Top Spec

The Top-Spec Automotive Web Portal in Malayalam

കോണ്ടസ്സ ബ്രാന്‍ഡ് വില്‍ക്കുന്നു

എസ്ജി കോര്‍പ്പറേറ്റ് മൊബിലിറ്റിയാണ് ഹിന്ദുസ്ഥാന്‍ മോട്ടോഴ്സില്‍ നിന്ന് ബ്രാന്‍ഡ് വാങ്ങുന്നത്

ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് തങ്ങളുടെ കോണ്ടസ്സ ബ്രാന്‍ഡ് വില്‍ക്കുന്നു. ഹരിയാണയിലെ ഗുരുഗ്രാം ആസ്ഥാനമായ എസ്ജി കോര്‍പ്പറേറ്റ് മൊബിലിറ്റി എന്ന കമ്പനിക്കാണ് വില്‍ക്കുന്നതെന്ന് ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ സമര്‍പ്പിച്ച റെഗുലേറ്ററി ഫയലിംഗ് വ്യക്തമാക്കുന്നു. ഈ മാസം 16 ന് രണ്ട് കമ്പനികളും ബ്രാന്‍ഡ് കൈമാറ്റ കരാര്‍ ഒപ്പുവെച്ചു. ബ്രാന്‍ഡ് സംബന്ധിച്ച മറ്റ് ചില അവകാശങ്ങള്‍ക്കൊപ്പം ആപ്ലിക്കേഷന്‍ നമ്പര്‍ സഹിതം വ്യാപാരമുദ്രകളും കരാറില്‍ ഉള്‍പ്പെടുന്നു.

ഹിന്ദുസ്ഥാന്‍ അംബാസഡറിന്റെ കൂടുതല്‍ അപ്മാര്‍ക്കറ്റ് ബദലായിരുന്നു കോണ്ടസ്സ എന്ന ബ്രാന്‍ഡ്. 1984 ലാണ് സെഡാന്‍ അവതരിപ്പിച്ചത്. പുതിയ കാര്‍ നിര്‍മാതാക്കളില്‍ നിന്നുള്ള മല്‍സരവും സാങ്കേതികവിദ്യയിലെ പുരോഗതിയും കാരണം 2002 ല്‍ കോണ്ടസ്സ കാറുകളുടെ ഉല്‍പ്പാദനം ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് നിര്‍ത്തി. 2014 മുതല്‍ ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് ഇന്ത്യയില്‍ ഒരു കാര്‍ പോലും നിര്‍മിച്ചിട്ടില്ല. അഞ്ച് പതിറ്റാണ്ടിലധികം കാലം വിറ്റുവന്ന അംബാസഡര്‍ ആയിരുന്നു അവസാന മോഡല്‍.

ഇപ്പോള്‍ സ്‌റ്റെല്ലാന്റിസിന്റെ ഭാഗമായ പിഎസ്എ ഗ്രൂപ്പ് (പ്യൂഷോ സിട്രോയെന്‍) എന്ന ഫ്രഞ്ച് ഓട്ടോമോട്ടീവ് ഭീമന്‍ 2017 ല്‍ ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സില്‍ നിന്ന് അംബാസഡര്‍ ബ്രാന്‍ഡ് സ്വന്തമാക്കിയിരുന്നു. 80 കോടി രൂപയുടേതായിരുന്നു കരാര്‍. കോണ്ടസ്സ എന്ന പേര് എസ്ജി കോര്‍പ്പറേറ്റ് മൊബിലിറ്റി എങ്ങനെ ഉപയോഗിക്കുമെന്ന് കാത്തിരുന്ന് കാണാം.