Top Spec

The Top-Spec Automotive Web Portal in Malayalam

ബിഎസ്എ തിരുമ്പി വന്തിട്ടേന്ന് സൊല്ല്!

പുതിയ ബിഎസ്എ ഗോള്‍ഡ് സ്റ്റാര്‍ അനാവരണം ചെയ്തു

പ്രശസ്ത ബ്രിട്ടീഷ് മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ ബിഎസ്എയുടെ ഗംഭീര തിരിച്ചുവരവ്. വര്‍ഷങ്ങളായി ഇരുചക്രവാഹന വിപണിയില്‍ ഇല്ലാതിരുന്ന ബിഎസ്എ, ബിര്‍മിങ്ഹാമിലെ നാഷ്ണല്‍ എക്‌സിബിഷന്‍ സെന്ററില്‍ നടന്ന ‘മോട്ടോര്‍സൈക്കിള്‍ ലൈവ്’ ഇവന്റില്‍ തങ്ങളുടെ പുതിയ ‘ഗോള്‍ഡ് സ്റ്റാര്‍’ അനാവരണം ചെയ്തു. മഹീന്ദ്ര ഗ്രൂപ്പിന് കീഴിലെ ക്ലാസിക് ലെജന്‍ഡ്സ് നേരത്തെ ബിഎസ്എ ഏറ്റെടുത്തിരുന്നു. ഇന്ത്യയില്‍ ജാവ ബൈക്കുകള്‍ വില്‍ക്കുന്നതും ക്ലാസിക് ലെജന്‍ഡ്‌സ് തന്നെയാണ്.

ബിഎസ്എയുടെ പഴയകാലത്തെ പ്രശസ്ത നെയിംപ്ലേറ്റുകളിലൊന്നാണ് ഗോള്‍ഡ് സ്റ്റാര്‍. സാധാരണ റെട്രോ ബൈക്കുകളില്‍ കാണുന്നതുപോലെ ക്രോം ബെസെല്‍ സഹിതം വൃത്താകൃതിയുള്ള ഹെഡ്‌ലാംപ്, ഡുവല്‍ പോഡ് കണ്‍സോള്‍, പീനട്ട് ആകൃതിയോടെ ഇന്ധന ടാങ്ക്, സിംഗിള്‍ യൂണിറ്റ് സീറ്റ് എന്നിവ പുതിയ ബിഎസ്എ ഗോള്‍ഡ് സ്റ്റാറിന് ലഭിച്ചു. ക്രോം ഇന്ധന ടാങ്ക്, ഓഫ്‌സെറ്റ് ഫ്യൂവല്‍ ലിഡ്, ഗോള്‍ഡന്‍ പിന്‍സ്‌ട്രൈപ്പുകള്‍ തുടങ്ങിയവ പഴയ ബിഎസ്എ ബൈക്കുകളില്‍ കാണുന്നതാണ്. ഫീച്ചറുകള്‍ വളരെ പരിമിതമാണ്. ഡുവല്‍ ചാനല്‍ എബിഎസ്, സ്ലിപ്പര്‍ ക്ലച്ച്, യുഎസ്ബി ചാര്‍ജര്‍ എന്നിവ മാത്രമാണ് ആധുനികമെന്ന് പറയാവുന്നത്.

ഡുവല്‍ ക്രേഡില്‍ ഫ്രെയിമിലാണ് ബിഎസ്എ ഗോള്‍ഡ് സ്റ്റാര്‍ നിര്‍മിച്ചിരിക്കുന്നത്. 652 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എന്‍ജിന്‍ കരുത്തേകുന്നു. ഈ മോട്ടോര്‍ 45 ബിഎച്ച്പി കരുത്തും 55 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. 18, 17 ഇഞ്ച് സ്പോക്ക് വീലുകളില്‍ ഓടും. മുന്നില്‍ 41 എംഎം ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ പ്രീലോഡ് ക്രമീകരിക്കാവുന്ന 5 സ്റ്റെപ്പ് ഇരട്ട സ്പ്രിംഗുകളും സസ്‌പെന്‍ഷന്‍ നിര്‍വഹിക്കും. മുന്‍, പിന്‍ ചക്രങ്ങളില്‍ ഓരോ ബ്രെംബോ ഡിസ്‌ക്ക് ബ്രേക്കിംഗ് കൈകാര്യം ചെയ്യും. ഇന്ധന ടാങ്കിന്റെ ശേഷി 12 ലിറ്ററാണ്. മോട്ടോര്‍സൈക്കിളിന്റെ കര്‍ബ് വെയ്റ്റ് 213 കിലോഗ്രാം.

യുകെയിലാണ് ബിഎസ്എ ഗോള്‍ഡ് സ്റ്റാര്‍ മോട്ടോര്‍സൈക്കിളിന്റെ ഡിസൈന്‍, എന്‍ജിനീയറിംഗ് പ്രവൃത്തികള്‍ നടന്നത്. റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650 ആയിരിക്കും പ്രധാന എതിരാളി. അടുത്ത ഘട്ടത്തില്‍ യുകെയുടെ പുറത്ത് മോട്ടോര്‍സൈക്കിള്‍ വിറ്റേക്കും. ഇന്ത്യയില്‍ അവതരിപ്പിക്കുന്ന കാര്യം ഇപ്പോള്‍ പറയാന്‍ കഴിയില്ല.