Top Spec

The Top-Spec Automotive Web Portal in Malayalam

ടൊയോട്ട ഹൈറൈഡര്‍ ജൂലൈ ഒന്നിന്; ടീസര്‍ പുറത്ത്

സെല്‍ഫ് ചാര്‍ജിംഗ് ഹൈബ്രിഡ് ഇലക്ട്രിക് എസ്‌യുവിയാണ് ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ ഇത്തവണ വിപണിയിലെത്തിക്കുന്നത്

ടൊയോട്ടയുടെ പുതിയ മോഡല്‍ ജൂലൈ ഒന്നിന് ഇന്ത്യയില്‍ ആഗോള അരങ്ങേറ്റം നടത്തും. ഇതിന് മുന്നോടിയായി വാഹനത്തിന്റെ ടീസര്‍ ചിത്രം കമ്പനി പുറത്തുവിട്ടു. സെല്‍ഫ് ചാര്‍ജിംഗ് ഹൈബ്രിഡ് ഇലക്ട്രിക് എസ്‌യുവിയാണ് ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ ഇത്തവണ വിപണിയിലെത്തിക്കുന്നത്. പുതിയ മോഡലിന് ഹൈറൈഡര്‍ എന്ന പേര് നല്‍കുമെന്നാണ് പ്രചരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല. സുസുകിയുമായി ചേര്‍ന്ന് സംയുക്തമായാണ് കോംപാക്റ്റ് എസ്‌യുവി വികസിപ്പിക്കുന്നത്. ടീസര്‍ ചിത്രത്തില്‍ കാറിന്റെ മുന്‍ഭാഗം മാത്രമാണ് കാണാനാകുന്നത്. പുതിയ മോഡലിന്റെ രൂപകല്‍പ്പന വ്യക്തമാക്കുന്നതാണ് ഈ ടീസര്‍.

ഇന്നത്തെ പല എസ്‌യുവികളിലും സാധാരണമായിരിക്കുന്ന സ്പ്ലിറ്റ് ഹെഡ്‌ലാംപ് ഡിസൈനാണ് ഹൈറൈഡര്‍ പിന്തുടരുന്നത്. ഗ്രില്ലിന് ഇരുപാര്‍ശ്വങ്ങളിലായി മുകളില്‍ എല്‍ഇഡി ഡേടൈം റണ്ണിംഗ് ലാംപുകള്‍ നല്‍കി. ഇരുവശങ്ങളില്‍ നിന്നും മധ്യഭാഗത്തെ ടൊയോട്ട ലോഗോയിലേക്ക് വണ്ണമുള്ള ക്രോം ബാര്‍ കാണാം. ബംപറിന്റെ താഴ്ഭാഗത്താണ് പ്രധാന ഹെഡ്‌ലാംപ് യൂണിറ്റ്. മധ്യഭാഗത്തെ എയര്‍ ഡാമിന് വളരെ പ്രാധാന്യം ലഭിച്ചു. ബംപറിന്റെ താഴ്ഭാഗത്ത് അയഥാര്‍ത്ഥ സ്‌കിഡ് പ്ലേറ്റ് നല്‍കി. ഡുവല്‍ ടോണ്‍ പെയിന്റ് ഫിനിഷുകള്‍ ലഭ്യമായിരിക്കും.

ബെംഗളൂരുവിലെ ടൊയോട്ട പ്ലാന്റില്‍ പുതിയ കോംപാക്റ്റ് എസ്‌യുവി നിര്‍മിക്കും. ടൊയോട്ട അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെ വാഹനത്തിന്റെ സുസുകി വേര്‍ഷന്‍ പുറത്തിറക്കും. സ്മാര്‍ട്ട് ഹൈബ്രിഡ് സാങ്കേതികവിദ്യയോടെ 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരുപക്ഷേ സ്‌ട്രോംഗ് ഹൈബ്രിഡ് മോഡല്‍ കൊണ്ടുവന്നേക്കാം.