Top Spec

The Top-Spec Automotive Web Portal in Malayalam

സുസുകി ഇന്‍ട്രൂഡര്‍ 155 വിപണി വിടുന്നു

ബജാജ് അവഞ്ചര്‍ ക്രൂസ് 220 മോട്ടോര്‍സൈക്കിളിന് വെല്ലുവിളി ഉയര്‍ത്തി 2017 അവസാനത്തോടെയാണ് സുസുകി തങ്ങളുടെ ഈ ക്രൂസര്‍ അവതരിപ്പിച്ചത്

ഇന്ത്യയില്‍ സുസുകി ഇന്‍ട്രൂഡര്‍ 155 നിര്‍ത്തി. ബജാജ് അവഞ്ചര്‍ ക്രൂസ് 220 മോട്ടോര്‍സൈക്കിളിന് വെല്ലുവിളി ഉയര്‍ത്തി 2017 അവസാനത്തോടെയാണ് സുസുകി തങ്ങളുടെ ഈ ക്രൂസര്‍ അവതരിപ്പിച്ചത്. ഇപ്പോള്‍ നാല് വര്‍ഷങ്ങള്‍ക്ക് ശേഷം മോട്ടോര്‍സൈക്കിളിന്റെ ഉല്‍പ്പാദനം നിര്‍ത്താന്‍ തീരുമാനിച്ചിരിക്കുകയാണ് ജാപ്പനീസ് നിര്‍മാതാക്കള്‍.

2021 തുടക്കം മുതല്‍ വില്‍പ്പനയില്‍ ഇടിവ് സംഭവിച്ചതാണ് ഇപ്പോള്‍ സുസുകി ഇന്‍ട്രൂഡര്‍ 155 നിര്‍ത്തലാക്കുന്നതിന് കാരണം. 220 സിസി എന്‍ജിന്‍ (18.4 ബിഎച്ച്പി) ഉപയോഗിക്കുന്ന ബജാജ് അവഞ്ചര്‍ ക്രൂസ് 220 മോട്ടോര്‍സൈക്കിളിനേക്കാള്‍ ഏകദേശം 10,000 രൂപ മാത്രം കുറവായിരുന്നു 154.9 സിസി മോട്ടോര്‍ (13.4 ബിഎച്ച്പി) കരുത്തേകുന്ന സുസുകി ഇന്‍ട്രൂഡര്‍ 155.

ഇന്‍ട്രൂഡര്‍ 250 മോട്ടോര്‍സൈക്കിളിന് ഇതിനകം ഇന്ത്യയില്‍ പേറ്റന്റ് ലഭിച്ചിട്ടുണ്ടെങ്കിലും, ഇന്‍ട്രൂഡര്‍ 155 മോഡലിന്റെ വിധി കണക്കിലെടുക്കുമ്പോള്‍ ഇവിടെ ലോഞ്ച് ചെയ്യാന്‍ സാധ്യതയില്ല. യഥാര്‍ത്ഥത്തില്‍ ഇന്‍ട്രൂഡര്‍ എം 1800 എന്ന വലിയ മോട്ടോര്‍സൈക്കിളിന്റെ ഡിസൈന്‍ ഭാഷ കടമെടുത്താണ് ഇന്‍ട്രൂഡര്‍ 155 രൂപകല്‍പ്പന ചെയ്തത്.