Top Spec

The Top-Spec Automotive Web Portal in Malayalam

നല്ല നാളേയ്ക്കുവേണ്ടി തൈ നടാൻ ടാറ്റ മോട്ടോഴ്സ്

വാണിജ്യ വാഹനം വിൽക്കുമ്പോഴും സർവീസ് ചെയ്യുമ്പോഴും തൈ നടും 

‘ഗോ ഗ്രീൻ’ പദ്ധതിയുമായി ടാറ്റ മോട്ടോഴ്സ് രംഗത്ത്. ഇതനുസരിച്ച്, ഓരോ പുതിയ വാണിജ്യ വാഹനം (സിവി) വിൽക്കുമ്പോഴും ടാറ്റ മോട്ടോഴ്സ് ഒരു തൈ നടും. മാത്രമല്ല, ഡീലർ വർക്ക് ഷോപ്പിലോ കമ്പനിയുടെ അംഗീകൃത സർവീസ് സ്‌റ്റേഷനിലോ ഉപയോക്താവ് തങ്ങളുടെ വാണിജ്യ വാഹനം സർവീസ് ചെയ്യുമ്പോഴും കമ്പനി ഒരു തൈ നടും. ‘സങ്കൽപ്പതരു’ എന്ന സർക്കാരിതര സംഘടനയുമായി (എൻജിഒ) സഹകരിച്ചാണ് ടാറ്റ മോട്ടോഴ്സ് പദ്ധതി നടപ്പാക്കുന്നത്.  

വിവിധ ഫലവൃക്ഷങ്ങളുടെയും ഔഷധ സസ്യങ്ങളുടെയും മറ്റും തൈകളായിരിക്കും നടുന്നത്. പത്തിലധികം ഇന്ത്യൻ സംസ്ഥാനങ്ങളിലെ വിവിധ സ്ഥലങ്ങളിൽ തൈകൾ നടും. ടാറ്റ മോട്ടോഴ്സ് തന്നെയായിരിക്കും നട്ട തൈകൾ പരിപാലിക്കുന്നത്. കൂടാതെ, നട്ട തൈച്ചെടിയുടെ ലൊക്കേഷൻ ജിയോടാഗ് ചെയ്ത ലിങ്ക് സഹിതം സർട്ടിഫിക്കറ്റ് കൂടി ഉപയോക്താവിന് കൈമാറും. 

പാരിസ്ഥിതിക സുസ്ഥിരതയ്ക്ക് ടാറ്റ മോട്ടോഴ്‌സ് വലിയ പ്രാധാന്യം നൽകുന്നതായി വാണിജ്യ വാഹന ബിസിനസ് വിഭാഗത്തിൻ്റെ വിൽപ്പന വിപണന കാര്യ വൈസ് പ്രസിഡൻ്റ് രാജേഷ് കൗൾ പറഞ്ഞു. ഊർജക്ഷമമായ ഉൽ‌പ്പാദന രീതികളും പരിസ്ഥിതി സൗഹൃദ ഉൽ‌പ്പന്നങ്ങളും ഇതിന് തെളിവാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.  

പരിസ്ഥിതി സൗഹൃദ, ബദൽ ഇന്ധന വാഹനങ്ങളിലൂടെ ഇന്ത്യയിൽ കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിന് സജീവമായി പ്രവർത്തിക്കുന്നതായി ടാറ്റ മോട്ടോഴ്സ് വ്യക്തമാക്കി. 2030 ഓടെ പുനരുൽപ്പാദന സ്രോതസ്സുകളിൽ നിന്നുള്ള വൈദ്യുതി മാത്രം ഉപയോഗിക്കാനാണ് ടാറ്റ മോട്ടോഴ്സ് ലക്ഷ്യം വെയ്ക്കുന്നത്.