Top Spec

The Top-Spec Automotive Web Portal in Malayalam

48 ശതമാനം വളര്‍ച്ച നേടി ഡെയ്മ്‌ലര്‍ ഇന്ത്യ

2021 ല്‍ മൊത്തവില്‍പ്പന നടത്തിയത് 14,222 ട്രക്കുകള്‍

ഡെയ്മ്‌ലര്‍ ഇന്ത്യ കമേഴ്‌സ്യല്‍ വെഹിക്കിള്‍സ് (ഡിഐസിവി) 2021 ല്‍ മൊത്തവില്‍പ്പന നടത്തിയത് 14,222 ട്രക്കുകള്‍. ഇതുവഴി 48 ശതമാനം വളര്‍ച്ചയാണ് കമ്പനി കൈവരിച്ചത്. കയറ്റുമതി വര്‍ധന 125 ശതമാനമാണ്. ഇത് റെക്കോഡാണ്. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവന്നത്. ഭാരത് ബെന്‍സ് ബ്രാന്‍ഡില്‍ ട്രക്കുകളും ബസ്സുകളും നിര്‍മിക്കുന്ന ഡിഐസിവി, 2020 ല്‍ 9,624 യൂണിറ്റ് ട്രക്കുകള്‍ മാത്രമാണ് മൊത്തവില്‍പ്പന നടത്തിയിരുന്നത്.

കൊവിഡ് മഹാമാരി, വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങള്‍, ഉല്‍പ്പാദനച്ചെലവിലെ വര്‍ധന എന്നിവയുടെ പശ്ചാത്തലത്തിലാണ് ഈ നേട്ടം കൈവരിക്കാനായതെന്ന് ഡെയ്മ്‌ലര്‍ ഇന്ത്യ കമേഴ്‌സ്യല്‍ വെഹിക്കിള്‍സ് മാനേജിംഗ് ഡയറക്റ്റര്‍ സത്യകം ആര്യ പറഞ്ഞു. വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റാന്‍ സാധിച്ച 2021 ഡിഐസിവിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായിരുന്നു. പഴുതടച്ചുള്ള ആസൂത്രണവും നടത്തിപ്പുമാണ് വളര്‍ച്ച സാധ്യമാക്കിയത്. ഡിഐസിവിയും ഭാരത് ബെന്‍സും പത്താം വാര്‍ഷികം ആഘോഷിക്കുന്ന ഈ വര്‍ഷം വന്‍ വികസനമാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഷോറൂമുകളുടെയും സര്‍വീസ് സെന്ററുകളുടെയും എണ്ണം കഴിഞ്ഞ വര്‍ഷം 270 പിന്നിട്ടു. പുതിയ വിഭാഗം ഉപയോക്താക്കളെ കണ്ടെത്താനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചു വരുന്നു. പുതിയ വരുമാന മേഖലകള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി ആവിഷ്‌ക്കരിച്ച ട്രാന്‍സ്‌ഫോര്‍മേഷന്‍ സെന്ററും ഗ്ലോബല്‍ കേപബലിറ്റി സെന്ററും ഇതിനകം പ്രവര്‍ത്തനമാരംഭിച്ചു.