Top Spec

The Top-Spec Automotive Web Portal in Malayalam

ഇന്ത്യയിലേക്ക് എഴുന്നള്ളി ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഡിബിഎക്‌സ്

എക്‌സ് ഷോറൂം വില 3.83 കോടി രൂപ

ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഡിബിഎക്‌സ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 3.83 കോടി രൂപയാണ് സൂപ്പര്‍ പെര്‍ഫോമന്‍സ് എസ്‌യുവിയുടെ എക്‌സ് ഷോറൂം വില. അഞ്ച് മീറ്ററിലധികം (5,039 എംഎം) നീളം വരുന്ന ഫുള്‍ സൈസ് 5 സീറ്റ് എസ്‌യുവിയാണ് ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഡിബിഎക്‌സ്. ബ്രിട്ടീഷ് കാര്‍ നിര്‍മാതാക്കളുടെ ചരിത്രത്തിലെ ആദ്യ യഥാര്‍ത്ഥ എസ്‌യുവിയാണ് ഡിബിഎക്‌സ്. ആകര്‍ഷകമായ ലുക്ക്, ആഡംബരം, സുഖസൗകര്യം, മികച്ച പെര്‍ഫോമന്‍സ് എന്നിവയോടെയാണ് ഡിബിഎക്‌സ് വരുന്നത്.

ബോണറ്റില്‍ രണ്ട് എയര്‍ വെന്റുകള്‍ കാണാം. ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഡിബി മോഡലുകളുടെ സവിശേഷ ഗ്രില്‍ നല്‍കിയിരിക്കുന്നു. ബംപറിന്റെ ഇരുവശത്തുമുള്ള എയര്‍ ഡക്റ്റുകള്‍ക്ക് ചുറ്റുമാണ് എല്‍ഇഡി ഡിആര്‍എല്‍ നല്‍കാന്‍ തീരുമാനിച്ചത്. വശങ്ങളില്‍ ഫ്രെയിമില്ലാ ഡോറുകള്‍ക്ക് മുകളിലായി റൂഫ്‌ലൈനിന് സമാന്തരമായി ക്രോം സ്‌ട്രൈപ്പ് നല്‍കി. ഫ്‌ളഷ് ഫിറ്റ് ഡോര്‍ ഹാന്‍ഡിലുകള്‍ സവിശേഷതയാണ്. വാന്റേജില്‍ കാണുന്നതുപോലെ മുഴച്ചുനില്‍ക്കുന്ന ടെയ്ല്‍ ലൈറ്റ് നല്‍കി. റൂഫില്‍ സ്ഥാപിച്ച സ്‌പോയ്‌ലര്‍, പവേര്‍ഡ് ടെയ്ല്‍ഗേറ്റ്, ഇരട്ട ടെയ്ല്‍ പൈപ്പുകള്‍ എന്നിവയാണ് പിറകിലെ മറ്റ് വിശേഷങ്ങള്‍.

12.3 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്‌പ്ലേ, ഡുവല്‍ ടോണ്‍ ഹീറ്റഡ് സ്റ്റിയറിംഗ് വളയം, ആപ്പിള്‍ കാര്‍പ്ലേ, സാറ്റലൈറ്റ് നാവിഗേഷന്‍ എന്നിവ സപ്പോര്‍ട്ട് ചെയ്യുന്ന 10.25 ഇഞ്ച് ഹൈ ഡെഫിനിഷന്‍ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, മുന്നില്‍ ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന വെന്റിലേറ്റഡ് സീറ്റുകള്‍, പനോരമിക് സണ്‍റൂഫ്, 64 നിറങ്ങളോടെ ഡുവല്‍ സോണ്‍ ആംബിയന്റ് ലൈറ്റിംഗ്, ഒന്നും രണ്ടും നിരകളില്‍ യുഎസ്ബി പോര്‍ട്ടുകളും 12 വോള്‍ട്ട് പവര്‍ സോക്കറ്റുകളും, 360 ഡിഗ്രി സറൗണ്ട് കാമറ, അല്‍കാന്ററ ഹെഡ്‌ലൈനര്‍ എന്നിവ സൂപ്പര്‍ എസ്‌യുവിയുടെ കാബിന്‍ ഫീച്ചറുകളാണ്. ഫുള്‍ ഗ്രെയ്ന്‍ തുകല്‍ നല്‍കിയതാണ് മുന്നിലെ സീറ്റുകള്‍. ക്വില്‍റ്റിംഗ്, എംബ്രോയ്ഡറി, പെര്‍ഫറേഷന്‍ എന്നിവ ഇഷ്ടാനുസരണം തെരഞ്ഞെടുക്കാം. കൂടുതല്‍ ലഗേജ് കൂടെകൊണ്ടുപോകുന്നതിന് പിറകിലെ സീറ്റുകള്‍ 40:20:40 അനുപാതത്തില്‍ മടക്കാന്‍ കഴിയും.

മെഴ്‌സേഡസ് എഎംജിയില്‍നിന്ന് വാങ്ങിയ 4.0 ലിറ്റര്‍, ഇരട്ട ടര്‍ബോ, വി8 എന്‍ജിനാണ് ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഡിബിഎക്‌സ് എസ്‌യുവിയുടെ ഹൃദയം. ഈ മോട്ടോര്‍ 542 ബിഎച്ച്പി കരുത്തും 700 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. 9 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് എന്‍ജിനുമായി ഘടിപ്പിച്ചു. 0-100 കിമീ/ മണിക്കൂര്‍ വേഗമാര്‍ജിക്കാന്‍ 4.5 സെക്കന്‍ഡ് മാത്രം മതി. മണിക്കൂറില്‍ 291 കിലോമീറ്ററായി ടോപ് സ്പീഡ് പരിമിതപ്പെടുത്തി. ഓള്‍ വീല്‍ ഡ്രൈവ് സംവിധാനം നല്‍കി. 2,245 കിലോഗ്രാമാണ് എസ്‌യുവിയുടെ ഭാരം. 22 ഇഞ്ച് അലോയ് വീലുകളിലാണ് ഡിബിഎക്‌സ് വരുന്നത്.

അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍, ലെയ്ന്‍ കീപ്പ് അസിസ്റ്റ്, ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ വാണിംഗ്, ഫോര്‍വേഡ് കൊളീഷന്‍ വാണിംഗ്, എയര്‍ബാഗുകള്‍, ഐസോഫിക്‌സ് ആങ്കറേജ് പോയന്റുകള്‍, പെഡസ്ട്രിയന്‍ ഡിറ്റക്ഷന്‍ സംവിധാനം സഹിതം ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിംഗ് എന്നിവ സുരക്ഷാ ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു.

ഔഡി ആര്‍എസ് ക്യു8, ലംബോര്‍ഗിനി ഉറുസ്, ബെന്റ്‌ലി ബെന്റയ്ഗ, റോള്‍സ് റോയ്‌സ് കള്ളിനന്‍, പോര്‍ഷ കയെന്‍ എന്നിവയാണ് ഇന്ത്യയിലെ എതിരാളികള്‍.