Top Spec

The Top-Spec Automotive Web Portal in Malayalam

ഗുരുവായൂര്‍ ഥാര്‍ സ്വന്തമാക്കി വിഘ്‌നേഷ് വിജയകുമാര്‍

43 ലക്ഷം രൂപ നല്‍കാന്‍ തയ്യാറായ ദുബായ് ബിസിനസുകാരന്‍ എസ്‌യുവി സ്വന്തമാക്കി

ഗുരുവായൂരപ്പന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര വഴിപാടായി സമര്‍പ്പിച്ച മഹീന്ദ്ര ഥാര്‍ വീണ്ടും ലേലം ചെയ്തു. 43 ലക്ഷം രൂപ നല്‍കാന്‍ തയ്യാറായ ദുബായ് ബിസിനസുകാരന്‍ വിഘ്‌നേഷ് വിജയകുമാര്‍ പുതിയ ലേലത്തിലൂടെ എസ്‌യുവി സ്വന്തമാക്കി.

ഗുരുവായൂര്‍ ക്ഷേത്രത്തിന് കഴിഞ്ഞ ഡിസംബര്‍ നാലിന് വഴിപാടായി ലഭിച്ച വാഹനം ഡിസംബര്‍ 18 ന് ലേലം ചെയ്തിരുന്നു. പ്രവാസി വ്യവസായി അമല്‍ മുഹമ്മദ് അലി മാത്രമാണ് അന്ന് ലേലത്തില്‍ പങ്കെടുത്തത്. 15.10 ലക്ഷം രൂപയ്ക്കാണ് കഴിഞ്ഞ തവണ ലേലം കൊണ്ടത്. വ്യവസായിക്കുവേണ്ടി സുഭാഷ് പണിക്കര്‍ എന്ന വ്യക്തിയാണ് ലേലത്തില്‍ പങ്കെടുത്തത്. ഒരാള്‍ മാത്രം പങ്കെടുത്ത ലേലത്തിനെതിരെ ഹിന്ദുസേവാ സംഘം ഹൈക്കോടതിയെ സമീപിക്കുകയും ആദ്യ ലേലം റദ്ദാക്കി വീണ്ടും ലേലം നടത്താന്‍ തീരുമാനിക്കുകയുമായിരുന്നു.

പതിനഞ്ച് പേരാണ് ഇപ്പോഴത്തെ ലേലത്തില്‍ പങ്കെടുത്തത്. ആദ്യ റൗണ്ടില്‍ തന്നെ ലേലത്തുക 33 ലക്ഷം കടന്നു. 40.50 ലക്ഷം രൂപയ്ക്ക് ലേലം വിളിച്ച മഞ്ജുഷ എന്ന വ്യക്തി ഥാര്‍ സ്വന്തമാക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അവസാനം 43 ലക്ഷം വിളിച്ച വിഘ്‌നേഷ് വിജയകുമാറിന് ലേലം ഉറപ്പിച്ചു. ലേലത്തുക കൂടാതെ ജിഎസ്ടി കൂടി വിഘ്‌നേഷ് അടയ്‌ക്കേണ്ടിവരും. ഏകദേശം 16.35 ലക്ഷം രൂപയാണ് മഹീന്ദ്ര ഥാറിന് കൊച്ചി ഓണ്‍ റോഡ് വില.