Top Spec

The Top-Spec Automotive Web Portal in Malayalam

വര്‍ധിത വീര്യത്തോടെ മഹീന്ദ്ര സ്‌കോര്‍പിയോ-എന്‍

ജൂലൈ 30 ന് ബുക്കിംഗ് സ്വീകരിച്ചുതുടങ്ങും. ഉല്‍സവ സീസണില്‍ ഡെലിവറി ആരംഭിക്കും

മഹീന്ദ്ര സ്‌കോര്‍പിയോ-എന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. സെഡ്2, സെഡ്4, സെഡ്6, സെഡ്8, സെഡ്8എല്‍ എന്നീ അഞ്ച് വേരിയന്റുകളിലും 6 സീറ്റ്, 7 സീറ്റ് വേര്‍ഷനുകളിലും എസ്‌യുവി ലഭിക്കും. 11.99 ലക്ഷം (എന്‍ട്രി ലെവല്‍ പെട്രോള്‍ എംടി) മുതല്‍ 19.49 ലക്ഷം രൂപ (ടോപ് സ്‌പെക് സെഡ്8എല്‍ ഡീസല്‍ എംടി) വരെയാണ് മാനുവല്‍ വേരിയന്റുകളുടെ ഇന്ത്യാ എക്‌സ് ഷോറൂം വില. ആദ്യ 25,000 ബുക്കിംഗുകള്‍ക്ക് മാത്രമായിരിക്കും ഈ വില ബാധകമാകുന്നത്. ഇതിനുശേഷം വില വര്‍ധിപ്പിക്കും. ഓട്ടോമാറ്റിക് വേരിയന്റുകളുടെയും 4 വീല്‍ ഡ്രൈവ് വകഭേദങ്ങളുടെയും വില ജൂലൈ 21 ന് പ്രഖ്യാപിക്കും. 6 സീറ്റ് വേര്‍ഷനുകളുടെ വിലയും ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടില്ല. ജൂലൈ 21 ന് പ്രതീക്ഷിക്കാം. പുതിയ സ്‌കോര്‍പിയോ-എന്‍ ജൂലൈ 5 മുതല്‍ ആഡ്-ടു-കാര്‍ട്ട് ചെയ്യാമെന്ന് മഹീന്ദ്ര അറിയിച്ചു. ജൂലൈ 30 ന് രാവിലെ 11 മണിക്ക് ബുക്കിംഗ് സ്വീകരിച്ചുതുടങ്ങും. ഉല്‍സവ സീസണില്‍ ഡെലിവറി ആരംഭിക്കും. ഗ്രാന്‍ഡ് കാന്യന്‍, റോയല്‍ ഗോള്‍ഡ്, റെഡ് റേജ്, ഡാസ്‌ലിംഗ് സില്‍വര്‍, നാപോളി ബ്ലാക്ക്, എവറസ്റ്റ് വൈറ്റ്, ഡീപ്പ് ഫോറസ്റ്റ് എന്നിവയാണ് കളര്‍ ഓപ്ഷനുകള്‍. ഇപ്പോള്‍ സ്‌കോര്‍പിയോ ക്ലാസിക് എന്ന് നാമകരണം ചെയ്ത പഴയ തലമുറ സ്‌കോര്‍പിയോയുടെ കൂടെ പുതിയ മോഡല്‍ വില്‍ക്കും.

ക്രോം ഇന്‍സേര്‍ട്ടുകളോടു കൂടിയ സവിശേഷ സിക്സ് സ്ലാറ്റ് ഗ്രില്‍, പുതിയ എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാംപുകള്‍, സി ആകൃതിയില്‍ എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ സഹിതം ഫോഗ് ലൈറ്റുകള്‍, പുതിയ ഡുവല്‍ ടോണ്‍ അലോയ് വീലുകള്‍, കോണ്‍ട്രാസ്റ്റ് റൂഫ് റെയിലുകളും സ്‌കിഡ് പ്ലേറ്റുകളും, ലംബമായി സ്ഥാപിച്ച എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍, ഇന്റഗ്രേറ്റഡ് സ്പോയ്‌ലര്‍, ബൂട്ട് ലിഡില്‍ 4എക്‌സ്‌പ്ലോര്‍ ലോഗോ, ഷാര്‍ക്ക് ഫിന്‍ ആന്റിന എന്നിവ പുതിയ മഹീന്ദ്ര സ്‌കോര്‍പിയോ-എന്‍ എസ്‌യുവിയുടെ പുറത്തെ വിശേഷങ്ങളാണ്.

ഡുവല്‍ ടോണ്‍ ബ്ലാക്ക് ആന്‍ഡ് ബ്രൗണ്‍ തീം, ഇലക്ട്രിക് സണ്‍റൂഫ്, ഡുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഡ്രൈവ് മോഡുകള്‍, പുതിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, സോണിയുടെ മ്യൂസിക് സിസ്റ്റം, അഡ്രീനോഎക്സ് കണക്റ്റഡ് കാര്‍ ടെക്നോളജി, രണ്ടാം നിരയില്‍ ക്യാപ്റ്റന്‍ സീറ്റുകള്‍ എന്നിവ അകത്തെ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.

മഹീന്ദ്രയുടെ ഥാര്‍, എക്‌സ്‌യുവി700 വാഹനങ്ങള്‍ക്ക് കരുത്തേകുന്ന അതേ എന്‍ജിനുകളാണ് സ്‌കോര്‍പിയോ-എന്‍ ഉപയോഗിക്കുന്നത്. അതായത്, 2.0 ലിറ്റര്‍ എംസ്റ്റാലിയന്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍, 2.2 ലിറ്റര്‍ എംഹോക് ഡീസല്‍ മോട്ടോര്‍ എന്നിവയാണ് എന്‍ജിന്‍ ഓപ്ഷനുകള്‍. പരമാവധി 203 എച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കുന്ന ആദ്യത്തെ എന്‍ജിന്‍ മാനുവല്‍, ഓട്ടോമാറ്റിക് വേര്‍ഷനുകളില്‍ യഥാക്രമം 370 എന്‍എം, 380 എന്‍എം ടോര്‍ക്ക് പുറത്തെടുക്കും. രണ്ടാമത്തേത് 132 എച്ച്പി/300 എന്‍എം, 175 എച്ച്പി/370 എന്‍എം (മാനുവല്‍), 400 എന്‍എം (ഓട്ടോമാറ്റിക്) എന്നിങ്ങനെ രണ്ട് വിധത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകള്‍ ലഭ്യമായിരിക്കും. മഹീന്ദ്ര 4എക്സ്പ്ലോര്‍ എന്ന് വിളിക്കുന്ന 4 വീല്‍ ഡ്രൈവ് സിസ്റ്റവും കമ്പനി വാഗ്ദാനം ചെയ്യുന്നു.

സെഡ്2 പെട്രോള്‍ എംടി…………………….. 11.99 ലക്ഷം രൂപ
സെഡ്2 ഡീസല്‍ എംടി…………………………12.49 ലക്ഷം രൂപ
സെഡ്4 പെട്രോള്‍ എംടി……………………….13.49 ലക്ഷം രൂപ
സെഡ്4 ഡീസല്‍ എംടി…………………………13.99 ലക്ഷം രൂപ
സെഡ്6 ഡീസല്‍ എംടി…………………………14.99 ലക്ഷം രൂപ
സെഡ്8 പെട്രോള്‍ എംടി……………………….16.99 ലക്ഷം രൂപ
സെഡ്8 ഡീസല്‍ എംടി…………………………17.49 ലക്ഷം രൂപ
സെഡ്8എല്‍ പെട്രോള്‍ എംടി……………..18.99 ലക്ഷം രൂപ
സെഡ്8എല്‍ ഡീസല്‍ എംടി………………..19.49 ലക്ഷം രൂപ