസ് എംടി………………..12.30 ലക്ഷം രൂപ
സെഡ്എക്‌സ്‌ഐ പ്ലസ് എംടി ഡുവല്‍ ടോണ്‍……………..12.46 ലക്ഷം രൂപ
ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ (എടി)
വിഎക്‌സ്‌ഐ എടി………………..10.96 ലക്ഷം രൂപ
സെഡ്എക്‌സ്‌ഐ എടി…………………12.36 ലക്ഷം രൂപ
സെഡ്എക്‌സ്‌ഐ എടി ഡുവല്‍ ടോണ്‍……………12.52 ലക്ഷം രൂപ
സെഡ്എക്‌സ്‌ഐ പ്ലസ് എടി………………….13.80 ലക്ഷം രൂപ
സെഡ്എക്‌സ്‌ഐ പ്ലസ് എടി ഡുവല്‍ ടോണ്‍………………13.96 ലക്ഷം രൂപ
സബ്‌സ്‌ക്രിപ്ഷന്‍ : പ്രതിമാസം 18,300 രൂപ

