Top Spec

The Top-Spec Automotive Web Portal in Malayalam

മൂവാറ്റുപുഴയില്‍ ഹോണ്ട ബിഗ്‌വിംഗ് തുറന്നു

ഹോണ്ടയുടെ മിഡ്‌സൈസ് മോട്ടോര്‍സൈക്കിള്‍ ആരാധകരെയാണ് ബിഗ്‌വിംഗ് ഷോറൂമുകള്‍ ആകര്‍ഷിക്കുന്നത്

എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയില്‍ ഹോണ്ട ബിഗ്‌വിംഗ് പ്രവര്‍ത്തനമാരംഭിച്ചു. രാജ്യമാകെ ഇപ്പോള്‍ നൂറ് ടച്ച്‌പോയന്റുകള്‍ ഉള്ളതായി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്‌ഐ) വ്യക്തമാക്കി.

സിബി300ആര്‍, ഹൈനസ് സിബി350, ഹൈനസ് സിബി350 ആനിവേഴ്‌സറി എഡിഷന്‍, സിബി350ആര്‍എസ്, സിബി500എക്‌സ്, സിബിആര്‍650ആര്‍, സിബി650ആര്‍, സിബിആര്‍1000ആര്‍ആര്‍-ആര്‍ ഫയര്‍ബ്ലേഡ്, സിബിആര്‍1000ആര്‍ആര്‍-ആര്‍ ഫയര്‍ബ്ലേഡ് എസ്പി, അഡ്വഞ്ചര്‍ ടൂറര്‍ മോട്ടോര്‍സൈക്കിളായ ആഫ്രിക്ക ട്വിന്‍ അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സ്, ഫ്‌ളാഗ്ഷിപ്പ് മോഡലായ ഗോള്‍ഡ് വിംഗ് ടൂര്‍ തുടങ്ങി ഹോണ്ടയുടെ മുഴുവന്‍ പ്രീമിയം മോട്ടോര്‍സൈക്കിളുകളും ഹോണ്ട ബിഗ്‌വിംഗ് ടോപ്‌ലൈന്‍ ഷോറൂമുകളില്‍ ലഭ്യമാണ്. ഹോണ്ടയുടെ മിഡ്‌സൈസ് മോട്ടോര്‍സൈക്കിള്‍ ആരാധകരെയാണ് ബിഗ്‌വിംഗ് ഷോറൂമുകള്‍ ആകര്‍ഷിക്കുന്നത്.

ഹോണ്ടയുടെ എക്സ്‌ക്ലുസീവ് പ്രീമിയം മോട്ടോര്‍സൈക്കിള്‍ ശൃംഖലയായ ഹോണ്ട ബിഗ്‌വിംഗ് വിപുലീകരിക്കുന്നതിലാണ് തങ്ങളുടെ ശ്രദ്ധയെന്ന് എച്ച്എംഎസ്‌ഐ വില്‍പ്പന, വിപണന വിഭാഗം ഡയറക്ടര്‍ യാദവീന്ദര്‍ സിംഗ് ഗുലേരിയ പറഞ്ഞു. മൂവാറ്റുപുഴയില്‍ ബിഗ്‌വിംഗ് ഉദ്ഘാടനം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്നും ഈ പുതിയ പ്രീമിയം ഔട്ട്ലെറ്റ് വഴി ഹോണ്ട ബൈക്കുകള്‍ മൂവാറ്റുപുഴയിലെ ഉപയോക്താക്കളെ സമീപിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഹോണ്ടയുടെ മിഡ്‌സൈസ് പ്രീമിയം ബൈക്കുകള്‍ ഉപയോക്താക്കള്‍ക്ക് നേരിട്ട് അനുഭവിച്ചറിയാമെന്ന് യാദവീന്ദര്‍ സിംഗ് ഗുലേരിയ കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ പ്രമുഖ മെട്രോകളില്‍ ബിഗ്‌വിംഗ് ടോപ്‌ലൈന്‍, മറ്റ് നഗരങ്ങളില്‍ ബിഗ്‌വിംഗ് എന്നിങ്ങനെയാണ് ഹോണ്ടയുടെ പ്രീമിയം മോട്ടോര്‍സൈക്കിള്‍ വില്‍പ്പന രീതി. ഇമ്മേഴ്സീവ് ഡിജിറ്റല്‍ അനുഭവമാണ് ഹോണ്ട ബിഗ്‌വിംഗ് ഒരുക്കുന്നത്. ഉപയോക്താക്കള്‍ക്ക് അവരുടെ വീടുകളില്‍ ഇരിക്കുമ്പോള്‍ തന്നെ മോട്ടോര്‍സൈക്കിള്‍ ലൈനപ്പ്, റൈഡിംഗ് ഗിയര്‍, ആക്സസറികള്‍ എന്നിവ വിശദമായി മനസിലാക്കാന്‍ വര്‍ച്വല്‍ പ്ലാറ്റ്‌ഫോം സഹായിക്കും.