ഇന്ത്യാ 2.0 പ്രോജക്റ്റിന്റെ ഭാഗമായാണ് ഷോറൂമുകള്‍ ഡിജിറ്റൈസ് ചെയ്തത്
ഇന്ത്യയില്‍ സ്‌കോഡയുടെ എല്ലാ ഷോറൂമുകളും ഡിജിറ്റൈസ് ചെയ്തു. ഷോറൂമുകളെല്ലാം ഡിജിറ്റൈസ് ചെയ്യുന്ന രാജ്യത്തെ ആദ്യ കാര്‍ നിര്‍മാതാക്കളാണ് തങ്ങളെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യ ബ്രാന്‍ഡ് ഡയറക്റ്റര്‍ സാക് ഹോളിസ് പറഞ്ഞു. ഇന്ത്യാ 2.0 പ്രോജക്റ്റിന്റെ ഭാഗമായാണ് ഷോറൂമുകള്‍ ഡിജിറ്റൈസ് ചെയ്തത്. ഇതേ പ്രോജക്റ്റിന്റെ ഭാഗമായാണ് സ്ലാവിയ, കുശാക്ക് എന്നീ മോഡലുകള്‍ വിപണിയിലെത്തിച്ചത്. പുതിയ കാറുകള്‍ വിപണിയിലിറക്കുന്നത് മാത്രമല്ല ഇന്ത്യ 2.0 പ്രോജക്റ്റ് കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് നേരത്തെ വ്യക്തമാക്കിയതാണെന്ന് സാക് ഹോളിസ് ചൂണ്ടിക്കാട്ടി.
സ്‌കോഡ ഷോറൂമുകളില്‍ പുതിയ അനുഭവം പ്രദാനം ചെയ്യുന്ന ഈ കാല്‍വെപ്പ്, ഷോറൂം ജീവനക്കാരുമായുള്ള ഉപയോക്താക്കളുടെ ഇടപെടല്‍ കൂടുതല്‍ അര്‍ഥവത്താക്കുന്നു. കാറുകളുടെ ഡിസ്‌പ്ലേ കൂടാതെ ടച്ച്‌സ്‌ക്രീന്‍ ‘ഡിജിറ്റല്‍ കാര്‍ ഇന്‍ഫര്‍മേഷന്‍ സ്റ്റാന്‍ഡ്’ കൂടി ഷോറൂമുകളില്‍ ഉണ്ടായിരിക്കും. കസ്റ്റമര്‍ ലോഞ്ചില്‍ 139.7 സെന്റിമീറ്റര്‍ ‘ഇന്ററാക്റ്റീവ് ടേബിള്‍’, ചുവരുകളില്‍ കാറുകളുടെ വിശദാംശങ്ങളോടു കൂടിയ മരം കൊണ്ടുള്ള ചട്ടക്കൂട്, സ്‌കോഡയുടെ പൈതൃകം വരച്ചുകാട്ടുന്ന ഹെറിറ്റേജ് വാള്‍ എന്നിവയാണ് മറ്റ് സവിശേഷതകള്‍.
വിസ്മരിക്കാനാകാത്ത ഓണര്‍ഷിപ്പ് അനുഭവത്തോടൊപ്പം ഒരിക്കലും വിസ്മരിക്കാത്ത പര്‍ച്ചേസ് അനുഭവം കൂടി സമ്മാനിക്കുകയാണ് സ്‌കോഡ. പേപ്പറില്‍ നോക്കി കാറിന്റെ വിശദാംശങ്ങളറിയുന്ന സ്ഥാനത്ത് ടച്ച്‌സ്‌ക്രീനില്‍ എല്ലാം കാണാം. ടച്ച്‌സ്‌ക്രീന്‍ ഇന്ററാക്റ്റീവ് ടേബിളില്‍ വിവിധ മോഡലുകള്‍, വേരിയന്റുകള്‍, കളര്‍ ഓപ്ഷനുകള്‍ എന്നിവയെല്ലാം അറിയാം. ഷോറൂമില്‍ അപ്പോള്‍ ലഭ്യമല്ലാത്ത മോഡലുകളും കളര്‍ ഓപ്ഷനുകളും മനസിലാക്കാന്‍ കഴിയും.
മാത്രമല്ല, ഐകണ്‍സള്‍ട്ടന്റ് ആപ്പിലെ വ്യത്യസ്ത വീഡിയോകള്‍ വഴി എല്ലാ മോഡലുകളും അവയുടെ കളര്‍ ഓപ്ഷനുകളും കാണാവുന്നതാണ്. സെയില്‍സ്മാന്‍മാര്‍ക്ക് ഓരോ ഉല്‍പ്പന്നങ്ങളുടെയും സവിശേഷതകള്‍ ഹൈ ഡെഫനിഷനായി വിവരിച്ചു കൊടുക്കാന്‍ സഹായകമാണ് ഈ ആപ്പ്. ഇടപാടുകാരുടെ താല്‍പ്പര്യങ്ങള്‍ കണക്കിലെടുത്തുള്ള ഇത്തരം നടപടികളിലൂടെ 2022 സ്‌കോഡയുടെ ഏറ്റവും മികച്ച വര്‍ഷമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സാക് ഹോളിസ് പറഞ്ഞു.