Top Spec

The Top-Spec Automotive Web Portal in Malayalam

അരവിന്ദ് ഓട്ടോമൊബൈല്‍സ് പുനര്‍ജനിക്കുന്നു

പത്ത് വര്‍ഷത്തിനുള്ളില്‍ നാല് ആഡംബര ഇലക്ട്രിക് കാറുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും

കേരളം ആസ്ഥാനമായ അരവിന്ദ് ഓട്ടോമൊബൈല്‍സ് അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ നാല് ആഡംബര ഇലക്ട്രിക് കാറുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. അരവിന്ദ് ഓട്ടോമൊബൈല്‍സ് തങ്ങളുടെ ഭാവി പദ്ധതികള്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. കേരളത്തിന്റെ മാരുതി എന്നറിയപ്പെട്ട അരവിന്ദ് ഓട്ടോമൊബൈല്‍സ് ഇതോടെ പുനര്‍ജനിക്കുകയാണ്. ബ്രാന്‍ഡ് തങ്ങളുടെ പുതിയ ലോഗോ ഈയിടെ പുറത്തിറക്കിയിരുന്നു. 1956 ല്‍ സ്ഥാപിതമായ വാഹന നിര്‍മാതാക്കളാണ് അരവിന്ദ് ഓട്ടോമൊബൈല്‍സ്.

തിരുവിതാംകൂര്‍ രാജാവായ ശ്രീ ചിത്തിര തിരുനാളിനായി ‘പാലസ് സ്പെഷല്‍’ നിര്‍മിച്ചാണ് അരവിന്ദ് ഓട്ടോമൊബൈല്‍സ് ഈ രംഗത്തേക്ക് കടന്നുവന്നത്. എകെ ബാലകൃഷ്ണ മേനോന്‍ ആയിരുന്നു ഈ കാറിന്റെ ശില്‍പ്പി. അദ്ദേഹത്തിന്റെ മരണത്തെത്തുടര്‍ന്ന് തൊഴിലാളികളുടെ സഹകരണ സംഘത്തിന് കമ്പനി കൈമാറിയതിനാല്‍ ഈ കാറിന്റെ സീരീസ് ഉല്‍പ്പാദനം നടക്കാതെ പോയി. ബാലകൃഷ്ണ മേനോന്റെ ചെറുമകനാണ് ഇപ്പോള്‍ ബ്രാന്‍ഡ് പുനരുജ്ജീവിപ്പിക്കുന്നതിന് ശ്രമിക്കുന്നത്.

അരവിന്ദ് ഓട്ടോമൊബൈല്‍സിന്റെ ഭാവി പദ്ധതികള്‍ അനുസരിച്ച് മാര്‍ക്ക് എ എന്ന എന്‍ട്രി ലെവല്‍ മോഡല്‍ ഇന്ത്യന്‍ വിപണിയിലെത്തും. സെലീന്‍ എന്ന കോഡ് നാമമാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. മെഴ്‌സേഡസ് ബെന്‍സ് എ ക്ലാസ് സെഡാന്‍, ബിഎംഡബ്ല്യു 2 സീരീസ് ഗ്രാന്‍ കൂപ്പെ എന്നീ മോഡലുകളുമായി മല്‍സരിക്കാന്‍ തക്കവിധം കേമനായിരിക്കും അരവിന്ദ് മാര്‍ക്ക് എ.

മെഴ്‌സേഡസ് ബെന്‍സ് ഇ ക്ലാസ്, ബിഎംഡബ്ല്യു 5 സീരീസ് എന്നിവയുമായി മത്സരിക്കുന്ന മാര്‍ക്ക് കെ സെഡാന്‍ ആയിരിക്കും രണ്ടാമത്തെ മോഡല്‍. ഹാല്‍സിയോണ്‍ എന്ന കോഡ് നാമമാണ് ഈ കാറിന് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. ഈയിടെ അനാവരണം ചെയ്ത അരവിന്ദ് മാര്‍ക്ക് കെ മോഡലിന്റെ ഔദ്യോഗിക ചിത്രങ്ങളാണ് ഈ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഒരു ക്രോസ്ഓവര്‍ മോഡല്‍ കൂടി അരവിന്ദ് ഓട്ടോമൊബൈല്‍സ് പദ്ധതിയിടുന്നു. മാര്‍ക്ക് ബി എന്ന ഈ മോഡല്‍ മെഴ്‌സേഡസ് ബെന്‍സ് ജിഎല്‍സി, ജാഗ്വാര്‍ എഫ് പേസ് എന്നിവയുമായി വിപണിയില്‍ മല്‍സരിക്കും. നിലവിലെ കോഡ് നാമം ടൈഫോണ്‍ എന്നാണ്.

മെഴ്‌സേഡസ് ബെന്‍സ് എസ് ക്ലാസ്, ബിഎംഡബ്ല്യു 7 സീരീസ് എന്നിവയുമായി മത്സരിക്കുന്ന മാര്‍ക്ക് എം സെഡാന്‍ ആയിരിക്കും നാലാമത്തെ മോഡല്‍. പ്രോമിത്യൂസ് എന്ന കോഡ് നാമമാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. ഈ മോഡല്‍ 2031 ല്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

നാല് യൂണിറ്റ് ‘പ്രൈം’ സെഡാന്‍ പ്രത്യേകമായി നിര്‍മിക്കുന്നതും അരവിന്ദ് ഓട്ടോമൊബൈല്‍സിന്റെ പദ്ധതിയാണ്. പ്രധാനമന്ത്രി അല്ലെങ്കില്‍ രാഷ്ട്രപതിയുടെ ഉപയോഗത്തിന് ഈ കാറുകള്‍ കൈമാറും. മറ്റ് രാജ്യങ്ങളിലെ നേതാക്കള്‍ക്ക് ‘പ്രൈം’ സെഡാന്‍ ലഭ്യമാകില്ല. ജര്‍മനിയിലെ നൂര്‍ബുര്‍ഗ്‌റിംഗ് സര്‍ക്യൂട്ടില്‍ ഓടി കഴിവ് തെളിയിക്കുന്ന ആദ്യ ഇന്ത്യന്‍ കാര്‍ നിര്‍മിക്കുന്നതും അരവിന്ദ് ഓട്ടോമൊബൈല്‍സിന്റെ പരിഗണനയിലാണ്.