Top Spec

The Top-Spec Automotive Web Portal in Malayalam

കിടുക്കാച്ചി ഐറ്റം; അപ്രീലിയ എസ്എക്സ്ആർ 160

മാക്സി സ്കൂട്ടറിന് 1,25,997 രൂപയാണ് പുണെ എക്സ് ഷോറൂം വില  

അപ്രീലിയ എസ്എക്‌സ്ആര്‍ 160 ഇന്ത്യന്‍ വിപണിയില്‍ പിയാജിയോ അവതരിപ്പിച്ചു. 1,25,997 രൂപയാണ് മാക്‌സി സ്‌കൂട്ടറിന് പുണെ എക്‌സ് ഷോറൂം വില. ബുക്കിംഗ് നേരത്തെ ആരംഭിച്ചിരുന്നു. 5,000 രൂപയാണ് ബുക്കിംഗ് തുക. നീല, കറുപ്പ്, ചുവപ്പ്, ഗ്ലോസി വൈറ്റ് എന്നീ നാല് നിറങ്ങളില്‍ അപ്രീലിയ എസ്എക്‌സ്ആര്‍ 160 ലഭിക്കും. ബോഡി സ്‌റ്റൈല്‍ പരിഗണിക്കുമ്പോള്‍ സുസുകി ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125 സ്‌കൂട്ടറാണ് ഏക എതിരാളി.

ഈ വർഷം ഫെബ്രുവരിയിൽ നടന്ന ഡെൽഹി ഓട്ടോ എക്സ്പോയിൽ അപ്രീലിയ എസ്എക്സ്ആർ 160 അനാവരണം ചെയ്തിരുന്നു. സ്കൂട്ടറിൻ്റെ മാക്സി സ്റ്റൈലിംഗ് ഏറെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. സ്പോർട്ടി രൂപകൽപ്പനയോടെയാണ് അപ്രീലിയ എസ്എക്സ്ആർ 160 വരുന്നത്. നീളമേറിയ ബോഡി പാനലുകൾ, ഉയരമേറിയ വിൻഡ്സ്ക്രീൻ, ഉയർന്ന ഹാൻഡിൽബാർ എന്നിവ ലഭിച്ചു.  

അപ്രീലിയ എസ്ആർ സ്കൂട്ടറുകളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കൂടുതൽ ഫീച്ചറുകൾ ലഭിച്ചു. പൂർണ ഡിജിറ്റലായ എൽസിഡി കൺസോൾ, എല്ലായിടത്തും എൽഇഡി ലൈറ്റിംഗ്, അടയ്ക്കാൻ കഴിയുന്ന ഗ്ലവ് ബോക്സ്, യുഎസ്ബി ചാർജിംഗ് പോർട്ട് എന്നിവ സവിശേഷതകളാണ്.  

അപ്രീലിയ എസ്ആര്‍ 160 സ്‌കൂട്ടറിലെ എന്‍ജിന്‍ ഉള്‍പ്പെടെയുള്ള ഹാര്‍ഡ്‌വെയര്‍ പാക്കേജ് പരിഷ്‌കാരങ്ങളോടെ പുതിയ സ്‌കൂട്ടറില്‍ ഇടം കണ്ടെത്തി. 160 സിസി, 3 വാല്‍വ് എന്‍ജിന്‍ ഉല്‍പ്പാദിപ്പിക്കുന്നത് 10.7 ബിഎച്ച്പി കരുത്തും 11.6 എന്‍എം ടോര്‍ക്കുമാണ്. 12 ഇഞ്ച് അലോയ് വീലുകളിലാണ് അപ്രീലിയ എസ്എക്‌സ്ആര്‍ 160 ഓടുന്നത്. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കും സസ്‌പെന്‍ഷന്‍ നിര്‍വഹിക്കുന്നു. ഡിസ്‌ക്-ഡ്രം ഉള്‍പ്പെടുന്നതാണ് ബ്രേക്കിംഗ് സംവിധാനം. സിംഗിള്‍ ചാനല്‍ എബിഎസ് സുരക്ഷാ ഫീച്ചറാണ്. ഏഴ് ലിറ്റര്‍ ശേഷിയുള്ളതാണ് ഇന്ധന ടാങ്ക്.