Top Spec

The Top-Spec Automotive Web Portal in Malayalam

2022 മോട്ടോജിപി തുടങ്ങി; ആദ്യ ജയം നേടി എനയ ബസ്റ്റിയനിനി

2022 സീസണില്‍ 21 ഗ്രാന്‍ പ്രീകളാണ് നിശ്ചയിച്ചിരിക്കുന്നത്. ഇത് റെക്കോര്‍ഡാണ്

2022 മോട്ടോജിപി ലോക ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചു. 74 ാം പതിപ്പില്‍ ഞായറാഴ്ച്ച നടന്ന ഖത്തര്‍ മോട്ടോജിപിയില്‍ ഗ്രെസിനി റേസിംഗ് ടീമിനായി ഡുകാറ്റിയുടെ ഡെസ്‌മോസെഡിച്ചി മോട്ടോര്‍സൈക്കിളില്‍ കുതിച്ച എനയ ബസ്റ്റിയനിനി വിജയിച്ചു. 2020 സീസണ്‍ മോട്ടോ2 ലോക ചാമ്പ്യനാണ് ഈ ഇറ്റാലിയന്‍ റേസര്‍. പ്രീമിയര്‍ ക്ലാസിലെ തന്റെ ആദ്യ വിജയം കൂടിയാണ് ലോസെയില്‍ സര്‍ക്യൂട്ടില്‍ എനയ ബസ്റ്റിയനിനി കുറിച്ചത്. കൊവിഡ്-19 ബാധിച്ച് കഴിഞ്ഞ വര്‍ഷം അന്തരിച്ച ടീം മുന്‍ മേധാവിയും ഇറ്റാലിയന്‍ മോട്ടോര്‍സൈക്കിള്‍ റേസറുമായിരുന്ന ഫൗസ്റ്റോ ഗ്രെസിനിക്ക് അദ്ദേഹം ഈ വിജയം സമര്‍പ്പിച്ചു.

മോട്ടോജിപിയില്‍ ഇത് രണ്ടാം സീസണിലാണ് എനയ ബസ്റ്റിയനിനി മല്‍സരിക്കുന്നത്. 2021 സീസണില്‍ 102 പോയന്റുമായി പതിനൊന്നാം സ്ഥാനത്ത് എത്തിയിരുന്നു. അരങ്ങേറ്റ സീസണില്‍ രണ്ട് മൂന്നാം സ്ഥാനങ്ങള്‍ നേടി. ഗ്രെസിനി റേസിംഗ് ടീമില്‍ ചേര്‍ന്ന് മോട്ടോ3 യിലൂടെ കരിയര്‍ ആരംഭിച്ച എനയ ബസ്റ്റിയനിനി ഈ സീസണില്‍ മാതൃ ടീമില്‍ തിരികെ എത്തുകയായിരുന്നു. 1980 കളില്‍ രണ്ട് തവണ 125 സിസി ലോക ചാമ്പ്യനായിരുന്നു 60 ാം വയസ്സില്‍ അന്തരിച്ച ടീം സ്ഥാപകന്‍ ഫൗസ്റ്റോ ഗ്രെസിനി. ഈ വിജയം ഫൗസ്റ്റോയ്ക്ക് സമര്‍പ്പിക്കുന്നതായി എനയ ബസ്റ്റിയനിനി പറഞ്ഞു.

ഖത്തറില്‍ റെഡ്ബുള്‍ കെടിഎം ഫാക്ടറി റേസിംഗ് ടീമിനായി കെടിഎം ആര്‍സി16 മോട്ടോര്‍സൈക്കിളില്‍ മല്‍സരിച്ച ദക്ഷിണാഫ്രിക്കന്‍ റേസര്‍ ബ്രാഡ് ബിന്‍ഡര്‍ രണ്ടാം സ്ഥാനവും റെപ്‌സോള്‍ ഹോണ്ട ടീമിനായി ഹോണ്ട ആര്‍സി213വി മോട്ടോര്‍സൈക്കിളില്‍ മല്‍സരിച്ച സ്പാനിഷ് റേസര്‍ പോള്‍ എസ്പര്‍ഗാരോ മൂന്നാം സ്ഥാനവും നേടി. റേസിന്റെ ഭൂരിഭാഗം സമയത്തും പോള്‍ എസ്പര്‍ഗാരോ ലീഡ് ചെയ്യുകയായിരുന്നു. അപ്രീലിയ റേസിംഗ് ടീമിന്റെ സ്പാനിഷ് റേസര്‍ അലക്‌സ് എസ്പര്‍ഗാരോ നാലാമതും ആറ് തവണ മോട്ടോജിപി ലോക ചാമ്പ്യനായ റെപ്‌സോള്‍ ഹോണ്ട ടീമിന്റെ സ്പാനിഷ് താരം മാര്‍ക്ക് മാര്‍ക്വേസ് അഞ്ചാമതും ഫിനിഷ് ചെയ്തു.

സുസുകി എക്സ്റ്റാര്‍ ടീമിനായി ഇറങ്ങിയ ജൊവാന്‍ മിര്‍, അലക്സ് റിന്‍സ് എന്നീ രണ്ട് സ്പാനിഷ് റേസര്‍മാര്‍ യഥാക്രമം ആറ്, ഏഴ് സ്ഥാനങ്ങളിലെത്തി. നിലവിലെ ലോക ചാമ്പ്യന്‍ ഫ്രാന്‍സിന്റെ ഫാബിയോ ക്വാര്‍ട്ടരാരോ (മോണ്‍സ്റ്റര്‍ എനര്‍ജി യമഹ ടീം) ഒമ്പതാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു. പ്രമാക് റേസിംഗ് ടീമിന്റെ യൊഹാന്‍ സാര്‍ക്കോ (ഫ്രാന്‍സ്) എട്ടാം സ്ഥാനവും എല്‍സിആര്‍ ഹോണ്ട ഇഡെമിറ്റ്‌സു ടീമിന്റെ തകാകി നകഗാമി (ജപ്പാന്‍) പത്താം സ്ഥാനവും നേടി.

പന്ത്രണ്ടാം ലാപ്പില്‍ സ്‌പെയിനിന്റെ പോള്‍മാന്‍ ജോര്‍ജ് മാര്‍ട്ടിനുമായി (പ്രമാക് റേസിംഗ്) ഡുകാറ്റി ലെനോവോ ടീമിന്റെ ഫ്രാന്‍സെസ്‌കോ ബഞ്ഞായ (ഇറ്റലി) ഉരസിവീണതിനെ തുടര്‍ന്ന് ഇരുവരും പുറത്തുപോയി. ക്വാര്‍ട്ടരാരോയ്ക്ക് പിന്നില്‍ കഴിഞ്ഞ സീസണില്‍ ഫ്രാന്‍സെസ്‌കോ ബഞ്ഞായ രണ്ടാം സ്ഥാനം നേടിയിരുന്നു.

മോട്ടോ2 റേസില്‍ കാലക്സ് ടീമിന്റെ സെലസ്റ്റിനോ വിയറ്റി, മോട്ടോ3 റേസില്‍ ഹോണ്ടയുടെ ആന്‍ഡ്രിയ മിഗ്‌നോ എന്നിവര്‍ വിജയിച്ചു.

2022 സീസണില്‍ 21 ഗ്രാന്‍ പ്രീകളാണ് നിശ്ചയിച്ചിരിക്കുന്നത്. ഇത് റെക്കോര്‍ഡാണ്. നവംബര്‍ 6 ന് സ്‌പെയിനിലെ വലന്‍സിയയില്‍ ഈ വര്‍ഷത്തെ അവസാന ജിപി നടക്കും. അടുത്ത ജിപി മാര്‍ച്ച് 20 ന് ഇന്തോനേഷ്യയിലാണ്.