Top Spec

The Top-Spec Automotive Web Portal in Malayalam

ടാറ്റ ഡാര്‍ക്ക് എഡിഷന്‍ വോക്ക്എറൗണ്ട് റിപ്പോര്‍ട്ട്

ടാറ്റ ഹാരിയര്‍ ഡാര്‍ക്ക് എഡിഷന്‍ ഏറെ ജനപ്രീതി നേടിയതോടെയാണ് മറ്റ് മോഡലുകളുടെയും ഡാര്‍ക്ക് എഡിഷന്‍ അവതരിപ്പിക്കാന്‍ ടാറ്റ മോട്ടോഴ്‌സ് തീരുമാനിച്ചത്

ടാറ്റ അള്‍ട്രോസ്, നെക്സോണ്‍, നെക്സോണ്‍ ഇവി മോഡലുകളുടെ ഡാര്‍ക്ക് എഡിഷന്‍ ഈയിടെയാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. ടാറ്റ ഹാരിയര്‍ ഡാര്‍ക്ക് എഡിഷന്‍ 2019 ല്‍ വിപണിയിലെത്തിച്ചിരുന്നു. എന്നാല്‍ അള്‍ട്രോസ്, നെക്സോണ്‍, നെക്സോണ്‍ ഇവി മോഡലുകള്‍ക്ക് ഓള്‍ ബ്ലാക്ക് ട്രീറ്റ്മെന്റ് ലഭിക്കുന്നത് ഇതാദ്യമാണ്. ഇതോടൊപ്പം 2021 വര്‍ഷത്തേക്കായി ടാറ്റ ഹാരിയര്‍ ഡാര്‍ക്ക് എഡിഷന്‍ പരിഷ്‌കരിച്ചു. അള്‍ട്രോസ് ഡാര്‍ക്ക് എഡിഷന് 8.71 ലക്ഷം രൂപയിലും നെക്സോണ്‍ ഡാര്‍ക്ക് എഡിഷന് 10.40 ലക്ഷം രൂപയിലും നെക്സോണ്‍ ഇവി ഡാര്‍ക്ക് എഡിഷന് 15.99 ലക്ഷം രൂപയിലും ഹാരിയര്‍ ഡാര്‍ക്ക് എഡിഷന് 18.04 ലക്ഷം രൂപയിലുമാണ് ഡെല്‍ഹി എക്സ് ഷോറൂം വില ആരംഭിക്കുന്നത്. സ്റ്റാന്‍ഡേഡ് മോഡലുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 45,000 രൂപ വരെ വില വര്‍ധിച്ചു. ടാറ്റ ഹാരിയര്‍ ഡാര്‍ക്ക് എഡിഷന്‍ ഏറെ ജനപ്രീതി നേടിയതോടെയാണ് മറ്റ് മോഡലുകളുടെയും ഡാര്‍ക്ക് എഡിഷന്‍ അവതരിപ്പിക്കുന്ന കാര്യം ടാറ്റ മോട്ടോഴ്‌സ് ആലോചിച്ചത്. വില്‍പ്പന വര്‍ധിക്കാന്‍ ഡാര്‍ക്ക് എഡിഷന്‍ സഹായിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. ഡാര്‍ക്ക് എഡിഷന്‍ മോഡലുകളുടെ അകത്തും പുറത്തും കറുത്ത തീം നല്‍കി.

ഫുള്ളി ലോഡഡ് പെട്രോള്‍ എക്‌സ്‌സെഡ് പ്ലസ് വേരിയന്റുകളിലാണ് ടാറ്റ അള്‍ട്രോസ് ഡാര്‍ക്ക് എഡിഷന്‍ പ്രീമിയം ഹാച്ച്ബാക്ക് വിപണിയിലെത്തുന്നത്. 86 എച്ച്പി ഉല്‍പ്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിന്‍, 110 എച്ച്പി പുറപ്പെടുവിക്കുന്ന 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ എന്നീ ഓപ്ഷനുകളിലൊന്ന് ഉപയോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ് രണ്ട് എന്‍ജിനുകളുടെയും കൂട്ട്. പുതുതായി ‘കോസ്മോ ഡാര്‍ക്ക്’ കളര്‍ സ്‌കീം, ‘ഡാര്‍ക്ക്’ ടിന്റ് ഫിനിഷ് ലഭിച്ച 16 ഇഞ്ച് അലോയ് വീലുകള്‍, ബോണറ്റിലുടനീളം ഡാര്‍ക്ക് ക്രോം, മുന്നിലെ ഫെന്‍ഡറില്‍ ‘ഡാര്‍ക്ക്’ എംബ്ലം എന്നീ മാറ്റങ്ങള്‍ കാണാന്‍ കഴിയും. കാബിനില്‍ ഓള്‍ ഗ്രാനൈറ്റ് ബ്ലാക്ക് തീം ലഭിച്ചു. ഡാഷ്ബോര്‍ഡിന്റെ മിഡ് പാഡില്‍ ഗ്ലോസ് ബ്ലാക്ക് ഫിനിഷ് നല്‍കി. ട്രൈ ആരോ പെര്‍ഫൊറേഷനുകള്‍ സഹിതം പ്രീമിയം ലെതററ്റ് സീറ്റുകള്‍, ബ്ലൂ ഡെക്കോ തുന്നലുകള്‍, മുന്നിലെ ഹെഡ്റെസ്റ്റില്‍ ‘ഡാര്‍ക്ക്’ എംബ്രോയ്ഡറി എന്നിവയാണ് മറ്റ് പരിഷ്‌കാരങ്ങള്‍.

പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളിലായി എക്സ്‌സെഡ് പ്ലസ്, എക്സ്‌സെഡ് പ്ലസ് (ഒ) എന്നീ വേരിയന്റുകളിലാണ് ടാറ്റ നെക്സോണ്‍ ഡാര്‍ക്ക് എഡിഷന്‍ വരുന്നത്. 120 എച്ച്പി ഉല്‍പ്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 110 എച്ച്പി പുറപ്പെടുവിക്കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്നിവയാണ് എന്‍ജിന്‍ ഓപ്ഷനുകള്‍. 6 സ്പീഡ് മാന്വല്‍, എഎംടി എന്നിവ രണ്ട് എന്‍ജിനുകളുടെയും ഓപ്ഷനുകളാണ്. ‘അറ്റ്ലസ് ബ്ലാക്ക്’ എക്സ്റ്റീരിയര്‍ കളര്‍, 16 ഇഞ്ച് ചാര്‍ക്കോള്‍ അലോയ് വീലുകള്‍, സോണിക് സില്‍വര്‍ ബെല്‍റ്റ്‌ലൈന്‍, ഡാര്‍ക്ക് എംബ്ലം എന്നീ മാറ്റങ്ങള്‍ പ്രത്യേക പതിപ്പിനായി സബ്കോംപാക്റ്റ് എസ്‌യുവിയില്‍ വരുത്തിയിരിക്കുന്നു. കാബിനില്‍ കറുത്ത ‘ട്രൈ ആരോ’ ഡാഷ്ബോര്‍ഡ് പാനല്‍, ട്രൈ ആരോ പെര്‍ഫൊറേഷനുകള്‍ സഹിതം കറുത്ത ലെതററ്റ് സീറ്റുകള്‍, മുന്നിലെ ഹെഡ്റെസ്റ്റുകളില്‍ ‘ഡാര്‍ക്ക്’ എംബ്രോയ്ഡറി, ട്രൈ ആരോ തീം സഹിതം ഡോര്‍ ട്രിമ്മുകള്‍ എന്നിവയും ലഭിച്ചു.

എക്സ്‌സെഡ് പ്ലസ്, എക്സ്‌സെഡ് പ്ലസ് ലക്സ് എന്നീ വേരിയന്റുകളിലാണ് ടാറ്റ നെക്സോണ്‍ ഇവി ഇലക്ട്രിക് എസ്‌യുവിയുടെ ഡാര്‍ക്ക് എഡിഷന്‍ അവതരിപ്പിച്ചത്. ‘മിഡ്നൈറ്റ് ബ്ലാക്ക്’ ബോഡി കളര്‍, ചാര്‍ക്കോള്‍ ഗ്രേ അലോയ് വീലുകള്‍, ബ്ലൂ ഹൈലൈറ്റുകള്‍ക്ക് പകരം ബെല്‍റ്റ്‌ലൈനില്‍ സാറ്റിന്‍ ബ്ലാക്ക് ഇന്‍സര്‍ട്ടുകള്‍, ‘ഡാര്‍ക്ക്’ എംബ്ലം എന്നിവയാണ് പരിഷ്‌കാരങ്ങള്‍. ട്രൈ ആരോ പെര്‍ഫൊറേഷനുകള്‍ സഹിതം ഡാര്‍ക്ക് തീം ലെതററ്റ് അപോള്‍സ്റ്ററി, ഇവി ബ്ലൂ ഹൈലൈറ്റ് തുന്നലുകള്‍, ട്രൈ ആരോ ഡിസൈന്‍ സഹിതം ഡാര്‍ക്ക് തീമില്‍ പിയാനോ ബ്ലാക്ക് ഡാഷ്ബോര്‍ഡ്, ഡോര്‍ ട്രിമ്മില്‍ ട്രൈ ആരോ പെര്‍ഫൊറേഷനുകള്‍ സഹിതം ഡാര്‍ക്ക് ലെതററ്റ് അപോള്‍സ്റ്ററി എന്നിവ കാബിനില്‍ നല്‍കിയിരിക്കുന്നു. നീല തുന്നലുകള്‍ സഹിതം സ്റ്റിയറിംഗ് വളയത്തില്‍ തുകല്‍ പൊതിഞ്ഞു. മുന്നിലെ ഹെഡ്റെസ്റ്റുകളില്‍ ‘ഡാര്‍ക്ക്’ എംബ്രോയ്ഡറി നല്‍കി. കപ്പ് ഹോള്‍ഡറുകള്‍ സഹിതം പിന്‍ നിര സീറ്റുകളുടെ മധ്യത്തിലായി പുതുതായി ആംറെസ്റ്റ് സ്ഥാപിച്ചു. എക്സ്‌സെഡ് പ്ലസ് വേരിയന്റില്‍ അധിക ഫീച്ചറായി പിന്‍ നിരയില്‍ 60:40 അനുപാതത്തില്‍ സ്പ്ലിറ്റ് ഫോള്‍ഡിംഗ് സീറ്റുകള്‍ നല്‍കി. ടയര്‍ പ്രഷര്‍ മോണിറ്റര്‍ കൂടി സ്റ്റാന്‍ഡേഡ് ഫിറ്റ്‌മെന്റാണ്. പിന്‍ നിര സീറ്റുകളില്‍ ക്രമീകരിക്കാവുന്ന ഹെഡ്റെസ്റ്റ് ലഭിച്ചു.

എക്സ്ടി പ്ലസ്, എക്സ്‌സെഡ് പ്ലസ്, എക്സ്‌സെഡ്എ പ്ലസ് എന്നീ മൂന്ന് വേരിയന്റുകളില്‍ മാത്രമായിരിക്കും ടാറ്റ ഹാരിയര്‍ ഡാര്‍ക്ക് എഡിഷന്‍ ഇപ്പോള്‍ ലഭിക്കുന്നത്. അല്‍പ്പം ഡീപ്പ് ബ്ലൂ സാന്നിധ്യത്തോടെ പുതുതായി ‘ഒബ്റോണ്‍ ബ്ലാക്ക്’ കളര്‍ സ്‌കീം, 18 ഇഞ്ച് ബ്ലാക്ക്സ്റ്റോണ്‍ അലോയ് വീലുകള്‍, പിയാനോ ബ്ലാക്ക് ഫിനിഷ് ലഭിച്ച ഹാരിയര്‍ ബാഡ്ജ് എന്നിവ എസ്‌യുവിയുടെ സവിശേഷതകളാണ്. നേരത്തെ അറ്റ്‌ലസ് ബ്ലാക്ക് പെയിന്റ് സ്‌കീമിലാണ് ടാറ്റ ഹാരിയര്‍ ഡാര്‍ക്ക് എഡിഷന്‍ ലഭിച്ചിരുന്നത്. കാബിനില്‍ ഡാര്‍ക്ക് ക്രോം ഇന്റീരിയര്‍ പാക്കേജ്, ട്രൈ ആരോ പെര്‍ഫൊറേഷനുകള്‍ സഹിതം ‘ബെനെക് കാലിക്കോ’ ലെതററ്റ് അപോള്‍സ്റ്ററി, മുന്നിലെ സീറ്റുകളില്‍ ‘ഡാര്‍ക്ക്’ എംബ്രോയ്ഡറി എന്നിവയും നല്‍കി.