4 ടയര്‍ കാര്‍ഗോ, 6 ടയര്‍ കാര്‍ഗോ എച്ച്ഡി, 6 ടയര്‍ ടിപ്പര്‍ എന്നീ മൂന്ന് ഉല്‍പ്പന്ന പ്ലാറ്റ്‌ഫോമുകളില്‍ പുതിയ എല്‍സിവി ട്രക്ക് ലഭിക്കും
ഫ്യൂറിയോ 7 എല്‍സിവി ട്രക്കുകള്‍ പുറത്തിറക്കി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തങ്ങളുടെ ഫ്യൂറിയോ ശ്രേണി വിപുലീകരിച്ചു. 4 ടയര്‍ കാര്‍ഗോ, 6 ടയര്‍ കാര്‍ഗോ എച്ച്ഡി, 6 ടയര്‍ ടിപ്പര്‍ എന്നീ മൂന്ന് ഉല്‍പ്പന്ന പ്ലാറ്റ്‌ഫോമുകളില്‍ പുതിയ എല്‍സിവി (ലൈറ്റ് കൊമേഴ്‌സ്യല്‍ വെഹിക്കിള്‍) ട്രക്ക് ലഭിക്കും. 14.79 ലക്ഷം (10.5 അടി ഡെക്ക് സഹിതം ഫ്യൂറിയോ 7 എച്ച്എസ്ഡി) മുതല്‍ 16.82 ലക്ഷം രൂപ (ടിപ്പര്‍) വരെയാണ് പുണെ എക്‌സ് ഷോറൂം വില.

ഉയര്‍ന്ന വരുമാനം, താഴ്ന്ന ടിസിഒ (ടോട്ടല്‍ കോസ്റ്റ് ഓഫ് ഓണര്‍ഷിപ്പ്), മികച്ച വാറന്റി ഓഫര്‍, ഏറ്റവും കുറഞ്ഞ അറ്റകുറ്റപ്പണി, സുരക്ഷ, സുഖസൗകര്യം എന്നിവയെല്ലാം ഒരു ട്രക്കില്‍ ലഭിക്കുന്നതാണ് മഹീന്ദ്ര ഫ്യൂറിയോ 7 എല്‍സിവി ശ്രേണി എന്നും ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസരിച്ചാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡിന്റെ കൊമേഴ്‌സ്യല്‍ വെഹിക്കിള്‍സ് ബിസിനസ് മേധാവി ജലജ് ഗുപ്ത പറഞ്ഞു. ഫ്യൂറിയോ 7 എല്‍സിവി ട്രക്കുകളുടെ പുതിയ ശ്രേണി പുറത്തിറക്കുന്നതോടെ ‘കൂടുതല്‍ മൈലേജ് അല്ലെങ്കില്‍ ട്രക്ക് ബാക്ക്’, അഞ്ച് വര്‍ഷത്തിന് ശേഷം ‘ഗ്യാരണ്ടീഡ് റീസെയ്ല്‍ വാല്യൂ’ എന്നീ രണ്ട് പ്രത്യേക ഗ്യാരണ്ടികള്‍ വാഗ്ദാനം ചെയ്യുകയാണ് മഹീന്ദ്രയുടെ ട്രക്ക് ആന്‍ഡ് ബസ് ഡിവിഷന്‍.

ഭാരം കുറഞ്ഞതും ഘര്‍ഷണം കുറഞ്ഞതുമായ എംഡിഐ, എംഡിഐ ടെക് എന്നീ രണ്ട് എന്‍ജിനുകളാണ് ഫ്യൂറിയോ 7 ശ്രേണിയിലെ എല്‍സിവി ട്രക്കുകള്‍ക്ക് കരുത്തേകുന്നത്. ജനപ്രിയമായ ‘ഡുവല്‍ മോഡ് ഫ്യൂവല്‍സ്മാര്‍ട്ട്’ സാങ്കേതികവിദ്യയും നല്‍കി. ബെസ്റ്റ് ഇന്‍ ക്ലാസ് മൈലേജ്, ഉയര്‍ന്ന പേലോഡ്, മികച്ച സുഖവും സൗകര്യവും സുരക്ഷയും നല്‍കുന്ന കാബിന്‍ എന്നിവയോടെയാണ് ട്രക്ക് വിപണിയില്‍ എത്തുന്നതെന്ന് കമ്പനി അവകാശപ്പെട്ടു. മഹീന്ദ്രയുടെ നൂതന ടെലിമാറ്റിക്സ് സാങ്കേതികവിദ്യയായ ‘മഹീന്ദ്ര ഐമാക്സ്’ ലഭിച്ചതാണ് പുതിയ ഫ്യൂറിയോ 7 ശ്രേണി.

ഫ്യൂറിയോ ശ്രേണിയില്‍ ഇന്റര്‍മീഡിയറ്റ് & ലൈറ്റ് കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ വികസിപ്പിക്കുന്നതിന് 650 കോടി രൂപയുടെ നിക്ഷേപമാണ് മഹീന്ദ്ര നടത്തിയത്. 2019 ല്‍ ഫ്യൂറിയോ ഇന്റര്‍മീഡിയറ്റ് കൊമേഴ്‌സ്യല്‍ വെഹിക്കിള്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു.
