Top Spec

The Top-Spec Automotive Web Portal in Malayalam

ഇതാ ഔഡിയുടെ തമ്പുരാന്‍, എമ്പുരാന്‍

ഔഡി ഇ-ട്രോണ്‍ ജിടി, ഔഡി ആര്‍എസ് ഇ-ട്രോണ്‍ ജിടി എന്നീ ഇലക്ട്രിക് സൂപ്പര്‍കാറുകളുടെ എക്‌സ് ഷോറൂം വില യഥാക്രമം 1.80 കോടി രൂപയും 2.05 കോടി രൂപയുമാണ്

ഔഡി ഇ-ട്രോണ്‍ ജിടി, ഔഡി ആര്‍എസ് ഇ-ട്രോണ്‍ ജിടി എന്നീ ഇലക്ട്രിക് സൂപ്പര്‍കാറുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. യഥാക്രമം 1.80 കോടി രൂപയും 2.05 കോടി രൂപയുമാണ് എക്‌സ് ഷോറൂം വില.

രണ്ടു വീതം ഇലക്ട്രിക് മോട്ടോറുകളാണ് രണ്ട് കാറുകള്‍ക്കും കരുത്തേകുന്നത്. സ്റ്റാന്‍ഡേഡ് വേരിയന്റില്‍ 469 ബിഎച്ച്പി കരുത്തും 630 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുമ്പോള്‍ ആര്‍എസ് വേരിയന്റില്‍ 590 ബിഎച്ച്പി കരുത്തും 830 എന്‍എം ടോര്‍ക്കുമാണ് പുറപ്പെടുവിക്കുന്നത്. രണ്ട് വേരിയന്റുകളിലും 4 വീല്‍ സ്റ്റിയറിംഗ് സ്റ്റാന്‍ഡേഡായി നല്‍കി. ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍, ഡബ്ല്യുഎല്‍ടിപി സൈക്കിള്‍ അനുസരിച്ച് സ്റ്റാന്‍ഡേഡ് വേരിയന്റില്‍ 500 കിലോമീറ്ററും ആര്‍എസ് വേരിയന്റില്‍ 481 കിലോമീറ്ററും സഞ്ചരിക്കാം.

സവിശേഷ മാട്രിക്‌സ് എല്‍ഇഡി ഹെഡ്‌ലാംപുകള്‍, ഡുവല്‍ ടോണ്‍ ബംപറുകള്‍, എയ്‌റോഡൈനാമിക് ആകൃതിയോടെ 20 ഇഞ്ച് അലോയ് വീലുകള്‍ (ആര്‍എസ് വേരിയന്റില്‍ 21 ഇഞ്ച്), ചെരിഞ്ഞ റൂഫ് ലൈന്‍, രണ്ട് മോഡുകള്‍ (ഇക്കോ, ഡൈനാമിക്) സഹിതം പിറകില്‍ ആക്റ്റീവ് സ്പോയ്‌ലര്‍, പിറകില്‍ എല്‍ഇഡി ലൈറ്റ് ബാര്‍ എന്നിവ പുറത്തെ സവിശേഷതകളാണ്.

അകത്ത്, വര്‍ച്വല്‍ കോക്പിറ്റ് എന്ന് ഔഡി വിളിക്കുന്ന 12.3 ഇഞ്ച് വലുപ്പമുള്ള പൂര്‍ണ ഡിജിറ്റലായ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, 10.1 ഇഞ്ച് വലുപ്പമുള്ള ടച്ച്സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, എട്ട് വിധത്തില്‍ ക്രമീകരിക്കാവുന്ന (പവേര്‍ഡ്) മുന്‍ സീറ്റുകള്‍, വിശാലമായ സെന്റര്‍ കണ്‍സോള്‍ എന്നിവ ഡുവല്‍ ടോണ്‍ ഡാഷ്ബോര്‍ഡില്‍ തിരശ്ചീനമായി സ്ഥാപിച്ചു. കോണ്‍ട്രാസ്റ്റ് എന്ന നിലയില്‍ ചുവന്ന തുന്നലുകള്‍, തുകല്‍ അപോള്‍സ്റ്ററി, കാര്‍ബണ്‍ ഫൈബര്‍ ഇന്‍സര്‍ട്ടുകള്‍, സ്‌പോര്‍ട്ട് സീറ്റുകള്‍, അല്‍ക്കാന്ററ പൊതിഞ്ഞ ഫ്‌ളാറ്റ് ബോട്ടം സ്റ്റിയറിംഗ് വളയം എന്നിവ ആര്‍എസ് പതിപ്പില്‍ അധികമായി നല്‍കി.