Top Spec

The Top-Spec Automotive Web Portal in Malayalam

എഫ്1: സ്പാനിഷ് ജിപിയില്‍ മാക്സ് വെര്‍സ്റ്റാപ്പന്‍

ഡ്രൈവര്‍മാരുടെ ലോക ചാമ്പ്യന്‍ഷിപ്പ് പട്ടികയില്‍ ചാള്‍സ് ലെക്ലര്‍ക്കിനെ മറികടന്ന് വെര്‍സ്റ്റാപ്പന്‍ ഒന്നാം സ്ഥാനത്ത്

എഫ്1 സ്പാനിഷ് ജിപിയില്‍ റെഡ് ബുള്‍ ഡ്രൈവര്‍ മാക്സ് വെര്‍സ്റ്റാപ്പന് ജയം. ബാഴ്‌സലോണ-കാറ്റലോണിയ സര്‍ക്യൂട്ടില്‍ വെന്നിക്കൊടി പാറിച്ചതോടെ ഈ സീസണിലെ ഡ്രൈവര്‍മാരുടെ ലോക ചാമ്പ്യന്‍ഷിപ്പ് പട്ടികയില്‍ നിലവിലെ ലോക ചാമ്പ്യന്‍ ഇതാദ്യമായി ഒന്നാം സ്ഥാനത്ത് എത്തി. ആറാം റൗണ്ടായ സ്പാനിഷ് ജിപി അവസാനിച്ചപ്പോള്‍ 110 പോയന്റുമായി മാക്‌സ് വെര്‍സ്റ്റാപ്പന്‍ ഒന്നാം സ്ഥാനത്തും 104 പോയന്റുമായി ഫെറാറിയുടെ ചാള്‍സ് ലെക്ലര്‍ക്ക് രണ്ടാം സ്ഥാനത്തുമാണ്. സീസണില്‍ ഇതാദ്യമായി ചാള്‍സ് ലെക്ലര്‍ക്ക് രണ്ടാം സ്ഥാനത്തേക്ക് ഇറങ്ങി. ബഹ്‌റൈന്‍, ഓസ്‌ട്രേലിയ ഗ്രാന്‍ പ്രീകളില്‍ ചാള്‍സ് ലെക്ലര്‍ക്ക് വിജയിച്ചപ്പോള്‍ സൗദി അറേബ്യന്‍, എമീലിയ റൊമാഞ്ഞ, മയാമി ഗ്രാന്‍ പ്രീകളില്‍ വിജയം വെര്‍സ്റ്റാപ്പനൊപ്പം നിന്നു.

പോള്‍ പൊസിഷനില്‍ തുടങ്ങിയ ചാള്‍സ് ലെക്ലര്‍ക്കിന് പവര്‍ യൂണിറ്റ് തകരാറ് കാരണം റേസില്‍ നിന്ന് പിന്‍വാങ്ങേണ്ടി വന്നു. മല്‍സരത്തിന്റെ 29 ലാപ്പുകളില്‍ ഫെറാറി ഡ്രൈവറിനായിരുന്നു ആധിപത്യം. ഫെറാറിയുടെ മറ്റൊരു ഡ്രൈവറായ കാര്‍ലോസ് സൈന്‍സ് ജൂനിയറിനും ദിവസം അത്ര നല്ലതായിരുന്നില്ല. ഗ്രിഡില്‍ മൂന്നാം സ്ഥാനത്തുനിന്ന് തുടങ്ങിയ സ്പാനിഷ് ഡ്രൈവര്‍ തുടക്കത്തില്‍ പിറകോട്ട് പോവുകയും ഒരുവേള ചരലിലേക്ക് ഓടിക്കയറുകയും ചെയ്തശേഷം അവസാനം പി4 മാത്രമാണ് നേടാന്‍ കഴിഞ്ഞത്. ഇതോടെ, ഡ്രൈവര്‍ ചാമ്പ്യന്‍ഷിപ്പ് ലീഡ് നഷ്ടപ്പെട്ടതുപോലെ കണ്‍സ്ട്രക്ടര്‍ ചാമ്പ്യന്‍ഷിപ്പ് ലീഡും ഫെറാറിക്ക് കൈമോശം വന്നു. സ്പാനിഷ് ജിപി അവസാനിച്ചപ്പോള്‍ 195 പോയന്റുമായി റെഡ് ബുള്‍ റേസിംഗ് ഒന്നാം സ്ഥാനത്തേക്ക് കയറി. ഫെറാറിയുടെ പോയന്റ് 169.

ഫെറാറിയുടെ രണ്ട് ഡ്രൈവര്‍മാരും മോശം പ്രകടനം കാഴ്ച്ചവെച്ചതോടെ സ്പാനിഷ് ജിപിയില്‍ 1-2 വിജയമാണ് റെഡ് ബുള്‍ നേടിയത്. സെര്‍ജിയോ പെരസ് രണ്ടാമതായി ഫിനിഷ് ചെയ്തു. മെഴ്‌സിഡസിന്റെ ബ്രിട്ടീഷ് ഡ്രൈവര്‍ ജോര്‍ജ് റസ്സല്‍ പി3 നേടി പോഡിയത്തില്‍ കയറിനിന്നു. ഈ സീസണിലെ ആറ് റൗണ്ടുകളിലും ആദ്യ അഞ്ച് സ്ഥാനങ്ങളിലൊന്നില്‍ ഫിനിഷ് ചെയ്യാന്‍ റസ്സലിന് കഴിഞ്ഞു. ഏഴ് തവണ ലോക ചാമ്പ്യനായ സഹതാരവും സ്വന്തം നാട്ടുകാരനുമായ ലൂയിസ് ഹാമില്‍ട്ടണിനെ മറികടന്ന് റസ്സല്‍ വീണ്ടും ഫിനിഷ് ചെയ്യുന്നതിനും ബാഴ്‌സലോണ-കാറ്റലോണിയ സര്‍ക്യൂട്ട് സാക്ഷ്യം വഹിച്ചു. കാര്‍ലോസ് സൈന്‍സ് ജൂനിയര്‍ നാലാമതായി ഓടിയെത്തി. ആദ്യ ലാപ്പില്‍ കെവിന്‍ മാഗ്‌നുസെനിന്റെ കാറുമായി ഉരസിയെങ്കിലും ലൂയിസ് ഹാമില്‍ട്ടണ്‍ അഞ്ചാമതായി ഫിനിഷ് ചെയ്തു.

ആറാമതായി ആല്‍ഫ റോമെയോയുടെ ഫിന്‍ലന്‍ഡ് ഡ്രൈവര്‍ വാല്‍ത്തെറി ബൊത്താസ്, ഏഴാമതായി അല്‍പീന്‍ ടീമിന്റെ ഫ്രഞ്ച് ഡ്രൈവര്‍ എസ്‌റ്റെബാന്‍ ഓകോണ്‍, എട്ടാമതായി മക്‌ലാറന്റെ ബ്രിട്ടീഷ് ഡ്രൈവര്‍ ലാന്‍ഡോ നോറിസ്, ഒമ്പതാമതായി അല്‍പീന്‍ ടീമിന്റെ സ്പാനിഷ് ഡ്രൈവര്‍ ഫെര്‍ണാണ്ടോ അലോണ്‍സോ, പത്താമതായി ആല്‍ഫ ടൗറിയുടെ ജാപ്പനീസ് ഡ്രൈവര്‍ യുകി സുനോഡ എന്നിവര്‍ ഫിനിഷ് ചെയ്ത് പോയന്റുകള്‍ നേടി. പെനാല്‍റ്റി നേരിട്ട അലോണ്‍സോ, ഗ്രിഡില്‍ ഇരുപതാം സ്ഥാനത്തുനിന്ന് തുടങ്ങിയാണ് പി9 നേടിയത്.

ആസ്റ്റണ്‍ മാര്‍ട്ടിന്റെ ജര്‍മന്‍ ഡ്രൈവര്‍ സെബാസ്റ്റിയന്‍ വെറ്റല്‍ പി11, മക്‌ലാറന്റെ ഓസ്‌ട്രേലിയന്‍ ഡ്രൈവര്‍ ഡാനിയല്‍ റിക്കിയാര്‍ഡോ പി12, ആല്‍ഫ ടൗറിയുടെ ഫ്രഞ്ച് ഡ്രൈവര്‍ പിയര്‍ ഗാസ്‌ലി പി13, ഹാസ് ടീമിന്റെ ജര്‍മന്‍ ഡ്രൈവറും ഇതിഹാസ താരം മൈക്കല്‍ ഷൂമാക്കറിന്റെ മകനുമായ മിക്ക് ഷൂമാക്കര്‍ പി14, ആസ്റ്റണ്‍ മാര്‍ട്ടിന്റെ കനേഡിയന്‍ ഡ്രൈവര്‍ ലാന്‍സ് സ്‌ട്രോള്‍ പി15, വില്യംസിന്റെ കനേഡിയന്‍ ഡ്രൈവര്‍ നിക്കോളാസ് ലത്തീഫി പി16, ഹാസ് ടീമിന്റെ ഡെന്‍മാര്‍ക്ക് ഡ്രൈവര്‍ കെവിന്‍ മാഗ്നുസെന്‍ പി17, വില്യംസ് ടീമിന്റെ തായ്‌ലന്‍ഡ് ഡ്രൈവര്‍ അലക്‌സ് അല്‍ബോണ്‍ പി18 എന്നിങ്ങനെയാണ് മറ്റ് ഫിനിഷുകള്‍. മല്‍സരത്തിന്റെ ഒരു ഘട്ടത്തില്‍ മിക്ക് ഷൂമാക്കര്‍ തന്റെ ആദ്യ പോയന്റ് നേടുമെന്ന് തോന്നിയെങ്കിലും പതിനാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു. ചാള്‍സ് ലെക്ലര്‍ക്ക് കൂടാതെ ആല്‍ഫ റോമെയോയുടെ ചൈനീസ് ഡ്രൈവര്‍ ചൊ ഗാന്യുവും റേസ് പൂര്‍ത്തിയാക്കിയില്ല. ഏറ്റവും വേഗതയേറിയ ലാപ്പ് അവാര്‍ഡ് സെര്‍ജിയോ പെരസും (1.24.108), ഏറ്റവും വേഗതയേറിയ പിറ്റ് സ്റ്റോപ്പ് അവാര്‍ഡ് ഫെറാറിയും നേടി. അടുത്തതായി മെയ് 29 ന് മൊണാക്കോ ജിപി നടക്കും.