Top Spec

The Top-Spec Automotive Web Portal in Malayalam

ടോപ് 5 സിഎന്‍ജി കാറുകള്‍

നിലവിലെ പെട്രോള്‍, ഡീസല്‍ വിലകളുടെ പശ്ചാത്തലത്തില്‍ ഫ്‌ളീറ്റ്, കാബ് സെഗ്‌മെന്റുകള്‍ മാത്രമല്ല, സ്വകാര്യ ഉപയോക്താക്കളും സ്വന്തം യാത്രാ ആവശ്യങ്ങള്‍ക്കായി സിഎന്‍ജി (സമ്മര്‍ദ്ദിത പ്രകൃതി വാതകം) കാറുകള്‍ വാങ്ങാനാണ് താല്‍പ്പര്യപ്പെടുന്നത്. തികച്ചും പ്രായോഗികമായ നീക്കമായി ഇതിനെ വിലയിരുത്താം. മാരുതി സുസുകിയാണ് ഏറ്റവും കൂടുതല്‍ സിഎന്‍ജി കാറുകള്‍ വിപണിയിലെത്തിക്കുന്ന ഒരേയൊരു ബ്രാന്‍ഡ്. ഫാക്റ്ററി ഫിറ്റഡ് സിഎന്‍ജി കിറ്റ് ഉപയോഗിക്കുന്ന പതിനൊന്ന് മോഡലുകളാണ് നിലവില്‍ മാരുതി സുസുകി ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാക്കുന്നത്. മറ്റ് വാഹന നിര്‍മാതാക്കളുടെയും സിഎന്‍ജി കാറുകള്‍ ലഭ്യമാണ്.

മാരുതി സുസുകി വാഗണ്‍ആര്‍

പ്രായോഗികതയില്‍ മുന്‍നിരയിലാണ് 5 സീറ്റര്‍ വാഗണ്‍ആറിന് സ്ഥാനം. ഓരോ മാസത്തെയും ബെസ്റ്റ് സെല്ലിംഗ് കാര്‍ പട്ടികയില്‍ വാഗണ്‍ആര്‍ തുടര്‍ച്ചയായി ഇടംപിടിക്കുന്നു. എല്‍എക്‌സ്‌ഐ 1.0 സിഎന്‍ജി, എല്‍എക്‌സ്‌ഐ (ഒ) 1.0 സിഎന്‍ജി എന്നീ രണ്ട് വേരിയന്റുകളില്‍ മാത്രമാണ് വാഗണ്‍ആര്‍ സിഎന്‍ജി വേര്‍ഷന്‍ ലഭിക്കുന്നത്. യഥാക്രമം ഏകദേശം 6.72 ലക്ഷം രൂപയും 6.79 ലക്ഷം രൂപയുമാണ് കൊച്ചി ഓണ്‍ റോഡ് വില.

ബിഎസ് 6 പാലിക്കുന്ന 1.0 ലിറ്റര്‍ (998 സിസി), 3 സിലിണ്ടര്‍, കെ10ബി പെട്രോള്‍ എന്‍ജിനാണ് സിഎന്‍ജി കിറ്റ് നല്‍കിയ വേരിയന്റ് ഉപയോഗിക്കുന്നത്. പരമാവധി 58 ബിഎച്ച്പി കരുത്തും 78 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് ഘടിപ്പിച്ചു. ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ സാക്ഷ്യപ്പെടുത്തിയത് അനുസരിച്ച് ഒരു കിലോഗ്രാം സിഎന്‍ജി ഉപയോഗിച്ച് 32.52 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയും.

മാരുതി സുസുകി വാഗണ്‍ആര്‍ ഹാച്ച്ബാക്കിന്റെ നീളം, വീതി, ഉയരം എന്നിവ യഥാക്രമം 3655 എംഎം, 1620 എംഎം, 1675 എംഎം എന്നിങ്ങനെയാണ്. 2435 മില്ലിമീറ്ററാണ് വീല്‍ബേസ്. ഗ്രൗണ്ട് ക്ലിയറന്‍സ് 170 എംഎം. പൂള്‍സൈഡ് ബ്ലൂ, നട്ട്മഗ് ബ്രൗണ്‍, മാഗ്മ ഗ്രേ, സില്‍ക്കി സില്‍വര്‍, ഓട്ടം ഓറഞ്ച്, സോളിഡ് വൈറ്റ് എന്നീ ആറ് കളര്‍ ഓപ്ഷനുകളില്‍ മാരുതി സുസുകി വാഗണ്‍ആര്‍ സിഎന്‍ജി ലഭിക്കും.

ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 നിയോസ്

മാഗ്ന സിഎന്‍ജി, സ്‌പോര്‍ട്‌സ് സിഎന്‍ജി എന്നീ രണ്ട് വേരിയന്റുകളില്‍ ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 നിയോസ് സിഎന്‍ജി ലഭിക്കും. യഥാക്രമം ഏകദേശം 8.12 ലക്ഷം രൂപയും 8.73 ലക്ഷം രൂപയുമാണ് കൊച്ചി ഓണ്‍ റോഡ് വില. റിവേഴ്സ് കാമറ, എബിഎസ്, ഇബിഡി, പിന്‍ നിരയില്‍ എസി വെന്റുകള്‍, മുന്‍, പിന്‍ നിരകളില്‍ പവര്‍ വിന്‍ഡോകള്‍, ഇലക്ട്രോണിക്കായി ക്രമീകരിക്കാവുന്ന റിയര്‍ വ്യൂ കണ്ണാടികള്‍ തുടങ്ങിയ ഫീച്ചറുകള്‍ ലഭിച്ചതാണ് സ്പോര്‍ട്സ് സിഎന്‍ജി എന്ന ടോപ് സ്‌പെക് സിഎന്‍ജി വേരിയന്റ്.

ബിഎസ് 6 പാലിക്കുന്ന 1.2 ലിറ്റര്‍ (1197 സിസി), നാച്ചുറലി ആസ്പിറേറ്റഡ്, 4 സിലിണ്ടര്‍, കപ്പ വിടിവിടി പെട്രോള്‍ എന്‍ജിന്‍ ഉല്‍പ്പാദിപ്പിക്കുന്നത് പരമാവധി 68 ബിഎച്ച്പി കരുത്തും 95 എന്‍എം ടോര്‍ക്കുമാണ്. എന്‍ജിനുമായി 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഘടിപ്പിച്ചു. ഒരു കിലോഗ്രാം സിഎന്‍ജി ഉപയോഗിച്ച് 18.9 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയും.

ഹാച്ച്ബാക്കിന്റെ നീളം, വീതി, ഉയരം എന്നിവ യഥാക്രമം 3805 എംഎം, 1680 എംഎം, 1520 എംഎം എന്നിങ്ങനെയാണ്. 260 ലിറ്ററാണ് ബൂട്ട് ശേഷി. 2450 മില്ലിമീറ്ററാണ് വീല്‍ബേസ്. ഫിയറി റെഡ്, പോളാര്‍ വൈറ്റ്, ടൈഫൂണ്‍ സില്‍വര്‍, അക്വാ ടീല്‍, ടൈറ്റന്‍ ഗ്രേ എന്നീ അഞ്ച് കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും.

മാരുതി സുസുകി എര്‍ട്ടിഗ

ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മാരുതി സുസുകി കാറുകളിലൊന്നാണ് എര്‍ട്ടിഗ. എര്‍ട്ടിഗയുടെ വിഎക്‌സ്‌ഐ പെട്രോള്‍ വേരിയന്റില്‍ മാത്രമാണ് ഫാക്റ്ററി ഫിറ്റഡ് സിഎന്‍ജി കിറ്റ് ലഭ്യമാക്കുന്നത്. ഏകദേശം 11.09 ലക്ഷം രൂപയാണ് കൊച്ചി ഓണ്‍ റോഡ് വില.

മാരുതി സുസുകി ഈക്കോ മാറ്റിനിര്‍ത്തിയാല്‍ ഏഴ് പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന ഒരേയൊരു ഫാക്റ്ററി ഫിറ്റഡ് സിഎന്‍ജി കാറാണ് എര്‍ട്ടിഗ. പിന്‍ നിര സീറ്റുകള്‍ മടക്കിവെയ്ക്കുമ്പോള്‍ അഞ്ച് പേര്‍ക്ക് യാത്ര ചെയ്യാം. ധാരാളം സ്‌റ്റോറേജ് ശേഷി ലഭ്യമായിരിക്കും. ഗ്ലോബല്‍ എന്‍കാപ് നടത്തിയ ഇടി പരിശോധനയില്‍ 3 സ്റ്റാര്‍ സുരക്ഷാ റേറ്റിംഗ് ലഭിച്ച കാറാണ് എര്‍ട്ടിഗ. മാരുതി സുസുകിയെ സംബന്ധിച്ചിടത്തോളം ഇത് നേട്ടം തന്നെയാണ്.

ബിഎസ് 6 പാലിക്കുന്ന 1.5 ലിറ്റര്‍ (1462 സിസി), 4 സിലിണ്ടര്‍, നാച്ചുറലി ആസ്പിറേറ്റഡ് കെ15ബി പെട്രോള്‍ എന്‍ജിന്‍ സിഎന്‍ജി വേര്‍ഷനില്‍ പരമാവധി പുറപ്പെടുവിക്കുന്നത് 91 ബിഎച്ച്പി കരുത്തും 122 എന്‍എം ടോര്‍ക്കുമാണ്. എന്‍ജിനുമായി 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഘടിപ്പിച്ചു. ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ സാക്ഷ്യപ്പെടുത്തിയത് അനുസരിച്ച് ഒരു കിലോഗ്രാം സിഎന്‍ജി ഉപയോഗിച്ച് 26.2 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയും.

മാരുതി സുസുകി എര്‍ട്ടിഗയുടെ നീളം, വീതി, ഉയരം എന്നിവ യഥാക്രമം 4395 എംഎം, 1735 എംഎം, 1690 എംഎം എന്നിങ്ങനെയാണ്. 2740 മില്ലിമീറ്ററാണ് വീല്‍ബേസ്. ഗ്രൗണ്ട് ക്ലിയറന്‍സ് 180 എംഎം. പേള്‍ മെറ്റാലിക് ഓക്‌സ്ഫഡ് ബ്ലൂ, മെറ്റാലിക് മാഗ്മ ഗ്രേ, പേള്‍ മെറ്റാലിക് ഔബേണ്‍ റെഡ്, മെറ്റാലിക് സില്‍ക്കി സില്‍വര്‍, പേള്‍ ആര്‍ട്ടിക് വൈറ്റ് എന്നീ അഞ്ച് നിറങ്ങളില്‍ എര്‍ട്ടിഗ സിഎന്‍ജി ലഭിക്കും.

മാരുതി സുസുകി എസ് പ്രസോ

സിഎന്‍ജി എല്‍എക്‌സ്‌ഐ, സിഎന്‍ജി എല്‍എക്‌സ്‌ഐ (ഒ), സിഎന്‍ജി വിഎക്‌സ്‌ഐ, സിഎന്‍ജി വിഎക്‌സ്‌ഐ (ഒ) എന്നീ നാല് സിഎന്‍ജി വേരിയന്റുകളില്‍ മാരുതി സുസുകി എസ് പ്രസോ ലഭിക്കും. യഥാക്രമം ഏകദേശം 5.92 ലക്ഷം രൂപയും 5.99 ലക്ഷം രൂപയും 6.21 ലക്ഷം രൂപയും 6.28 ലക്ഷം രൂപയുമാണ് കൊച്ചി ഓണ്‍ റോഡ് വില.

മാരുതി സുസുകി വാഗണ്‍ആര്‍ ഉപയോഗിക്കുന്നതും ബിഎസ് 6 പാലിക്കുന്നതുമായ അതേ 1.0 ലിറ്റര്‍ (998 സിസി), 3 സിലിണ്ടര്‍, കെ10ബി പെട്രോള്‍ എന്‍ജിനാണ് കരുത്തേകുന്നത്. പരമാവധി 58 ബിഎച്ച്പി കരുത്തും 78 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഘടിപ്പിച്ചു. ഒരു കിലോഗ്രാം സിഎന്‍ജി നിറച്ചാല്‍ 31.19 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഏറ്റവുമധികം മൈലേജ് തരുന്ന കാറുകളുടെ പട്ടികയില്‍ മുന്‍ നിരയിലാണ് ഈ 4 സീറ്ററിന് സ്ഥാനം.

വാഹനത്തിന്റെ പ്രായോഗികത വര്‍ധിപ്പിക്കുന്നതാണ് ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ്. ഫീച്ചറുകളുടെ എണ്ണം വളരെ കുറവാണ്. അതേസമയം പാര്‍ക്കിംഗ് സെന്‍സറുകള്‍, ബ്ലൂടൂത്ത് എനേബിള്‍ഡ് സൗണ്ട് സിസ്റ്റം എന്നിവ നല്‍കി. ഒതുക്കമുള്ള വലുപ്പമായതിനാല്‍ നഗരവീഥികളിലെ ഡ്രൈവിംഗ് വളരെ എളുപ്പമായിരിക്കും. വാഹനത്തിന്റെ സുരക്ഷിതത്വം പരിശോധിക്കുന്നതിനായി ഗ്ലോബല്‍ എന്‍കാപ് നടത്തിയ ഇടി പരിശോധനയില്‍ പൂജ്യം റേറ്റിംഗ് ലഭിച്ച വാഹനമാണ് മാരുതി സുസുകി എസ് പ്രസോ.

മാരുതി സുസുകി എസ് പ്രസോയുടെ നീളം, വീതി, ഉയരം എന്നിവ യഥാക്രമം 3565 എംഎം, 1520 എംഎം, 1549 എംഎം എന്നിങ്ങനെയാണ്. 2380 മില്ലിമീറ്ററാണ് വീല്‍ബേസ്. ഗ്രൗണ്ട് ക്ലിയറന്‍സ് 180 എംഎം. പേള്‍ സ്റ്റാറി ബ്ലൂ, മെറ്റാലിക് ഗ്രാനൈറ്റ് ഗ്രേ, മെറ്റാലിക് സില്‍ക്കി സില്‍വര്‍, സോളിഡ് ഫയര്‍ റെഡ്, സോളിഡ് സിസില്‍ ഓറഞ്ച്, സോളിഡ് വൈറ്റ് എന്നീ ആറ് നിറങ്ങളില്‍ എസ് പ്രസോ സിഎന്‍ജി ലഭിക്കും.

മാരുതി സുസുകി ഈക്കോ

പതിവായി ഓരോ മാസവും ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന പത്ത് കാറുകളുടെ പട്ടികയില്‍ ഇടംപിടിക്കുന്ന മോഡലാണ് മാരുതി സുസുകി ഈക്കോ. ഈ വിലകളില്‍ സ്ഥലസൗകര്യവും കസ്റ്റമൈസേഷന്‍ സാധ്യതകളും ലഭിക്കുന്ന മറ്റൊരു മോഡല്‍ ഈക്കോയെ പോലെ വേറൊന്നില്ല. അതേസമയം, കൂടുതല്‍ സുരക്ഷാ ഫീച്ചറുകള്‍ ഇല്ലായെന്നത് ആശങ്കയും സൃഷ്ടിക്കുന്നു. എങ്കിലും സ്വകാര്യ ഉപയോക്താക്കളുടെയും വാണിജ്യ ഗതാഗതത്തിന് വാഹനം വാങ്ങുന്നവരുടെയും ജനപ്രിയ മോഡലായി മാരുതി സുസുകി ഈക്കോ തുടരുന്നു. 5 സീറ്റര്‍ എസി പ്ലസ് ഹീറ്റര്‍ സിഎന്‍ജി വേരിയന്റിന് 6.52 ലക്ഷം രൂപയാണ് കൊച്ചി ഓണ്‍ റോഡ് വില.

ബിഎസ് 6 പാലിക്കുന്ന 1.2 ലിറ്റര്‍ (1196 സിസി) 4 സിലിണ്ടര്‍, ജി12ബി പെട്രോള്‍ എന്‍ജിനാണ് കരുത്തേകുന്നത്. പരമാവധി 62 ബിഎച്ച്പി കരുത്തും 85 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ചേര്‍ത്തുവെച്ചു. ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ സാക്ഷ്യപ്പെടുത്തിയത് അനുസരിച്ച് ഒരു കിലോഗ്രാം സിഎന്‍ജി ഉപയോഗിച്ച് 30.47 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയും.

മാരുതി സുസുകി ഈക്കോയുടെ നീളം, വീതി, ഉയരം എന്നിവ യഥാക്രമം 3675 എംഎം, 1475 എംഎം, 1825 എംഎം എന്നിങ്ങനെയാണ്. വീല്‍ബേസ്, ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിവ യഥാക്രമം 2350 എംഎം, 160 എംഎം. പേള്‍ മിഡ്‌നൈറ്റ് ബ്ലാക്ക്, സെറൂലിയന്‍ ബ്ലൂ, മെറ്റാലിക് ഗ്ലിസ്റ്റനിംഗ് ഗ്രേ, മെറ്റാലിക് സില്‍ക്കി സില്‍വര്‍, സോളിഡ് വൈറ്റ് എന്നീ അഞ്ച് നിറങ്ങളില്‍ മാരുതി സുസുകി ഈക്കോ സിഎന്‍ജി ലഭിക്കും.