Top Spec

The Top-Spec Automotive Web Portal in Malayalam

നാടും നഗരവും ഇളക്കിമറിക്കാന്‍ പുതിയ മഹീന്ദ്ര സ്‌കോര്‍പിയോ-എന്‍

ഔദ്യോഗിക ചിത്രങ്ങള്‍ പുറത്തിറക്കി രണ്ടാം തലമുറ സ്‌കോര്‍പിയോ-എന്‍ അനാവരണം ചെയ്തു. ജൂണ്‍ 27 ന് വിപണിയില്‍ അവതരിപ്പിക്കും

ആഗോള വിപണി ലക്ഷ്യമാക്കി മഹീന്ദ്ര നിര്‍മിച്ച ആദ്യ മോഡലായിരുന്നു സ്‌കോര്‍പിയോ. 2022 ല്‍ ഈ മിഡ്‌സൈസ് എസ്‌യുവി ഇരുപത് വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. 2002 ജൂണിലാണ് ആദ്യ തലമുറ മഹീന്ദ്ര സ്‌കോര്‍പിയോ വിപണിയിലെത്തിയത്. ഇതേതുടര്‍ന്ന് 2006 ല്‍ ആദ്യ ഫേസ്‌ലിഫ്റ്റും 2009 ല്‍ രണ്ടാമത്തെ ഫേസ്‌ലിഫ്റ്റും 2014 ല്‍ മൂന്നാമത്തെ ഫേസ്‌ലിഫ്റ്റും പുറത്തിറക്കി. ഇപ്പോള്‍ രണ്ടാം തലമുറ സ്‌കോര്‍പിയോ അനാവരണം ചെയ്തിരിക്കുകയാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. 2022 എത്തിയപ്പോള്‍ മോഡലിന്റെ പേര് അല്‍പ്പം പരിഷ്‌കരിച്ചു. പുതു തലമുറ മോഡലിനെ മഹീന്ദ്ര സ്‌കോര്‍പിയോ-എന്‍ എന്നാണ് കമ്പനി വിളിക്കുന്നത്. എല്ലാ എസ്‌യുവികളുടെയും ബിഗ് ഡാഡി എന്ന വിശേഷണവും നല്‍കി.

ഔദ്യോഗിക ചിത്രങ്ങള്‍ പുറത്തിറക്കിയാണ് രണ്ടാം തലമുറ മഹീന്ദ്ര സ്‌കോര്‍പിയോ-എന്‍ അനാവരണം ചെയ്തത്. സെഡ്101 എന്ന കോഡ് നാമം നല്‍കിയിരിക്കുന്ന സ്‌പോര്‍ട്ട് യൂട്ടിലിറ്റി വാഹനത്തെ ഏറെ പ്രതീക്ഷയോടെയാണ് വിപണി കാത്തിരിക്കുന്നത്. ചെന്നൈയിലെ മഹീന്ദ്ര റിസര്‍ച്ച് വാലി (എംആര്‍വി), യുഎസിലെ മഹീന്ദ്ര നോര്‍ത്ത് അമേരിക്കന്‍ ടെക്നിക്കല്‍ സെന്റര്‍ (എംഎന്‍എടിസി), മുംബൈയിലെ മഹീന്ദ്ര ഡിസൈന്‍ സ്റ്റുഡിയോ എന്നിവിടങ്ങളിലെ പ്രത്യേക സംഘങ്ങളാണ് പുതിയ മഹീന്ദ്ര സ്‌കോര്‍പിയോ-എന്‍ രൂപകല്‍പ്പന ചെയ്തത്. പുതിയ ബോഡി-ഓണ്‍-ഫ്രെയിം പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയിരിക്കുന്നു. പുണെയിലെ ചാകണ്‍ പ്ലാന്റില്‍ നിര്‍മിക്കും. ജൂണ്‍ 27 നാണ് ഇന്ത്യയില്‍ 2022 മഹീന്ദ്ര സ്‌കോര്‍പിയോ-എന്‍ എസ്‌യുവിയുടെ വിപണി അവതരണം. അതേസമയം, സ്‌കോര്‍പിയോ ക്ലാസിക് എന്ന പേരില്‍ നിലവിലെ മോഡല്‍ വില്‍ക്കും.

ചിത്രങ്ങളില്‍ കാണുന്നതുപോലെ, ക്രോം വെര്‍ട്ടിക്കല്‍ സ്ലാറ്റുകളോടെ പുതിയ ഗ്രില്‍, സ്വീക്വന്‍ഷ്യല്‍ ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ സഹിതം ഡുവല്‍ പ്രൊജക്ടര്‍ ഹെഡ്‌ലാംപുകള്‍ എന്നിവ മുന്‍വശത്തെ പ്രധാന ഡിസൈന്‍ സവിശേഷതകളാണ്. പുനര്‍രൂപകല്‍പ്പന ചെയ്ത ബംപറിന് ഇപ്പോള്‍ ഹണികോംബ് മെഷ് പാറ്റേണ്‍, രണ്ട് അറ്റത്തും പുതുതായി സി ആകൃതിയില്‍ എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ എന്നിവ നല്‍കി.

വശങ്ങളെ സംബന്ധിച്ചിടത്തോളം, മഹീന്ദ്ര എക്‌സ്‌യുവി700 യില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ് പുതിയ മോഡലില്‍ കാണുന്ന ബെല്‍റ്റ്‌ലൈന്‍. ഡുവല്‍-ടോണ്‍ ട്വിന്‍-സ്പോക്ക് അലോയ് വീലുകളില്‍ വാഹനം ഓടും. ക്ലാഡിംഗില്‍ സില്‍വര്‍ ഹൈലൈറ്റുകള്‍ നല്‍കി. ഡോര്‍ ഹാന്‍ഡിലുകളില്‍ ക്രോം ഇന്‍സെര്‍ട്ടുകള്‍, ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ സഹിതം ബോഡിയുടെ അതേ നിറമുള്ള പുറത്തെ റിയര്‍വ്യൂ കണ്ണാടികള്‍ എന്നിവ ലഭിച്ചു. പിറകില്‍, വോള്‍വോ കാറുകളിലേതിന് സമാനമായ സവിശേഷ എല്‍ഇഡി ടെയില്‍ലൈറ്റുകള്‍ കാണാം. ബംപറിന്റെ താഴത്തെ പകുതിയില്‍ ഒരു ക്രോം ലൈന്‍ കടന്നുപോകുകയും റിഫ്‌ളക്ടറുകളെ പൊതിയുകയും ചെയ്യുന്നു. വെള്ളി നിറത്തിലുള്ള ബാഷ് പ്ലേറ്റ് കൂടി ചേര്‍ന്നതോടെ വാഹനത്തിന്റെ സ്‌റ്റൈലിംഗ് പൂര്‍ത്തിയായി.

എസ്‌യുവിയുടെ ഇന്റീരിയര്‍ തല്‍ക്കാലം വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, നേരത്തെ പുറത്തുവന്ന ചില സ്‌പൈ ചിത്രങ്ങള്‍ അനുസരിച്ച് സണ്‍റൂഫ്, മള്‍ട്ടി-ഫംഗ്ഷന്‍ സ്റ്റിയറിംഗ് വളയം, ഡുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ലെതര്‍ അപ്‌ഹോള്‍സ്റ്ററി എന്നിവ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.