Top Spec

The Top-Spec Automotive Web Portal in Malayalam

ബജാജ് ഓട്ടോ 650 കോടി രൂപയുടെ നിക്ഷേപം നടത്തും

മഹാരാഷ്ട്രയിലെ ചാകണിൽ പുതിയ മാനുഫാക്ച്ചറിംഗ് പ്ലാൻ്റ് സ്ഥാപിക്കും

മഹാരാഷ്ട്രയിലെ ചാകണിൽ പുതിയ മാനുഫാക്ച്ചറിംഗ് പ്ലാൻ്റ് സ്ഥാപിക്കുന്നതിന് ബജാജ് ഓട്ടോ 650 കോടി രൂപയുടെ നിക്ഷേപം നടത്തും. ഇതുസംബന്ധിച്ച് മഹാരാഷ്ട്ര സർക്കാരുമായി ബജാജ് ഓട്ടോ ധാരണാപത്രം ഒപ്പുവെച്ചു.  

പുതിയ പ്ലാന്റില്‍ 2023 ല്‍ ഉല്‍പ്പാദനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഹൈ-എന്‍ഡ് കെടിഎം, ഹൂസ്‌ക്‌വാണ, ട്രയംഫ് മോട്ടോര്‍സൈക്കിളുകള്‍ കൂടാതെ ചേതക് മുതല്‍ ഇലക്ട്രിക് വാഹനങ്ങളും നിര്‍മിക്കുന്നത് ഇവിടെ ആയിരിക്കും.

ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍, ഇലക്ട്രിക് സ്‌കൂട്ടര്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളിലാണ് സ്വീഡിഷ് ബ്രാന്‍ഡായ ഹൂസ്‌ക്‌വാണ. ഈ രണ്ട് മോഡലുകളും 2023 നുമുമ്പ് നിര്‍മിച്ചുതുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ധാരണാപത്രമനുസരിച്ച്, സംസ്ഥാന സർക്കാരിൻ്റെ നിലവിലെ നയങ്ങളും ചട്ടങ്ങളും അനുസരിച്ച് ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് ആവശ്യമായ എല്ലാ അനുമതികളും രജിസ്ട്രേഷനുകളും ക്ലിയറൻസുകളും സാമ്പത്തിക ആനുകൂല്യങ്ങളും നേടിയെടുക്കുന്നതിന് ബജാജ് ഓട്ടോയെ മഹാരാഷ്ട്ര സർക്കാർ സഹായിക്കും.