Top Spec

The Top-Spec Automotive Web Portal in Malayalam

ഇന്ത്യയിൽ പുതിയ നാഴികക്കല്ല് താണ്ടി കിയ

ഇന്ത്യയിൽ ഒരു ലക്ഷം കണക്റ്റഡ് കാറുകൾ വിറ്റു  

ദക്ഷിണ കൊറിയൻ കാർ നിർമാതാക്കളായ കിയ മോട്ടോഴ്സ് ഇന്ത്യയിൽ ഇതുവരെ വിറ്റത് ഒരു ലക്ഷം കണക്റ്റഡ് കാറുകൾ. വിവിധ മോഡലുകളുടെ ടോപ് സ്പെക് വേരിയൻ്റിൽ ‘യുവോ കണക്റ്റ്’ കണക്റ്റഡ് സാങ്കേതികവിദ്യയാണ് കിയ നൽകുന്നത്. പുതിയ നാഴികക്കല്ല് താണ്ടിയത് കിയ മോട്ടോഴ്സിന് ഇന്ത്യയിൽ അഭിമാനിക്കാവുന്ന നേട്ടമായി.

ഇന്ത്യയിൽ ആകെ വിൽപ്പനയുടെ 55 ശതമാനത്തിലധികം കാറുകളിൽ ‘യുവോ’ നൽകിയതായി കിയ മോട്ടോഴ്സ് ഇന്ത്യ പ്രസ്താവനയിൽ അറിയിച്ചു. കിയ സെൽറ്റോസ് മോഡലിൻ്റെ ജിടിഎക്സ് പ്ലസ് ഡിസിടി 1.4 ലിറ്റർ ടർബോ പെട്രോൾ എൻജിൻ വകഭേദമാണ് ഏറ്റവുമധികം വിറ്റുപോയത്. ആകെ വിറ്റ കണക്റ്റഡ് കാറുകളിൽ 15 ശതമാനത്തോളം ഈ വേരിയൻ്റാണ് സംഭാവന ചെയ്തത്. ഇന്ത്യയിൽ തങ്ങൾ രണ്ട് കാറുകൾ വിൽക്കുമ്പോൾ അതിലൊന്ന് കണക്റ്റഡ് ആയിരിക്കുമെന്ന സ്ഥിതിവിശേഷമാണ് നിലവിലെന്ന് കിയ അറിയിച്ചു.  

മൂന്നുവർഷത്തേക്ക് സൗജന്യ സബ്സ്ക്രിപ്ഷനോടെയാണ് ഉപയോക്താക്കൾക്ക് ‘യുവോ കണക്റ്റ്’ ലഭ്യമാക്കുന്നത്. കാറിനകത്തെ ഇൻഫൊടെയ്ൻമെൻ്റ് സിസ്റ്റവുമായി തങ്ങളുടെ സ്മാർട്ട്ഫോൺ/സ്മാർട്ട് വാച്ച് ലിങ്ക് ചെയ്താൽ കണക്റ്റഡ് കാർ അനുഭവം ലഭിക്കും. കോളിംഗ്, കാലാവസ്ഥ വിവരങ്ങൾ, ക്രിക്കറ്റ് സ്കോർ, മീഡിയ കൺട്രോൾ, നാവിഗേഷൻ കൺട്രോൾ തുടങ്ങി ആകെ 57 സ്മാർട്ട് ഫീച്ചറുകളാണ് വാഗ്ദാനം ചെയ്യുന്നത്. റിമോട്ട് എൻജിൻ സ്റ്റാർട്ട്/സ്റ്റോപ്പ്, ഓട്ടോ കൊളീഷൻ നോട്ടിഫിക്കേഷൻ, ലൈവ് കാർ ട്രാക്കിംഗ്, സ്റ്റോളൻ വെഹിക്കിൾ ഇമ്മൊബിലൈസേഷൻ എന്നിവയാണ് ചില സുരക്ഷാ ഫീച്ചറുകൾ. 

ഇന്ത്യയിൽ ആദ്യ കാർ മോഡൽ അവതരിപ്പിച്ചതു മുതൽ സാങ്കേതികവിദ്യയ്ക്ക് പ്രാധാന്യം നൽകിയിരുന്നതായി കിയ മോട്ടോഴ്സ് ഇന്ത്യ എംഡി & സിഇഒ കുഖ്യുൻ ഷിം പറഞ്ഞു. കാർ കണക്റ്റിവിറ്റിയുമായി ബന്ധപ്പെട്ട് പുതിയ നാഴികക്കല്ല് താണ്ടിയതിൽ ആവേശഭരിതനാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.