Top Spec

The Top-Spec Automotive Web Portal in Malayalam

ഇന്ത്യയില്‍ പുതിയ ആര്‍ആര്‍ സ്‌പോര്‍ട്ട് ബുക്കിംഗ് ആരംഭിച്ചു

എക്സ് ഷോറൂം പ്രാരംഭ വില 1.64 കോടി രൂപ മുതല്‍

മൂന്നാം തലമുറ ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് ആഗോളതലത്തില്‍ അനാവരണം ചെയ്തത്. ഒട്ടും വൈകാതെ പുതിയ ആര്‍ആര്‍ സ്‌പോര്‍ട്ടിന്റെ ബുക്കിംഗ് ഇന്ത്യയില്‍ ആരംഭിച്ചു. 1.64 കോടി രൂപ മുതലാണ് എക്സ് ഷോറൂം പ്രാരംഭ വില. എസ്ഇ, എച്ച്എസ്ഇ, ഓട്ടോബയോഗ്രഫി, ഫസ്റ്റ് എഡിഷന്‍ എന്നീ വേരിയന്റുകളില്‍ എസ്‌യുവി ലഭിക്കും. മാസങ്ങള്‍ക്കുള്ളില്‍ ഡെലിവറി ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

എക്സ്റ്റീരിയര്‍ സ്റ്റൈലിംഗ് സംബന്ധിച്ച്, സ്ലീക്ക് ഹെഡ്‌ലാംപുകള്‍ സഹിതം മുന്നില്‍ പുതിയ ഗ്രില്‍, ബോണറ്റിലും സൈഡ് ഇന്‍ഗോട്ടുകളിലും ഗ്രില്ലിലും കോപ്പര്‍ കളര്‍ ഇന്‍സെര്‍ട്ടുകള്‍, മുന്നില്‍ റീപ്രൊഫൈല്‍ ചെയ്ത ബംപര്‍ എന്നിവ ലഭിച്ചു. 22 ഇഞ്ച് ഡാര്‍ക്ക് ഗ്രേ ഫിനിഷ്ഡ് അലോയ് വീലുകളാണ് ഉപയോഗിക്കുന്നത്.

ക്യാബിനില്‍, 13.1 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, 13.7 ഇഞ്ച് വലുപ്പമുള്ള ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, മുന്‍ നിരയില്‍ ഹീറ്റഡ്, വെന്റിലേഷന്‍ ഫംഗ്ഷനുകളോടെ 22 വിധത്തില്‍ ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന സീറ്റുകള്‍, എയര്‍ പ്യൂരിഫയര്‍, 23 സ്പീക്കറുകള്‍ സഹിതം മെറിഡിയന്‍ സ്റ്റീരിയോ സിസ്റ്റം, പ്രോക്സിമിറ്റി സെന്‍സറുകളോടെ ഫ്‌ളഷ് ഫിറ്റിംഗ് ഡോര്‍ ഹാന്‍ഡിലുകള്‍, സോഫ്റ്റ് ഡോര്‍ ക്ലോസ് എന്നിവ മറ്റ് ഫീച്ചറുകളാണ്.

ബോണറ്റിന് കീഴില്‍, പരമാവധി 346 ബിഎച്ച്പി കരുത്തും 700 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 3.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് കരുത്തേകുന്നത്. പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ആറ് സെക്കന്‍ഡ് മതി. മണിക്കൂറില്‍ 234 കിലോമീറ്ററാണ് ടോപ് സ്പീഡ്. സ്പോര്‍ട്ടിംഗ് ലക്ഷ്വറിയെ പുനര്‍നിര്‍വചിക്കുന്നതാണ് പുതിയ റേഞ്ച് റോവര്‍ സ്പോര്‍ട്ട് എന്ന് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ രോഹിത് സൂരി പറഞ്ഞു.