Top Spec

The Top-Spec Automotive Web Portal in Malayalam

വണ്‍.. ടൂ.. ത്രീ… നല്ല മണിമണിയായി ഓടാന്‍ പുതിയ ടിവിഎസ് ഐക്യൂബ്

ബേസ് വേരിയന്റിന് 98,564 രൂപയും എസ് വേരിയന്റിന് 1,08,690 രൂപയുമാണ് ഡെല്‍ഹി ഓണ്‍ റോഡ് വില. എസ്ടി വേര്‍ഷന്‍ പിന്നീട് വിപണിയിലെത്തും

2020 ജനുവരിയില്‍ ബെംഗളൂരുവില്‍ ‘ഐക്യൂബ്’ അനാവരണം ചെയ്താണ് ഇന്ത്യയിലെ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ ടിവിഎസ് മോട്ടോര്‍ കമ്പനി രംഗപ്രവേശം ചെയ്തത്. ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് സ്‌കൂട്ടര്‍ പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 75 കിലോമീറ്റര്‍ മാത്രമാണ് സഞ്ചരിക്കാന്‍ സാധിച്ചിരുന്നത്. തുടക്കത്തില്‍ ബെംഗളൂരുവില്‍ മാത്രം വിറ്റ ടിവിഎസ് ഐക്യൂബ് പിന്നീട് ഡെല്‍ഹി, ചെന്നൈ, പുണെ, കൊച്ചി ഉള്‍പ്പെടെ രാജ്യത്തെ മറ്റ് നഗരങ്ങളിലും ലഭ്യമായിത്തുടങ്ങി. ടിവിഎസ് മോട്ടോര്‍ കമ്പനി ഇപ്പോള്‍ തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ കാലോചിതമായി പരിഷ്‌കരിച്ചിരിക്കുകയാണ്. നേരത്തെ ഏക കളര്‍ ഓപ്ഷനിലാണ് ലഭിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ മൂന്ന് വേരിയന്റുകളിലും പതിനൊന്ന് പെയിന്റ് ഓപ്ഷനുകളിലും മൂന്ന് ചാര്‍ജിംഗ് ഓപ്ഷനുകളിലും ടിവിഎസ് ഐക്യൂബ് ലഭിക്കും. മാത്രമല്ല, ഇപ്പോള്‍ ഒറ്റ പൂര്‍ണ ചാര്‍ജില്‍ കൂടുതല്‍ ദൂരം സഞ്ചരിക്കാം.

വണ്‍.. ടൂ.. ത്രീ… എന്നാണ് പുതിയ പതിപ്പിനെക്കുറിച്ച് ടിവിഎസ് മോട്ടോര്‍ കമ്പനി വാചാലരാകുന്നത്. ഓരോ ആഴ്ച്ചയിലും രണ്ട് തവണ മാത്രം ചാര്‍ജ് ചെയ്താല്‍ ദിവസവും മൂന്ന് രൂപ ചെലവില്‍ നല്ല മണിമണിയായി ഓടും. ടിവിഎസ് ഐക്യൂബ് ബേസ് വേരിയന്റിന് 98,564 രൂപയും എസ് വേരിയന്റിന് 1,08,690 രൂപയുമാണ് ഡെല്‍ഹി ഓണ്‍ റോഡ് വില. എസ്ടി വേര്‍ഷന്‍ പിന്നീട് വിപണിയിലെത്തും. ബേസ്, എസ് വേരിയന്റുകള്‍ ഇപ്പോള്‍ ബുക്ക് ചെയ്യാം. അതേസമയം, എസ്ടി വേര്‍ഷന്റെ പ്രീ-ബുക്കിംഗ് സ്വീകരിച്ചുതുടങ്ങി.

സൗകര്യപ്രദമായ യുഐ സഹിതം 7 ഇഞ്ച് ടിഎഫ്ടി ടച്ച്‌സ്‌ക്രീന്‍, വോയ്‌സ് അസിസ്റ്റന്‍സ്, ടിവിഎസ് ഐക്യൂബ് അലക്‌സ സ്‌കില്‍സെറ്റ്, ഒടിഎ അപ്‌ഡേറ്റുകള്‍, ഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനം, വാഹനത്തിന്റെ സുരക്ഷ സംബന്ധിച്ച അറിയിപ്പുകള്‍, ബ്ലൂടൂത്ത് ആന്‍ഡ് ക്ലൗഡ് കണക്റ്റിവിറ്റി സംബന്ധിച്ച നിരവധി ഓപ്ഷനുകള്‍, 32 ലിറ്റര്‍ സ്റ്റോറേജ് തുടങ്ങി അനേകം പുതിയ ഫീച്ചറുകളോടെയാണ് പുതിയ ഐക്യൂബ് വരുന്നത്.

ബേസ്, എസ് വേരിയന്റുകളേക്കാള്‍ കൂടുതല്‍ റേഞ്ച് നല്‍കുന്ന വലിയ ബാറ്ററി പായ്ക്ക് ലഭിച്ചതാണ് എസ്ടി വേരിയന്റ്. ടോപ് സ്‌പെക് വേരിയന്റിലെ 5.1 കിലോവാട്ട് ഔര്‍ ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 140 കിലോമീറ്റര്‍ ഓണ്‍ റോഡ് റേഞ്ച് ലഭിക്കും. 1.5 കിലോവാട്ട് ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ എസ്ടി വേരിയന്റ് പൂര്‍ണമായി റീചാര്‍ജ് ചെയ്യുന്നതിന് നാല് മണിക്കൂര്‍ ആറ് മിനിറ്റ് മതി. 3.4 കിലോവാട്ട് ഔര്‍ ബാറ്ററിയാണ് ബേസ്, എസ് വേരിയന്റുകളില്‍ നല്‍കിയത്. ഒറ്റ പൂര്‍ണ ചാര്‍ജില്‍ 100 കിലോമീറ്റര്‍ ഓണ്‍ റോഡ് റേഞ്ച് ലഭിക്കും. നാലര മണിക്കൂറിനുള്ളില്‍ പൂര്‍ണമായി റീചാര്‍ജ് ചെയ്യാം.

പതിനൊന്ന് കളര്‍ ഓപ്ഷനുകളില്‍ പുതിയ ടിവിഎസ് ഐക്യൂബ് ലഭ്യമാണ്. തിരഞ്ഞെടുക്കുന്ന വേരിയന്റ് അനുസരിച്ച് പെയിന്റ് ഓപ്ഷനുകള്‍ വ്യത്യാസപ്പെട്ടിരിക്കും. സ്റ്റാര്‍ലൈറ്റ് ബ്ലൂ ഗ്ലോസി, ടൈറ്റാനിയം ഗ്രേ മാറ്റ്, കോറല്‍ സാന്‍ഡ് ഗ്ലോസി, കോപ്പര്‍ ബ്രോണ്‍സ് മാറ്റ് എന്നീ നാല് നിറങ്ങളില്‍ ടോപ് സ്‌പെക് എസ്ടി വേരിയന്റ് ലഭിക്കും. മെര്‍ക്കുറി ഗ്രേ ഗ്ലോസി, മിന്റ് ബ്ലൂ, ലൂസിഡ് യെല്ലോ, കോപ്പര്‍ ബ്രോണ്‍സ് ഗ്ലോസി എന്നിവയാണ് മിഡ് സ്‌പെക് എസ് വേരിയന്റിന് നല്‍കിയ നാല് പെയിന്റ് ഓപ്ഷനുകള്‍. ഷൈനിംഗ് റെഡ്, ടൈറ്റാനിയം ഗ്രേ ഗ്ലോസി, പേള്‍ വൈറ്റ് എന്നീ മൂന്ന് നിറങ്ങളില്‍ ബേസ് വേരിയന്റ് വാങ്ങാം.

ഉപയോക്താക്കളുടെ വ്യക്തിതാല്‍പ്പര്യങ്ങള്‍ക്ക് ഇണങ്ങുന്നവിധം ഏറ്റവും മികച്ച സാങ്കേതികവിദ്യയില്‍ ലോകോത്തര ഇവി ലഭ്യമാക്കാനുള്ള കമ്പനിയുടെ പ്രതിബദ്ധതയുടെ തെളിവാണ് പുതിയ ഐക്യൂബ് എന്ന് ടിവിഎസ് മോട്ടോര്‍ കമ്പനി മാനേജിംഗ് ഡയറക്ടര്‍ സുദര്‍ശന്‍ വേണു പറഞ്ഞു. പുതിയ ടിവിഎസ് ഐക്യൂബ് അവതരിപ്പിച്ചതിലൂടെ ഉപയോക്താക്കള്‍ക്ക് സുഖകരമായ പുത്തന്‍ യാത്രാനുഭവത്തിന് കൂടുതല്‍ അവസരം നല്‍കുകയാണെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ ഫ്യൂച്ചര്‍ മൊബിലിറ്റി സീനിയര്‍ വൈസ് പ്രസിഡന്റ് മനു സക്‌സേന പ്രസ്താവിച്ചു.