Top Spec

The Top-Spec Automotive Web Portal in Malayalam

ഇന്ത്യയിലേക്ക് ടെസ്‌ല വരുന്നു

ജനുവരിയില്‍ ‘മോഡല്‍ 3’ ഇലക്ട്രിക് സെഡാന്റെ പ്രീ-ബുക്കിംഗ് പുനരാരംഭിക്കും

അമേരിക്കന്‍ ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ്‌ല ഒടുവില്‍ ഇന്ത്യയിലെത്തുന്നു. അടുത്ത മാസം, അതായത് 2021 ജനുവരിയില്‍ ടെസ്‌ല ഇന്ത്യയില്‍ ഔദ്യോഗികമായി പ്രവേശിക്കുമെന്ന് ‘ഇ.ടി.ഓട്ടോ’ റിപ്പോര്‍ട്ട് ചെയ്യുന്നു. ജനുവരിയില്‍ ‘മോഡല്‍ 3’ ഇലക്ട്രിക് സെഡാന്റെ പ്രീ-ബുക്കിംഗ് പുനരാരംഭിച്ചുകൊണ്ടായിരിക്കും ഇന്ത്യയിലേക്കുള്ള ടെസ്‌ലയുടെ കടന്നുവരവ്. ജൂണ്‍ മാസത്തോടെ ഡെലിവറി ആരംഭിക്കും. ‘മോഡല്‍ 3’ യുടെ പ്രീ-ബുക്കിംഗ് 2016 ലാണ് ആദ്യം സ്വീകരിച്ചുതുടങ്ങിയത്. അന്നുമുതല്‍ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയാണ് ടെസ്‌ല.

കഴിഞ്ഞ നാല് വര്‍ഷത്തോളമായി ടെസ്‌ലയുടെ ഇന്ത്യന്‍ പ്രവേശനം ചര്‍ച്ചാവിഷയമായിരുന്നു. ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌ക് നിരവധി തവണ ഇന്ത്യന്‍ പ്രവേശനം സൂചിപ്പിക്കുകയും ചെയ്തു. ഏറ്റവുമൊടുവില്‍, 2021 ല്‍ ടെസ്‌ല ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുമെന്ന് ഈ വര്‍ഷം ഒക്ടോബറില്‍ ഇലോണ്‍ മസ്‌ക് ട്വീറ്റ് ചെയ്തിരുന്നു. വിപണി മൂലധനം അനുസരിച്ച് ലോകത്തെ ഏറ്റവും മൂല്യമേറിയ വാഹന കമ്പനിയാണ് ടെസ്‌ല.

പ്രധാനമന്ത്രി നരേന്ദ്ര മോദി 2015 സെപ്റ്റംബറില്‍ കാലിഫോര്‍ണിയയിലെ ടെസ്‌ല ഫാക്ടറി സന്ദര്‍ശിച്ചിരുന്നു. 2016 ല്‍ ടെസ്‌ല മോഡല്‍ 3 പ്രീ-ബുക്ക് ചെയ്ത പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ ഉള്‍പ്പെടെയുള്ളവര്‍ കാര്‍ ലഭിക്കുന്നതിന് കാത്തിരിക്കുകയാണ്. 1,000 യുഎസ് ഡോളര്‍ ആയിരുന്നു ബുക്കിംഗ് തുക.

പൂര്‍ണമായി നിര്‍മിച്ചശേഷം ടെസ്‌ല മോഡല്‍ 3 ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യും. മറ്റ് വിപണികളിലേതുപോലെ, ഡീലര്‍ഷിപ്പുകളിലൂടെ ആയിരിക്കില്ല കാറുകള്‍ വില്‍ക്കുന്നത്. ഉപയോക്താക്കള്‍ക്ക് നേരിട്ട് കൈമാറും. ഡിജിറ്റല്‍ വില്‍പ്പനയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ഇന്ത്യയില്‍ പ്ലാന്റ് സ്ഥാപിക്കുന്ന കാര്യവും ടെസ്ല അന്വേഷിച്ചുവരികയാണെന്ന് പറയപ്പെടുന്നു.

ടെസ്‌ല മോഡല്‍ 3 ഇലക്ട്രിക് സെഡാന് 55-60 ലക്ഷം രൂപ വില വരും. ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 500 കിമീ വരെ സഞ്ചരിക്കാം. മണിക്കൂറില്‍ 162 മൈലാണ് ടോപ് സ്പീഡ്. 0-60 മൈല്‍/മണിക്കൂര്‍ വേഗമാര്‍ജിക്കാന്‍ 3.1 സെക്കന്‍ഡ് മതി.

2017 ല്‍ വിപണിയിലെത്തിച്ച ടെസ്‌ല മോഡല്‍ 3 നിലവില്‍ ആഗോളതലത്തില്‍ ഏറ്റവുമധികം വിറ്റുപോകുന്ന ഓള്‍-ഇലക്ട്രിക് കാറാണ്. ഏറ്റവും താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന ടെസ്‌ല കാര്‍ കൂടിയാണ് മോഡല്‍ 3. മോഡല്‍ എസ്, മോഡല്‍ എക്‌സ്, മോഡല്‍ വൈ എന്നിവയാണ് മറ്റ് ടെസ്‌ല കാറുകള്‍.