Top Spec

The Top-Spec Automotive Web Portal in Malayalam

തിരുവനന്തപുരത്ത് രണ്ട് ഡീലർഷിപ്പ് ഫസിലിറ്റികളുമായി ബിഎംഡബ്ല്യു

സാബു ജോണി നേതൃത്വം നൽകുന്ന ഇവിഎം ഓട്ടോക്രാഫ്റ്റാണ് ഡീലർ 

തിരുവനന്തപുരത്ത് ‘ബിഎംഡബ്ല്യു ഫസിലിറ്റി നെക്സ്റ്റ്’ പ്രവര്‍ത്തനമാരംഭിച്ചു. ബിഎംഡബ്ല്യു കാറുകളും ബിഎംഡബ്ല്യു മോട്ടോറാഡ് മോട്ടോര്‍സൈക്കിളുകളും ഒരു മേല്‍ക്കൂരയ്ക്കു കീഴില്‍ വില്‍ക്കുകയാണ് ഇതുവഴി ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ ലക്ഷ്യമിടുന്നത്. വഞ്ചിയൂരിലാണ് ഷോറൂം തുറന്നത്. ഇതേസമയം കൊച്ചുവേളിയില്‍ സര്‍വീസ് കേന്ദ്രം പ്രവര്‍ത്തനം തുടങ്ങി. സാബു ജോണി നേതൃത്വം നല്‍കുന്ന ഇവിഎം ഓട്ടോക്രാഫ്റ്റാണ് ഡീലര്‍. തിരുവനന്തപുരത്തെ ഏറ്റവും വലിയ ബിഎംഡബ്ല്യു ഷോറൂം, സര്‍വീസ് കേന്ദ്രം എന്നിവയാണ് ഉദ്ഘാടനം ചെയ്തത്. കേരളത്തില്‍ ഇവിഎം ഓട്ടോക്രാഫ്റ്റിന്റെ അഞ്ചാമത്തെ ഫസിലിറ്റിയാണ് തുറന്നത്.

14,000 ചതുരശ്ര അടി വിസ്തീർണമുള്ളതാണ് ഷോറൂം. അഞ്ച് ബിഎംഡബ്ല്യു കാറുകളും ‘ബിഎംഡബ്ല്യു പ്രീമിയം സെലക്ഷൻ’ (പ്രീ-ഓൺഡ്) വിഭാഗത്തിനായി മൂന്ന് കാറുകളും പ്രദർശിപ്പിക്കാൻ കഴിയും. മാത്രമല്ല, വർച്ച്വൽ റിയാലിറ്റി ഉപയോഗപ്പെടുത്തിയുള്ള ‘എക്സ്പീരിയൻസ് സോൺ’ കൂടി സജ്ജീകരിച്ചു. ബിഎംഡബ്ല്യു ഉൽപ്പന്നങ്ങൾ സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങൾ ഉപയോക്താക്കൾക്ക് ഇവിടെ അറിയാൻ കഴിയും.

  

ആറ് മോട്ടോർസൈക്കിളുകൾ പ്രദർശിപ്പിക്കാൻ കഴിയുന്നതാണ് ബിഎംഡബ്ല്യു മോട്ടോറാഡ് വിഭാഗം. കൂടാതെ ഏറ്റവും പുതിയ ലൈഫ്സ്റ്റൈൽ ശേഖരവും ആക്സസറികളും ഡിസ്പ്ലേ ചെയ്യും. ഉപയോക്താക്കൾക്ക് ഒരു കപ്പ് കാപ്പി ആസ്വദിച്ച് സെയിൽസ് എക്സിക്യൂട്ടീവുകളുമായി വാഹനത്തെ സംബന്ധിച്ച വിശദാംശങ്ങൾ ചോദിച്ചറിയുന്നതിന് ശാന്തമായ അന്തരീക്ഷം ഒരുക്കി.

  

21,000 ചതുരശ്ര അടി വിസ്തൃതിയുള്ളതാണ് വർക്ക് ഷോപ്പ്. അഞ്ച് മെക്കാനിക്കൽ സർവീസ് ബേ, നാല് പെയിൻ്റ് & ബോഡി ഷോപ്പ് ബേ എന്നിവ സജ്ജീകരിച്ചു. ഏറ്റവും പുതിയ ഉപകരണങ്ങൾ, ‘ബിഎംഡബ്ല്യു ലൈഫ്സ്റ്റൈൽ’, ആക്സസറികൾ എന്നിവയോടെയാണ് പ്രവർത്തനം തുടങ്ങിയത്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഷോറൂം, വർക്ക്‌ ഷോപ്പ് എന്നിവയുടെ പരിസരങ്ങളും വർക്ക്‌ ഷോപ്പ് ഉപകരണങ്ങളും സാനിറ്റൈസ് ചെയ്യും.