Top Spec

The Top-Spec Automotive Web Portal in Malayalam

കണ്ടാല്‍ കണ്ണുതള്ളും; ലംബോര്‍ഗിനി അവെന്റഡോര്‍ ഉള്‍ട്ടിമേ ഇന്ത്യയില്‍!

ലംബോര്‍ഗിനി തങ്ങളുടെ വൈദ്യുതീകരണം ആരംഭിക്കുന്നതിന് മുമ്പ് ഇറ്റാലിയന്‍ ബ്രാന്‍ഡില്‍ നിന്നുള്ള അവസാന നാച്ചുറലി ആസ്പിറേറ്റഡ് വി12 മോഡലാണ് അവെന്റഡോര്‍ ഉള്‍ട്ടിമേ

ലംബോര്‍ഗിനി അവെന്റഡോര്‍ ഉള്‍ട്ടിമേ ഇന്ത്യയില്‍ ഔദ്യോഗികമായി അവതരിപ്പിച്ചു! റോഡ്‌സ്റ്റര്‍ വേര്‍ഷനാണ് ഇന്ത്യയിലെത്തിയത്. ഏകദേശം ഏഴ് മുതല്‍ എട്ട് കോടി രൂപ വരെ ഓണ്‍ റോഡ് വില വരുമെന്നാണ് കണക്കുകൂട്ടുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഗുഡ്‌വുഡ് ഫെസ്റ്റിവല്‍ ഓഫ് സ്പീഡിലാണ് ഈ മോഡല്‍ അരങ്ങേറ്റം കുറിച്ചത്. ലംബോര്‍ഗിനി തങ്ങളുടെ വൈദ്യുതീകരണം ആരംഭിക്കുന്നതിന് മുമ്പ് ഇറ്റാലിയന്‍ ബ്രാന്‍ഡില്‍ നിന്നുള്ള അവസാന നാച്ചുറലി ആസ്പിറേറ്റഡ് വി12 മോഡലാണ് അവെന്റഡോര്‍ ഉള്‍ട്ടിമേ.

ആഗോളതലത്തില്‍ അവെന്റഡോര്‍ ഉള്‍ട്ടിമേയുടെ 600 യൂണിറ്റ് മാത്രമാണ് ലംബോര്‍ഗിനി നിര്‍മിക്കുന്നത്. ഇതില്‍ 350 യൂണിറ്റ് കൂപ്പെകളും 250 യൂണിറ്റ് റോഡ്സ്റ്ററുകളും ആയിരിക്കും. ഇന്ത്യന്‍ വിപണിക്കായി ഒരേയൊരു യൂണിറ്റ് മാത്രമാണ് വകയിരുത്തിയത്. മോഡലിന്റെ ഓരോ യൂണിറ്റിലും 001 മുതല്‍ 250/350 വരെ (കൂപ്പെ അല്ലെങ്കില്‍ റോഡ്സ്റ്റര്‍ വകഭേദങ്ങള്‍ അനുസരിച്ച്) നമ്പര്‍ രേഖപ്പെടുത്തും. കൂടാതെ സ്‌പെഷല്‍ എഡിഷന്റെ സീറ്റ് ബോള്‍സ്റ്ററില്‍ ‘ഉള്‍ട്ടിമേ’ എന്ന് എംബ്രോയ്ഡറി ചെയ്തിരിക്കും.

മുന്നില്‍ പുതിയ ബംപര്‍, മുന്നിലും പിന്നിലും യഥാക്രമം 21 ഇഞ്ച്, 22 ഇഞ്ച് വ്യാസമുള്ള ചക്രങ്ങള്‍, കാര്‍ബണ്‍ സെറാമിക് ബ്രേക്കുകള്‍ എന്നിവ 2022 ലംബോര്‍ഗിനി അവെന്റഡോര്‍ ഉള്‍ട്ടിമേയുടെ ഹൈലൈറ്റുകളില്‍ ചിലതാണ്. പതിനെട്ട് കളര്‍ ഓപ്ഷനുകള്‍ സ്റ്റാന്‍ഡേഡായി ലഭിക്കും. ആഡ് പേഴ്സോണം പ്രോഗ്രാം അനുസരിച്ച് ഇത് മുന്നൂറിന് മുകളില്‍ പോകും.

ലംബോര്‍ഗിനിയുടെ അവസാന പ്യുര്‍ നാച്ചുറലി ആസ്പിറേറ്റഡ് വി12 മോഡലിന് 6.5 ലിറ്റര്‍ എന്‍ജിനാണ് കരുത്തേകുന്നത്. പരമാവധി 769 ബിഎച്ച്പി കരുത്തും 720 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ നൂറ് കിമീ വേഗമാര്‍ജിക്കാന്‍ വെറും 2.8 സെക്കന്‍ഡ് മതി. മണിക്കൂറില്‍ 355 കിലോമീറ്ററാണ് ടോപ് സ്പീഡ്.

ഇതുവരെ നിര്‍മിച്ചതില്‍ ഏറ്റവും കരുത്തുറ്റ അവെന്റഡോറാണ് അവെന്റഡോര്‍ എല്‍പി 780-4 ഉള്‍ട്ടിമേ എന്ന് ലംബോര്‍ഗിനി ഇന്ത്യാ മേധാവി ശരദ് അഗര്‍വാള്‍ പറഞ്ഞു. ഇന്ത്യയിലെ തങ്ങളുടെ ഉപയോക്താക്കള്‍ക്കായി റോഡ്സ്റ്റര്‍ വേര്‍ഷന്‍ അവതരിപ്പിക്കുന്നതില്‍ ആവേശഭരിതനാണ്. ലംബോര്‍ഗിനിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച പെര്‍ഫോമന്‍സ് കാഴ്ച്ചവെയ്ക്കുന്ന നാച്ചുറലി ആസ്പിറേറ്റഡ് വി12 എന്‍ജിനൊപ്പം നൂതന സാങ്കേതികവിദ്യകളും സമാനതകളില്ലാത്ത രൂപകല്‍പ്പനയും ചേര്‍ന്നതാണ് ഉള്‍ട്ടിമേ. ഇന്ത്യന്‍ വിപണിയിലെ കാലാതീതമായ മാസ്റ്റര്‍പീസായി ഉള്‍ട്ടിമേ മാറുമെന്ന് അദ്ദേഹം പ്രസ്താവിച്ചു.