Top Spec

The Top-Spec Automotive Web Portal in Malayalam

ഡാക്കര്‍ 2022: നാസര്‍ അല്‍ അത്തിയ, സാം സണ്ടര്‍ലാന്‍ഡ് ജേതാക്കള്‍

ഡാക്കറില്‍ സ്റ്റേജ് വിജയം നേടി ഹീറോ മോട്ടോസ്‌പോര്‍ട്‌സ് ടീം റാലി ചരിത്രം കുറിച്ചു

ഈ വര്‍ഷത്തെ ഡാക്കര്‍ റാലിയില്‍ കാര്‍ വിഭാഗത്തില്‍ ടൊയോട്ട ഗാസൂ റേസിംഗ് ടീമിന്റെ ഖത്തര്‍ ഡ്രൈവര്‍ നാസര്‍ അല്‍ അത്തിയ ജേതാവ്. ഇത് നാലാം തവണയാണ് ഡാക്കര്‍ റാലിയില്‍ നാസര്‍ അല്‍ അത്തിയ വിജയകിരീടമണിയുന്നത്. സൗദി അറേബ്യന്‍ മരുഭൂമിയില്‍ രണ്ടാഴ്ച്ച നീണ്ടുനിന്ന അതികഠിനമായ റാലി റെയ്ഡ് ജനുവരി 14 നാണ് സമാപിച്ചത്.

ഇതിനുമുമ്പ് 2011, 2015, 2019 വര്‍ഷങ്ങളിലാണ് 51 കാരനായ നാസര്‍ അല്‍ അത്തിയ ചാമ്പ്യനായത്. ഒമ്പത് തവണ ലോക റാലി ചാമ്പ്യനായ ഫ്രാന്‍സിന്റെ സെബാസ്റ്റ്യന്‍ ലോബിനെ (പ്രോഡ്രൈവ് ടീം) രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് അല്‍ അത്തിയ വിജയപീഠമേറിയത്. ഓവര്‍ഡ്രൈവ് ടൊയോട്ട ടീമിനായി മല്‍സരിച്ച സൗദി അറേബ്യയുടെ യസീദ് അല്‍ രാജ്ഹി മൂന്നാം സ്ഥാനം കരസ്ഥമാക്കി. 2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ സ്‌കീറ്റ് ഷൂട്ടിംഗില്‍ വെങ്കല മെഡല്‍ ജേതാവായ അല്‍ അത്തിയ ഈ വര്‍ഷത്തെ ഡാക്കര്‍ റാലി റേസിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ മുന്നിലായിരുന്നു.

ബൈക്ക് വിഭാഗത്തില്‍ ഗ്യാസ് ഗ്യാസ് ഫാക്ടറി ടീമിന്റെ 32 കാരന്‍ ബ്രിട്ടീഷ് റൈഡര്‍ സാം സണ്ടര്‍ലാന്‍ഡ് തന്റെ രണ്ടാമത്തെ ഡാക്കര്‍ കിരീടം സ്വന്തമാക്കി. ഇതിനുമുമ്പ് 2017 ല്‍ വിജയിച്ചപ്പോള്‍ അദ്ദേഹം കെടിഎം റൈഡറായിരുന്നു. അന്ന് കാര്‍/ബൈക്ക് വിഭാഗത്തില്‍ ഡാക്കര്‍ റാലി വിജയിക്കുന്ന ആദ്യ ബ്രിട്ടീഷുകാരനായിരുന്നു സണ്ടര്‍ലാന്‍ഡ്. മോണ്‍സ്റ്റര്‍ എനര്‍ജി ഹോണ്ട ടീമിന്റെ ചിലിയന്‍ താരം പാബ്ലോ ക്വിന്റാനില്ല, റെഡ്ബുള്‍ കെടിഎം ഫാക്ടറി ടീമിന്റെ ഓസ്ട്രിയന്‍ റൈഡറായ മത്തിയാസ് വാക്ക്‌നര്‍ എന്നിവരാണ് യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങളിലെത്തിയത്. 2018 ല്‍ ചാമ്പ്യനായിരുന്നു വാക്ക്‌നര്‍. ഡാക്കറില്‍ സ്റ്റേജ് വിജയം നേടുന്ന ആദ്യ മോട്ടോജിപി റൈഡറായി കെടിഎം 450 റാലി മോട്ടോര്‍സൈക്കിളില്‍ മല്‍സരിച്ച ഇറ്റലിക്കാരനായ ഡാനിലോ പെട്രൂച്ചി മാറി.

ട്രക്ക് വിഭാഗത്തില്‍ ദിമിത്രി സോറ്റ്‌നിക്കോവ്, എഡ്വേര്‍ഡ് നിക്കോളേവ്, ആന്റണ്‍ ഷിബാലോവ് എന്നിവരാണ് യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലെത്തിയത്. മൂവരും റഷ്യന്‍ അത്‌ലറ്റിക്‌സ് ഫെഡറേഷന്റെ (ആര്‍എഎഫ്) താരങ്ങളാണ്. ഇത് രണ്ടാം തവണയാണ് ഡാക്കര്‍ റാലി ട്രക്ക് വിഭാഗത്തില്‍ ദിമിത്രി സോറ്റ്‌നിക്കോവ് ചാമ്പ്യനാകുന്നത്. ക്വാഡ് വിഭാഗത്തില്‍ അലക്‌സാണ്ടര്‍ ജിറൂഡ് (ഫ്രാന്‍സ്), ഫ്രാന്‍സിസ്‌കോ മൊറേനോ (അര്‍ജന്റീന), കാമില്‍ വിഷ്‌നെവ്‌സ്‌കി (പോളണ്ട്) എന്നിവര്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഒറിജിനല്‍ ബൈ മോട്ടൂല്‍, ലൈറ്റ് പ്രോട്ടോടൈപ്പ്‌സ്, എസ്എസ്‌വി, ക്ലാസിക് എന്നീ വിഭാഗങ്ങളിലും മല്‍സരം നടന്നു.

തുടര്‍ച്ചയായ ആറാം തവണ ഡാക്കര്‍ റാലിയില്‍ പങ്കെടുത്ത ഹീറോ മോട്ടോസ്‌പോര്‍ട്‌സ് ടീം റാലി ഇത്തവണ ചരിത്രം കുറിച്ചു. ഡാക്കറില്‍ ഇതാദ്യമായി ഒരു സ്റ്റേജ് വിജയം നേടാന്‍ ഇന്ത്യന്‍ ടീമിന് കഴിഞ്ഞു. മൂന്നാം ഘട്ടത്തില്‍ പോര്‍ച്ചുഗീസ് റൈഡര്‍ ജോക്വിം റോഡ്രിഗസാണ് സ്റ്റേജ് വിജയം സമ്മാനിച്ചത്. ബൈക്ക് വിഭാഗത്തില്‍ ഷെര്‍ക്കോ ടിവിഎസ് റാലി ഫാക്ടറി ടീമിനായി റാലിജിപി കാറ്റഗറിയില്‍ മല്‍സരിച്ച ഇന്ത്യയുടെ മലയാളി താരം ഹാരിത്ത് നോവ ഫിനിഷ് ചെയ്തു. 110 ാം സ്ഥാനമാണ് നേടിയത്. 2022 ഡാക്കര്‍ റാലിയിലെ ഏക ഇന്ത്യന്‍ സാന്നിധ്യമായ ഹാരിത്ത് നോവ ഷൊര്‍ണൂര്‍ കണയം സ്വദേശിയാണ്. ഇത് മൂന്നാം തവണയാണ് ഡാക്കര്‍ റാലിയില്‍ മല്‍സരിച്ചത്.

ജനുവരി ഒന്ന് മുതല്‍ 14 വരെ സൗദി അറേബ്യയിലാണ് ഡാക്കര്‍ റാലിയുടെ 44 ാം പതിപ്പ് അരങ്ങേറിയത്. ജിദ്ദയില്‍ നിന്ന് ആരംഭിച്ച റേസ് ജിദ്ദയില്‍ തന്നെ സമാപിച്ചു. പന്ത്രണ്ട് ഘട്ടങ്ങളിലായാണ് റാലി സംഘടിപ്പിച്ചത്. പ്രഥമ ലോക റാലി റെയ്ഡ് ചാമ്പ്യന്‍ഷിപ്പിന്റെ (ഡബ്ല്യു2ആര്‍സി) ഉദ്ഘാടന റേസ് കൂടിയായിരുന്നു ഈ വര്‍ഷത്തെ ഡാക്കര്‍ റാലി.