Top Spec

The Top-Spec Automotive Web Portal in Malayalam

കാലോചിത പരിഷ്‌കാരങ്ങളോടെ പുതിയ ഹ്യുണ്ടായ് വെന്യൂ

ഇന്ത്യാ എക്‌സ് ഷോറൂം പ്രാരംഭ വില 7.53 ലക്ഷം മുതല്‍

2022 ഹ്യുണ്ടായ് വെന്യൂ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 7.53 ലക്ഷം രൂപ മുതലാണ് രാജ്യമെങ്ങും എക്‌സ് ഷോറൂം പ്രാരംഭ വില. പോളാര്‍ വൈറ്റ്, ടൈഫൂണ്‍ സില്‍വര്‍, ഫാന്റം ബ്ലാക്ക്, ഡെനിം ബ്ലൂ, ടൈറ്റന്‍ ഗ്രേ, ഫിയറി റെഡ്, ബ്ലാക്ക് റൂഫ് സഹിതം ഫിയറി റെഡ് (ഡുവല്‍ ടോണ്‍) എന്നീ ഏഴ് കളര്‍ ഓപ്ഷനുകളില്‍ പുതിയ വെന്യൂ ലഭിക്കും. സബ്‌കോംപാക്റ്റ് എസ്‌യുവി സെഗ്‌മെന്റിലെ മാരുതി സുസുകി വിറ്റാര ബ്രെസ, ടാറ്റ നെക്‌സോണ്‍, നിസാന്‍ മാഗ്‌നൈറ്റ്, മഹീന്ദ്ര എക്‌സ്‌യുവി300, കിയ സോണറ്റ്, റെനോ കൈഗര്‍, ടൊയോട്ട അര്‍ബന്‍ ക്രൂസര്‍ എതിരാളികളാണ്.

സമഗ്രമായി പരിഷ്‌കരിച്ച മുന്‍ഭാഗം, പുതിയ ഫീച്ചറുകള്‍ എന്നിവയോടെയാണ് ഫേസ്‌ലിഫ്റ്റ് ചെയ്ത വെന്യൂ വരുന്നത്. ചെറിയ സ്‌ക്വയര്‍ പാറ്റേണും ബ്ലാക്ക് സറൗണ്ടുകളുമായി മുന്നില്‍ പുതിയ ഗ്രില്‍ കാണാം. ബോണറ്റിന്റെ ഇരുവശങ്ങളിലും ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ നല്‍കി. പുതുക്കിപ്പണിത ബംപറുകളില്‍ ഹെഡ്‌ലാംപുകള്‍ ഘടിപ്പിച്ചു. ഫോഗ് ലാംപുകള്‍ക്ക് പകരം ഇപ്പോള്‍ പുതിയ വീതിയേറിയ എയര്‍ ഇന്‍ലെറ്റുകള്‍ ലഭിച്ചതാണ് ബംപറുകള്‍. ക്രോം വിന്‍ഡോ ലൈന്‍, അലോയ് വീലുകള്‍ക്ക് പുതിയ ഡുവല്‍ ടോണ്‍ ഡിസൈന്‍, കണക്റ്റിംഗ് ലൈറ്റ് ബാര്‍ സഹിതം സ്പ്ലിറ്റ് ടെയില്‍ ലാംപുകള്‍, പുതുക്കിയ ഗ്രാഫിക്സ് എന്നിവയും മാറ്റങ്ങളാണ്.

ഡാഷ്‌ബോര്‍ഡ്, ഡോര്‍ പാഡുകള്‍, സീറ്റ് അപ്‌ഹോള്‍സ്റ്ററി എന്നിവയില്‍ കറുപ്പ്, ഇളം തവിട്ടു നിറങ്ങള്‍ ഉപയോഗിച്ചതോടെ ക്യാബിന്‍ ആധുനികമായി കാണപ്പെടുന്നു. എയര്‍ പ്യൂരിഫയര്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 4 സ്പോക്ക് സ്റ്റിയറിംഗ് വളയം, പിന്‍ നിരയില്‍ റിക്ലൈനിംഗ് സീറ്റുകള്‍, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ് എന്നിവ പുതിയ വെന്യൂ എസ്‌യുവിയിലെ മറ്റ് വിശേഷങ്ങളാണ്. മലയാളം ഉള്‍പ്പെടെ പത്ത് പ്രാദേശിക ഭാഷകളില്‍ അലക്‌സ, ഗൂഗിള്‍ അസിസ്റ്റന്റ് സപ്പോര്‍ട്ട് സഹിതം ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം അപ്‌ഡേറ്റ് ചെയ്തു. അറുപതിലധികം കണക്റ്റഡ് കാര്‍ ഫീച്ചറുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഇലക്ട്രിക് സണ്‍റൂഫ്, പുഷ് സ്റ്റാര്‍ട്ട്/സ്റ്റോപ്പ് ബട്ടണ്‍, കൂള്‍ഡ് ഗ്ലവ്‌ബോക്‌സ് എന്നിവ മറ്റ് പ്രധാന സവിശേഷതകളാണ്.

ബോണറ്റിന് കീഴില്‍, 82 ബിഎച്ച്പി കരുത്തും 114 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍, 118 ബിഎച്ച്പി കരുത്തും 172 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍, 99 ബിഎച്ച്പി കരുത്തും 240 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ എന്നിവയാണ് എന്‍ജിന്‍ ഓപ്ഷനുകള്‍. 5 സ്പീഡ് മാനുവല്‍, 6 സ്പീഡ് മാനുവല്‍, ഐഎംടി, ഡിസിടി എന്നിവ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളായി ലഭിക്കും.